റയില്‍വേ ട്രാക്കിലോടും സ്മാര്‍ട്ട്
Posted on: Tuesday, Jun 30, 2015   5:00 PMജയിംസ് ബോണ്ട് ചിത്രമായ ഒക്ടോപസിയില്‍ , നായകനായ റോഗര്‍ മൂര്‍ അതിസാഹസികമായി തന്റെ മെഴ്‍സിഡീസ് ബെന്‍സ് 250 എസ്‍ഇ കാറിനെ റയില്‍വേ ട്രാക്കിലൂടെ പായിക്കുന്ന രസകരമായ ഒരു രംഗമുണ്ട്. ഇതിനു സമാനമായ ഒരു പ്രകടനം അടുത്തിടെ ലണ്ടനില്‍ നടന്നു. മെഴ്‍സിഡീസ് ബെന്‍സിന്റെ ചെറുകാറായ സ്മാര്‍ട്ട് ഫോര്‍ ഫോറാണ് സസക്സിലെ സ്വകാര്യമേഖലയിലുള്ള ബ്ലൂബെല്‍ റയില്‍വേയുടെ ട്രാക്കിലൂടെ പാഞ്ഞത്. ട്രാക്കിലൂടെ 16.1 കിമീ ദൂരം സ്മാര്‍ട്ട് ഓടി. 


ബ്രിട്ടീഷ് ട്രെയിന്‍ നിര്‍മാതാക്കളായ ഇന്റര്‍ഫ്ലീറ്റാണ് നാല് പേര്‍ക്ക് യാത്രചെയ്യാവുന്ന സിറ്റി കാറിനെ സ്മാര്‍ട്ട് ഫോര്‍ റയില്‍ എന്ന കുഞ്ഞന്‍ ട്രെയിനായി മാറ്റിയത്. 16 ലീറ്റര്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന 70 ടണ്‍ ലോക്കോമോട്ടീവ് നിര്‍മിക്കുന്ന ഇന്റര്‍ഫ്ലീറ്റ് ആറു മാസം കൊണ്ടാണ് സ്മാര്‍ട്ട്ഫോര്‍ ഫോറിനെ സ്മാര്‍ട്ട് ഫോര്‍ റയിലായി മാറ്റിയത്. എണ്‍പത് കിലോഗ്രാം വീതം ഭാരമുള്ള 22 ഇഞ്ച് സ്റ്റീല്‍ വീലുകളാണ് കാറില്‍ ഘടിപ്പിച്ചത്. ഒരു ടണ്‍ ഭാരമുള്ള സ്മാര്‍ട്ട്ഫോര്‍ റയിലിന്റെ എന്‍ജിനു മാറ്റം വരുത്തിയില്ല. 999 സിസി പെട്രോള്‍ എന്‍ജിനാണ് ട്രാക്കിലോടിയ സ്മാര്‍ട്ടിനും കരുത്തേകിയത്. സ്റ്റിയറിങ്ങിന്റെ ആവശ്യമില്ലാത്തതുകൊണ്ടുതന്നെ അതു വേര്‍പെടുത്തിയിരുന്നു. വീലുകള്‍ ലോക്ക് ഒരേ സ്ഥാനത്ത് അനക്കം കൂടാതെ വയ്ക്കാന്‍ ആക്സിലുകള്‍ക്കിടയില്‍ പ്രത്യേകം അലുമിനിയം താങ്ങുകള്‍ നല്‍കി. ആരും അനുകരിക്കരുതെന്ന് വീഡിയോ തുടങ്ങുമ്പോള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അത് എന്തിനാണെന്ന് മാത്രം മനസിലാകുന്നില്ല. ട്രെയിന്റെ വീലും ട്രാക്കും ഒക്കെ അത്ര സുലഭമായി കിട്ടുന്ന കാര്യങ്ങളല്ലല്ലോ.Related Stories
TOP