Home  >  Registration >   Registration Details
ഫോം ജി മാനദണ്ഡങ്ങളില്‍ മാറ്റം
അലന്‍ ഹാഷിം
Posted on: Tuesday, Jan 03, 2017   2:00 PM



നിശ്ചിത കാലത്തേക്കു നിരത്തില്‍ ഇറക്കേണ്ടെന്ന് ഉടമ തീരുമാനിക്കുന്ന വാഹനങ്ങള്‍ക്കു റോഡ് നികുതി ഒഴിവാക്കുന്നതിനായുള്ള അപേക്ഷയുടെ (ഫോം ജി ) മാനദണ്ഡങ്ങളില്‍ കേരള മോട്ടോര്‍ വാഹനവകുപ്പ് മാറ്റം വരുത്തി. ഇത്തരം സ്റ്റോപ്പേജ് ഇന്റിമേഷന്‍ അപേക്ഷകല്‍ ഇനി മുന്‍കൂറായി സമര്‍പ്പിക്കുകയും ഫീസ് അടയ്ക്കുകയും വേണം.


സര്‍വീസ് നിര്‍ത്തിവച്ച് ഏഴു ദിവസത്തിനുള്ളില്‍ അപേക്ഷിച്ചാല്‍ മതിയെന്നതാണ് ഇതുവരെ ഉണ്ടായിരുന്ന വ്യവസ്ഥ. ഇനി സര്‍വീസ് നിര്‍ത്തുന്നതിനു 30 ദിവസം മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. അതായത് ജനുവരി ഒന്നു മുതല്‍ നികുതി അടയ്ക്കുന്നതില്‍ നിന്നും ഒഴിവാക്കുന്നതിനുള്ള അപേക്ഷ ഡിസംബര്‍ 31 ന് മുമ്പ് സമര്‍പ്പിക്കേണ്ടതാണ്. മൂന്ന് മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള നികുതി ഇളവാണ് റോഡിലിറക്കാത്ത വാഹനങ്ങളുടെ ഉടമകള്‍ക്ക് അനുവദിച്ചിരിക്കുന്നത്.


കഴിഞ്ഞ വര്‍ഷം വരെ ഫോം ജി  സമര്‍പ്പിക്കുന്നതിന് ഫീസ് ഈടാക്കിയിരുന്നില്ല. ഇനിമുതല്‍ താഴെ കൊടുത്തിരിക്കുന്നതു പ്രകാരം ഫീസ് അടയ്ക്കണം.


ഇരുചക്ര മുച്ചക്ര വാഹനങ്ങള്‍ - 50 രൂപ.


കാര്‍-100 രൂപ.


ഇരുചക്ര- മുച്ചക്ര ട്രാന്‍സ്പോര്‍ട് വാഹനങ്ങള്‍ - 100 രൂപ.


ലൈറ്റ് മോട്ടോര്‍ ട്രാന്‍സ്‍പോര്‍ട് വാഹനങ്ങള്‍ - 200 രൂപ.


മീഡിയം മോട്ടോര്‍ ട്രാന്‍സ്പോര്‍ട് വാഹനങ്ങള്‍ -300 രൂപ.


ഹെവി മോട്ടോര്‍ ട്രാന്‍സ്പോര്‍ട് വാഹനങ്ങള്‍  -400 രൂപ.


പരിഷ്കരിച്ച ഫോം ജി ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.


നികുതി കുടിശികയുള്ള വാഹനങ്ങള്‍ക്കും പിന്നീടുള്ള കാലയളവിലേയ്ക്ക് ഫോം ജി ഫയല്‍ ചെയ്യാവുന്നതാണ്. ഫോം ജി സമര്‍പ്പിച്ച ശേഷം നികുതി അടയ്ക്കാതെ വാഹനം ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ ആ വാഹനത്തിനു നിലവിലുള്ള നികുതിയുടെ ഇരട്ടിത്തുക പിഴയായി ഈടാക്കും.



Related Stories







TOP

Designed and developed by EGGS