Home  >  Driving licence  >   Driving licence Details
‍ഡ്രൈവിങ് ലൈസന്‍സ് നേടാം
സ്വന്തം ലേഖകന്‍


ഡ്രൈവിങ് ലൈസന്‍സ് നേടുന്നതിലെ ആദ്യ പടിയാണ് ലേണേഴ്സ് ലൈസന്‍സ്. അപേക്ഷകന് 18 വയസ് പൂര്‍ത്തിയായിരിക്കണം. എന്നാല്‍ 50 സിസിയില്‍ താഴെ എന്‍ജിന്‍ കപ്പാസിറ്റിയുള്ള മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്നതിന് 16 വയസ്സു തികഞ്ഞാല്‍ മതി. അപേക്ഷകന്‍ താമസിക്കുന്ന സ്ഥലത്തോ പഠിക്കാനുദ്ദേശിക്കുന്ന ഡ്രൈവിങ് സ്കൂള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തോ ഉള്ള റീജണല്‍ അല്ലെങ്കില്‍ സബ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിലാണ് അപേക്ഷിക്കേണ്ടത്.

ഫോം 2 ലുള്ള അപേക്ഷ, മേല്‍വിലാസവും പൌരത്വവും തെളിയിക്കുന്ന രേഖകള്‍ (പാസ്പോര്‍ട്ട്, എസ്എസ്എല്‍സി ബുക്ക്, റേഷന്‍ കാര്‍ഡ്, സര്‍ക്കാര്‍- അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്നുള്ള ശമ്പള സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് മുതലായവയില്‍ ഒന്നിന്റെ അറ്റസ്റ്റ് ചെയ്ത കോപ്പി), ഫോം-1 എ യിലുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് (സ്വകാര്യ വാഹനം ഓടിക്കുന്നതിനുള്ള ലൈസന്‍സിനു ഇതു ബാധകമല്ല),ഫോം 3, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ മൂന്നെണ്ണം, അംഗീകൃത നേത്രപരിശോധന വിദഗ്ധനില്‍ നിന്നും ലഭിച്ച സര്‍ട്ടിഫിക്കറ്റ്, ഫീസ് അടച്ചതിന്റെ രസീത് എന്നിവയുമായി നിശ്ചിത ദിവസങ്ങളില്‍ നടത്തുന്ന കമ്പ്യൂട്ടര്‍ ടെസ്റ്റിനായി ഹാജരാകണം. ട്രാഫിക് സിഗ്നലുകള്‍, ചിഹ്നങ്ങള്‍, ഗതാഗത നിയമങ്ങള്‍, വാഹനത്തില്‍ സൂക്ഷിക്കേണ്ട രേഖകള്‍, ‍ഡ്രൈവറുടെ ചുമതലകള്‍ എന്നിവ സംബന്ധിച്ചുള്ള ചോദ്യങ്ങളാണ് ടെസ്റ്റിലുണ്ടാകുക. പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് ആറു മാസം കാലാവധിയുള്ള ലേണേഴ്സ് ലൈസന്‍സ് ലഭിക്കും.

ലേണേഴ്സ് ലൈസന്‍സ് പുതുക്കാവുന്നതല്ല. കാലാവധി തീര്‍ന്നാല്‍ ഓരോ വാഹനത്തിനും 30 രൂപ വീതം ഫീസ് അടച്ച് വീണ്ടും ടെസ്റ്റിനു ഹാജരാകണം. ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍ 30 രൂപ ഫീസടച്ച് അടുത്ത ദിവസം വീണ്ടും ടെസ്റ്റില്‍ പങ്കെടുക്കാം.ഡ്രൈവിങ് പരിശീലനം നേടുന്നവരില്‍ റോഡ് സുരക്ഷയെപ്പറ്റി അവബോധം വളര്‍ന്നതിനായി പ്രത്യേക ക്ലാസുകള്‍ മോട്ടോര്‍ വാഹന വകുപ്പ് സംഘടിപ്പിക്കുന്നുണ്ട്. ലേണേഴ്സ് ലൈസന്‍സ് എടുത്ത ശേഷം റോഡ് സുരക്ഷാ ക്ലാസില്‍ പങ്കെടുക്കേണ്ടതാണ്. അല്ലാത്ത പക്ഷം ഡ്രൈവിങ് ടെസ്റ്റിന് ഹാജരാകാന്‍ അര്‍ഹതയുണ്ടാവില്ല.


ഡ്രൈവിങ് ടെസ്റ്റ്


ലേണേഴ്സ് ലൈസന്‍സ് ലഭിച്ച് 30 ദിവസത്തിനുശേഷം, അപേക്ഷകന് അനുവദിച്ചിട്ടുള്ള തീയതിയില്‍ ഡ്രൈവിങ് ടെസ്റ്റിനു ഹാജരാകേണ്ടതാണ്.


സമര്‍പ്പിക്കേണ്ട രേഖകള്‍



  • ഫോം 4 ലുള്ള അപേക്ഷ

  • സാധുതയുള്ള ലേണേഴ്സ് ലൈസന്‍സ്

  • ഫീസ് അടച്ചതിന്റെ രസീത് ( ഒരു തരം വാഹനത്തിന് 250 രൂപയും അധികമായുള്ള ഓരോന്നിനും 50 രൂപ വീതവും)

  • പാസ്പോര്‍ട്ട് സൈസ് ഫോട്ടോ മൂന്നെണ്ണം

  • അംഗീകൃത നേത്രപരിശോധന വിദഗ്ധനില്‍ നിന്നും ലഭിച്ച സര്‍ട്ടിഫിക്കറ്റ്

  • ടെസ്റ്റിനു ഹാജരാക്കുന്ന വാഹനത്തിന്റെ അസ്സല്‍ ബുക്കും പേപ്പറും


ലൈസന്‍സ് തപാല്‍ വഴി ലഭിക്കുന്നതിന് മതിയായ സ്റ്റാംപ് പതിച്ച് മേല്‍വിലാസം എഴുതിയ കവര്‍ കൂടി നല്‍കണം. പ്രായോഗിക പരീക്ഷയില്‍ അപേക്ഷകന്റെ ഡ്രൈവിങ് പ്രാഗത്ഭ്യവും അനുബന്ധകാര്യങ്ങളിലുള്ള അറിവും പരിശോധിക്കും.ടെസ്റ്റ് വിജയിച്ചാല്‍ രസീത് നല്‍കുന്നതും ലൈസന്‍സ് തപാലിലൂടെ അയച്ചു തരുന്നതാണ്. പരാജയപ്പെട്ടാല്‍ ഓരോ തരം വാഹനത്തിനും 50 രൂപ വീതം ഫീസ് അടച്ച് പതിനഞ്ചാം ദിവസം വീണ്ടും ടെസ്റ്റില്‍ പങ്കെടുക്കാം. മൂന്നു തവണ പരാജയപ്പെട്ടാല്‍ 60 ദിവസത്തിനു ശേഷേമ വീണ്ടും ഹാജരാകാന്‍ കഴിയൂ. അനുവദിച്ചിട്ടുള്ള തീയതിയില്‍, ഏതെങ്കിലും കാരണവശാല്‍ ടെസ്റ്റിനു ഹാജരാകാന്‍ കഴിയാതെ പോയാല്‍ നാലാമത്തെ ആഴ്ച അതേ ദിവസം ഹാജരാകാം.



Related Stories







TOP

Designed and developed by EGGS