Home  > News  >  News Details
പരിഷ്കരിച്ച ഫോഡ് ഇക്കോസ്പോര്‍ട് നവംബര്‍ ഒമ്പതിന്
സ്വന്തം ലേഖകന്‍
Posted on: Tuesday, Oct 31, 2017   1:56 PM


സബ് കോംപാക്ട് എസ്‍യുവി വിപണിയില്‍ ജനപ്രീതി നേടിയ ഫോഡ് ഇക്കോസ്പോര്‍ടിന്റെ നവീകരിച്ച പതിപ്പ് നവംബര്‍ ഒമ്പതിന് വിപണിയിലെത്തും. മാരുതി വിറ്റാര ബ്രെസയെ നേരിടാന്‍ അകത്തും പുറത്തും പരിഷ്കാരങ്ങളുമായാണ് നവീകരിച്ച പതിപ്പ് എത്തുന്നത്. ശേഷി കൂടിയ പുതിയ പെട്രോള്‍ എന്‍ജിനും ഇതിനുണ്ട്. ഫോഡിന്റെ പുതിയ ഡ്രാഗണ്‍ ശ്രേണിയില്‍ പെടുന്ന 1.5 ലീറ്റര്‍ , മൂന്ന് സിലിണ്ടര്‍ , പെട്രോള്‍ എന്‍ജിന് 123 ബിഎച്ച്പിയാണ് കരുത്ത്. 1.5 ലീറ്റര്‍ ( 100 ബിഎച്ച്പി ) ഡീസല്‍ എന്‍ജിന്‍ നിലനിര്‍ത്തിയിട്ടുണ്ട്. അഞ്ച് സ്പീഡ് മാന്വല്‍ , ആറ് സ്പീഡ് ഓട്ടോമാറ്റിക് വേരിയന്റുകള്‍ ലഭ്യമാണ്. നിലവിലുള്ള ഒരു ലീറ്റര്‍ , ഇക്കോബൂസ്റ്റ് ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ നവീകരിച്ച ഇക്കോസ്പോര്‍ടിന് ഉപയോഗിക്കുമോ എന്നു വ്യക്തമല്ല.
Ford Ecosport 2017
പുതിയ ഗ്രില്‍ , എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാംപുകളുള്ള പ്രൊജക്ടര്‍ ഹെഡ്‍ലാംപ്, പുതിയ രൂപകല്‍പ്പനയുള്ള 17 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയാണ് ബാഹ്യഭാഗത്തെ പ്രധാന മാറ്റങ്ങള്‍ . ബ്ലൂ, റെഡ് എന്നീ പുതിയ ബോഡി നിറങ്ങളും നല്‍കിയിട്ടുണ്ട്. 6.5 ഇഞ്ച് അല്ലെങ്കില്‍ എട്ട് ഇഞ്ച് ( വകഭേദത്തെ ആശ്രയിച്ച്) ടച്ച് സ്ക്രീനുള്ള പുതിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുതിയ സീറ്റ് അപ്ഹോള്‍സ്റ്ററി എന്നിവ ഇന്റിരിയരിലെ പ്രധാന പുതുമകളാണ്. നവീകരിച്ച ഇക്കോസ്പോര്‍ടിന്റെ അടിസ്ഥാന വകഭേദത്തിനു പോലും രണ്ട് എയര്‍ബാഗുകളും എബിസും നല്‍കിയിട്ടുണ്ട്.


പുതിയ ഇക്കോസ്പോര്‍ടിന്റെ 80 ശതമാനവും തദ്ദേശീയമായാണ് നിര്‍മിച്ചിരിക്കുന്നതെന്ന് ഫോഡ് ഇന്ത്യ പറയുന്നു. മുമ്പ് ഇത് 65 ശതമാനമായിരുന്നു. എതിരാളികളുമായി താരതമ്യം ചെയ്യുമ്പോള്‍ 40 ശതമാനം വിലക്കുറവ് ഇക്കോസ്പോര്‍ടിന്റെ സ്പെയര്‍പാര്‍ടിന് ഉണ്ടെന്ന് ഫോഡ് അവകാശപ്പെടുന്നു.



Related Stories
TOP