Home  > News  >  News Details
ഹോണ്ട സിറ്റി വില്‍പ്പന രണ്ടരലക്ഷം കടന്നു
സ്വന്തം ലേഖകന്‍
Posted on: Friday, Jun 30, 2017   9:15 AM


നാലാം തലമുറ ഹോണ്ട സിറ്റിയുടെ വില്‍പ്പന 2.50 ലക്ഷം കവിഞ്ഞു. ഹോണ്ട കാര്‍സ് ഇന്ത്യയുടെ ഏറ്റവും വില്‍പ്പനയുള്ള മോഡലായ സിറ്റിയുടെ നാലാം തലമുറ 2014 ജനുവരിയിലാണ് വിപണിയിലെത്തിയത്. പെട്രോള്‍ സിറ്റിയ്ക്കാണ് കൂടുതല്‍ ആവശ്യക്കാരെന്ന് വില്‍പ്പന കണക്കുകള്‍ സൂചിപ്പിക്കുന്നു. 2017 ജൂണ്‍ വരെ വില്‍പ്പന നടന്ന 2,50,274 സിറ്റികളില്‍ 61 ശതമാനവും പെട്രോള്‍ വകഭേദമാണ്. മാന്വല്‍ ട്രാന്‍സ്മിഷനുള്ള സിറ്റിയാണ് ആകെ വില്‍പ്പനയുടെ 70 ശതമാനവും.
Honda City
ഇന്ത്യയില്‍ ഹോണ്ടയുടെ ആദ്യമോഡലായി 1998 ജനുവരിയിലാണ് സിറ്റി എത്തിയത്. ജപ്പാന്‍ വിപണിയിലെ മൂന്നാം തലമുറ സിറ്റിയായിരുന്നു അത്. ഇതിനോടകം 6.80 ലക്ഷം സിറ്റികള്‍ ഇന്ത്യന്‍ നിരത്തിലിറങ്ങിയിട്ടുണ്ട്. സിറ്റിയുടെ ആഗോളവില്‍പ്പനയുടെ 25 ശതമാനവും ഇന്ത്യയില്‍ നിന്നുള്ളതാണ്.


നിലവില്‍ അറുപത് രാജ്യങ്ങളില്‍ ഹോണ്ട സിറ്റി വില്‍പ്പനയ്ക്കുണ്ട്. വിപണിയിലെത്തിയതുമുതലുള്ള കണക്കനുസരിച്ച് 35 ലക്ഷം സിറ്റികള്‍ വില്‍പ്പന നടന്നിട്ടുണ്ട്. ഇതില്‍ 10 ലക്ഷം എണ്ണം നാലാം തലമുറ സിറ്റിയാണ്.
Honda City
മാരുതി സിയാസ് , ഫോക്സ്‍വാഗന്‍ വെന്റോ , നിസാന്‍ സണ്ണി , സ്കോഡ റാപ്പിഡ്  എന്നിവയാണ് ഇന്ത്യന്‍ വിപണിയില്‍ സിറ്റിയുടെ എതിരാളികള്‍ . 2017 ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ നവീകരിച്ച നാലാം തലമുറ സിറ്റിയാണ് ഇപ്പോള്‍ വിപണിയിലുള്ളത്. 1.5 ലീറ്റര്‍ ഐ വിടെക് പെട്രോള്‍ , 1.5 ലീറ്റര്‍ ഐ ഡി ടെക് ഡീസല്‍ എന്‍ജിന്‍ വകഭേദങ്ങള്‍ സിറ്റിയ്ക്കുണ്ട്. പെട്രോളിന് അഞ്ച് സ്പീഡ് മാന്വല്‍ , 7 സ്പീഡ് സിവിടി ഓട്ടോമാറ്റിക് ട്രാന്‍സ്‍മിഷന്‍ വകഭേദങ്ങളുണ്ട്. മൈലേജ് : ഓട്ടോമാറ്റിക് 18 കിമീ/ ലീറ്റര്‍ , മാന്വല്‍ 17.40 കിമീ / ലീറ്റര്‍ . ആറ് സ്പീഡ് മാന്വല്‍ ഗീയര്‍ബോക്സുള്ള ഡീസല്‍ സിറ്റിയ്ക്ക് 25.60 കിമീ/ ലീറ്റര്‍ മൈലേജ് കമ്പനി വാഗ്ദാനം ചെയ്യുന്നു. കൊച്ചി എക്സ്‍ഷോറൂം വില 8.77 ലക്ഷം രൂപ -13.90 ലക്ഷം രൂപ വരെ.



Related Stories
TOP