Home  > News  >  News Details
വോള്‍വോ ഇന്ത്യയില്‍ കാര്‍ ഉത്പാദിപ്പിക്കും
സ്വന്തം ലേഖകന്‍
Posted on: Friday, May 19, 2017   9:15 AM


സ്വീഡിഷ് വാഹനനിര്‍മാതാക്കളായ വോള്‍വോ ഇന്ത്യയില്‍ കാര്‍ ഉത്പാദനം ആരംഭിക്കുന്നു. ട്രക്ക്, ബസ് നിര്‍മാണം നടത്തുന്ന വോള്‍വോ ഗ്രൂപ്പ് ഇന്ത്യയുടെ സഹകരണത്തോടെയാണ് വോള്‍വോ കാര്‍സ് ഇതിനൊരുങ്ങുന്നത്. കര്‍ണാടകയിലെ ഹോസ്‍കോട്ട് പ്ലാന്റില്‍ അസംബിള്‍ ചെയ്യുന്ന ആദ്യ വാഹനം ഈ വര്‍ഷം തന്നെ വിപണിയിലെത്തും. ആഡംബര എസ്‍യുവിയായ എക്സ്‍സി 90 ആണ് ആദ്യം ഉത്പാദിപ്പിക്കുന്ന മോഡല്‍ .
Volvo XC90
സ്വീഡനില്‍ നിന്ന് ഇറക്കുമതി ചെയ്ത ഘടകങ്ങള്‍ കര്‍ണാടകയിലെ പ്ലാന്റില്‍ കൂട്ടിയോജിപ്പിച്ചാണ് വോള്‍വോ കാറുകള്‍ നിര്‍മിക്കുക. നിര്‍മാണം പൂര്‍ത്തിയാക്കി ഇറക്കുമതി ചെയ്യുന്ന കാറുകളെക്കാള്‍ നികുതി കുറവാണ് ഇന്ത്യയില്‍ അസംബിള്‍ ചെയ്യുന്ന കാറുകള്‍ക്ക്. അതുകൊണ്ടുതന്നെ മെയ്ഡ് ഇന്‍ ഇന്ത്യ വോള്‍വോ കാറുകള്‍ക്ക് പഴയതിലും വിലകുറക്കുറവുണ്ടാകും. മെഴ്‍സിഡീസ് ബെന്‍സ് ജിഎല്‍എസ് , ഔഡി ക്യു സെവന്‍ , ബിഎംഡബ്ല്യു എക്സ്‍ 5 എന്നീ മോഡലുകളുമായാണ് വോള്‍വോയുടെ ഏഴ് സീറ്റര്‍ എസ്‍യുവി മത്സരിക്കുന്നത്.
Volvo XC90
ഇന്ത്യയിലെ ആഡംബരകാര്‍ വിപണിയില്‍ വോള്‍വോ എത്തിയിട്ട് പത്ത് വര്‍ഷമായി. ഈ വിഭാഗത്തില്‍ അഞ്ച് ശതമാനത്തിനടുത്താണ് നിലവില്‍ വോള്‍വോയുടെ വിപണി വിഹിതം. 2020 ല്‍ ഇത് ഇരട്ടിയാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. കഴിഞ്ഞ വര്‍ഷം 1,400 ലേറെ വോള്‍വോ കാറുകള്‍ ഇന്ത്യയില്‍ വില്‍പ്പന നടന്നു. 2015 നെ അപേക്ഷിച്ച് 24 ശതമാനം അധികമാണിത്. എസ് 60 സെഡാന്‍, എസ് 60 ക്രോസ് കണ്‍ട്രി , വി 40 ഹാച്ച്ബാക്ക് , വി 40 ക്രോസ് കണ്‍ട്രി , എക്സ്‍സി60, എക്സ്‍സി 90 , എസ് 90 സെഡാന്‍ എന്നിങ്ങനെ ഏഴ് മോഡലുകള്‍ വോള്‍വോ ഇന്ത്യയില്‍ വില്‍പ്പന നടത്തുന്നുണ്ട്. കേരളത്തില്‍ ഏക ഡീലര്‍ഷിപ്പ് കൊച്ചിയിലാണ്.



Related Stories
TOP