Home  > News  >  News Details
ജനറല്‍ മോട്ടോഴ്സ് ഇന്ത്യന്‍ വിപണി വിട്ടു
സ്വന്തം ലേഖകന്‍
Posted on: Thursday, May 18, 2017   4:00 PM


അഭ്യൂഹം ഒടുവില്‍ യാഥാര്‍ഥ്യമായി. അമേരിക്കന്‍ വാഹനനിര്‍മാതാക്കളായ ജനറല്‍ മോട്ടോഴ്സ് ഇന്ത്യന്‍ വിപണി വിടുകയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2017 ഡിസംബര്‍ 31 നു ശേഷം ഷെവര്‍ലെ വാഹനങ്ങള്‍ രാജ്യത്ത് വില്‍പ്പനയ്ക്കുണ്ടാവില്ല. വര്‍ഷങ്ങളായി വില്‍പ്പന മോശമായ സാഹചര്യത്തിലാണ് കമ്പനി ഇത്തരമൊരു കടുത്ത തീരുമാനമെടുത്തത്. ഏതാനും മാസങ്ങളായി ആയിരത്തില്‍ പരം വാഹനങ്ങള്‍ മാത്രമാണ് ജനറല്‍ മോട്ടോഴ്സ് ഇന്ത്യയില്‍ വില്‍പ്പന നടത്തിയത്.


ഈ വര്‍ഷം ഏപ്രില്‍ 28 ന് ഗുജറാത്തിലെ ഹാലോള്‍ പ്ലാന്റ് ജിഎം അടച്ചുപൂട്ടിയിരുന്നു. ഇതോടെ കമ്പനിയുടെ പ്രവര്‍ത്തനം മഹാരാഷ്ട്രയിലെ തലേഗാവിലെ പ്ലാന്റില്‍ മാത്രമായി ചുരുങ്ങി. ഈ പ്ലാന്റില്‍ വിദേശത്തേയ്ക്ക് കയറ്രുമതി ചെയ്യാനുള്ള ബീറ്റ് ഹാച്ച്ബാക്ക് നിര്‍മിക്കാനാണ് ജനറല്‍ മോട്ടോഴ്‍സിന്റെ തീരുമാനം. മധ്യ- ദക്ഷിണ അമേരിക്കന്‍ , മെക്സിക്കോ വിപണികളിലേയ്ക്കാണ് കാറുകള്‍ കയറ്റുമതി ചെയ്യുന്നത്. ഈ വര്‍ഷം അവസാനത്തോടെ ബീറ്റിന്റെ സെഡാന്‍ പതിപ്പ് നിര്‍മിച്ച് ഇതേ വിപണികളില്‍ വില്‍പ്പന നടത്തും.
GM India
നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് വാറന്റിയും വില്‍പ്പനാനന്തര സേവനവും നല്‍കുമെന്ന് കമ്പനി ഉറപ്പുനല്‍കുന്നുണ്ട്. കസ്റ്റര്‍ സപ്പോര്‍ട്ട് സെന്റര്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും. കമ്പനി വില്‍പ്പന അവസാനിപ്പിച്ചാല്‍ നിലവിലുള്ള കാര്‍ ഉപഭോക്താക്കള്‍ക്ക് പത്ത് വര്‍ഷത്തേയ്ക്ക് സര്‍വീസും സ്പെയര്‍പാര്‍ട്സുകളും ലഭ്യമാക്കണമെന്ന നിയമമുണ്ട്.


മലീനീകരണ നിയന്ത്രണ നിയമങ്ങള്‍ തെറ്റിച്ചതിന്റെ പേരില്‍ 2013 ല്‍ ഷെവര്‍ലെ ടവേരയെ തിരിച്ചുവിളിയ്ക്കേണ്ടി വന്ന നടപടി മുതലാണ് ജനറല്‍ മോട്ടോഴ്സിന് കഷ്ടകാലം തുടങ്ങിയത്. തുടര്‍ന്നിങ്ങോട്ട് വില്‍പ്പന കുറയുന്ന സ്ഥിതിയുണ്ടായി. ഇന്ത്യന്‍ കാര്‍ വിപണിയില്‍ നിലവില്‍ ഒരു ശതമാനത്തില്‍ താഴെയാണ് ജിഎമ്മിന്റെ വിപണി വിഹിതം.



Related Stories
TOP