Home  > News  >  News Details
ഡബ്ല്യുആര്‍വിയ്ക്ക് മികച്ച സ്വീകരണം
സ്വന്തം ലേഖകന്‍
Posted on: Tuesday, Apr 04, 2017   2:00 PM


വിപണിയിലെത്തി ആദ്യ മാസം പിന്നിടുമ്പോള്‍ ഹോണ്ട ഡബ്ല്യുആര്‍വി 3,800 ലേറെ വില്‍പ്പന നേടി. മാരുതി വിറ്റാര ബ്രെസ, ഫോഡ് ഇക്കോസ്പോര്‍ട് മോഡലുകളോട് മത്സരിക്കുന്ന ഹോണ്ട സബ്കോംപാക്ട് ക്രോസ് ഓവര്‍ മാര്‍ച്ച് 16 നാണ് വിപണിയിലെത്തിയത്. വെറും 15 ദിവസം കൊണ്ട് ഡബ്ല്യുആര്‍വി ഇത്രയും വില്‍പ്പന നേടിയത് വലിയ കാര്യം.

മാര്‍ച്ചില്‍ 19,095 കാറുകളാണ് ഹോണ്ട വില്‍പ്പന നടത്തിയത്. ഫെബ്രുവരിയിലെ വില്‍പ്പനയേക്കാള്‍ 21.40 ശതമാനം അധികമാണിത്. ഹോണ്ട സിറ്റി 6,271 യൂണിറ്റ് വില്‍പ്പന നടന്നു. അതു കഴിഞ്ഞാല്‍ ഹോണ്ടയുടെ ഏറ്റവും വില്‍പ്പനയുള്ള മോഡലാണ് ഡബ്ല്യുആര്‍വി. 3,833 എണ്ണം വില്‍പ്പന നടന്നു.

ജാസിനെ അടിസ്ഥാനമാക്കിയാണ് നാലുമീറ്ററില്‍ താഴെ നീളമുള്ള അഞ്ച് സീറ്റര്‍ എസ്‍യുവിയായ ഡബ്ല്യുആര്‍വി നിര്‍മിച്ചിരിക്കുന്നത്. നാല് മീറ്ററില്‍ താഴെ നീളമുള്ള എസ്‍യുവികളില്‍ ഏറ്റവും നീളക്കൂടുതലുള്ള മോഡലാണിത്, 3,999 മിമീ ആണ് നീളം. ഗ്രൗണ്ട് ക്ലിയറന്‍സ് -188 മിമീ. ജാസിനെക്കാള്‍ 23 മിമീ അധികം.
Honda WR-V
ജാസിന്റെ 1.2 ലീറ്റര്‍ പെട്രോള്‍ ( 89 ബിഎച്ച്പി - 110 എന്‍എം) , 1.5 ലീറ്റര്‍ ഡീസല്‍ ( 99 ബിഎച്ച്പി - 200 എന്‍എം) എന്‍ജിനുകളാണ് കോംപാക്ട് എസ്‍യുവിയ്ക്കും ഉപയോഗിക്കുന്നത്. പെട്രോളിന് അഞ്ച് സ്പീഡ് മാന്വല്‍ ഗീയര്‍ബോക്സും ഡീസലിന് ആറ് സ്പീഡ് മാന്വല്‍ ഗീയര്‍ബോക്സുമാണ്. ഡീസല്‍ വകഭേദത്തിന് ലീറ്ററിന് 25.50 കിമീ മൈലേജ് കമ്പനി വാഗ്ദാനം ചെയ്യുന്നു. പെട്രോള്‍ വകഭേദത്തിന് ഇത് 17.50 കിമീ /ലീറ്റര്‍ .


കോംപാക്ട് എസ്‍യുവികളിലാദ്യമായി സണ്‍റൂഫും ഡബ്ല്യുആര്‍വിയ്ക്കുണ്ട്. മികച്ച ബൂട്ട് സ്പേസ് ഡബ്ല്യുആര്‍വി നല്‍കുന്നു, 363 ലീറ്ററാണ് ശേഷി. എതിരാളികളെ അപേക്ഷിച്ച് വില കൂടുതലാണ്.

കൊച്ചി എക്സ്‍ഷോറൂം വില


പെട്രോള്‍ : എസ് -7.90 ലക്ഷം രൂപ, വിഎക്സ്‍ -9.14ലക്ഷം രൂപ.


ഡീസല്‍ : എസ് -8.94 ലക്ഷം രൂപ, വിഎക്സ്‍ -10.15 ലക്ഷം രൂപ.



Related Stories
TOP