Home  > News  >  News Details
എര്‍ട്ടിഗയ്ക്കും സിയാസിനും ഫെയിം സബ്സിഡി കിട്ടില്ല
സ്വന്തം ലേഖകന്‍
Posted on: Tuesday, Apr 04, 2017   10:30 AM


ഇടത്തരം ഹൈബ്രിഡ് വാഹനങ്ങള്‍ക്കുള്ള ഫെയിം സബ്സിഡി കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന മാരുതി എര്‍ട്ടിഗ, മാരുതി സിയാസ്, മഹീന്ദ്ര സ്കോര്‍പ്പിയോ മോഡലുകളുടെ ഓണ്‍റോഡ് വില കൂടാന്‍ ഈ നയമാറ്റം കാരണമാകും.


ഇലക്ട്രിക് , ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് സബ്സിഡി നല്‍കുന്ന ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്റ് മാനുഫാക്ചറിങ് ഓഫ് ഹൈബ്രിഡ് ആന്റ് ഇലക്ട്രിക് വെഹിക്കിള്‍സ് (ഫെയിം) 2015 ലാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതു പ്രകാരം ഇരുചക്രവാഹനങ്ങള്‍ക്ക് 29,000 രൂപ വരെയും നാലുചക്രവാഹനങ്ങള്‍ക്ക് 1.38 ലക്ഷം രൂപ വരെയും സബ്സിഡി ഉണ്ട്.


വാസ്തവത്തില്‍ സബ്സിഡി വ്യവസ്ഥയിലെ പഴുതുകള്‍ ഉപയോഗിച്ചാണ് മാരുതി , മഹീന്ദ്ര കമ്പനികള്‍ ഫെയിം സബ്‍സിഡി നേടിയിരുന്നത്. എര്‍ട്ടിഗ , സിയാസ് മോഡലുകള്‍ക്ക് 13,000 രൂപ സബ്‍സിഡിയാണ് ലഭിച്ചിരുന്നത്. ഇത് എക്സ്‍ഷോറൂം വിലയില്‍ ഡിസ്കൗണ്ട് ആയാണ് നല്‍കിയിരുന്നത്. അതുകൊണ്ടുതന്നെ ഈ മോഡലുകള്‍ക്ക് നിലവിലുള്ള എക്സ്‍ഷോറൂം വിലയില്‍ മാറ്റമുണ്ടാകില്ല.


സാധാരണ ഹൈബ്രിഡ് വാഹനങ്ങളെപ്പോലെ കുറഞ്ഞ വേഗത്തില്‍ വൈദ്യുതി ഉപയോഗിച്ച് ഓടാനുള്ള കഴിവ് മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റത്തിനില്ല. മാരുതി സ്മാര്‍ട്ട് ബൈബ്രിഡ് എന്നും മഹീന്ദ്ര ഇന്റലി ഹൈബ്രി‍ഡ് എന്നും വിശേഷിപ്പിക്കുന്ന മൈല്‍ഡ് ബൈബ്രിഡ് ടെക്നോളജിയില്‍ ബ്രേക്ക് ചെയ്യുമ്പോള്‍ വൈദ്യുതി ഉത്പാദിപ്പിച്ച് ശേഷി കൂടിയ ബാറ്ററിയില്‍ സംഭരിക്കുന്നു. ട്രാഫിക് സിഗ്നലും മറ്റും കാത്ത് വാഹനം ചലിക്കാതെ കിടക്കുമ്പോള്‍ എന്‍ജിന്‍ താനെ ഓഫായി ഇന്ധനനഷ്ടം തടയുന്നു. ക്ലച്ചില്‍ കാലമര്‍ത്തുന്നതോടെ എന്‍ജിന്‍ വീണ്ടും സ്റ്റാര്‍ട്ടാകും. ബ്രേക്ക് പ്രയോഗിക്കുമ്പോള്‍ ലാഭിക്കുന്ന ഊര്‍ജമാണ് സ്റ്റാര്‍ട്ടര്‍ മോട്ടോറിന്റെ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നത്. ഏഴ് ശതമാനം അധിക ഇന്ധനക്ഷമത നല്‍കാന്‍ മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയ്ക്ക് കഴിയുമെന്നാണ് കമ്പനികള്‍ അവകാശപ്പെടുന്നത്.




Related Stories
TOP