Home  > News  >  News Details
ബജാജ്-കാവസാക്കി കൂട്ടുകെട്ട് അവസാനിച്ചു
സ്വന്തം ലേഖകന്‍
Posted on: Monday, Mar 27, 2017   9:00 AM


ഇന്ത്യയില്‍ എട്ട് വര്‍ഷമായി ബജാജും കാവസാക്കിയും തമ്മില്‍ തുടരുന്ന കൂട്ടുകെട്ട് അവസാനിച്ചു. ബജാജിന്റെ പ്രോ ബൈക്കിങ് ശൃംഖല വഴി കാവസാക്കി ബൈക്കുകളുടെ വില്‍പ്പനയും സര്‍വീസും ഇനി ഉണ്ടാകില്ല. ഏപ്രില്‍ ഒന്നിനാണ് ഇരുകമ്പനികളും തമ്മിലുള്ള സഖ്യം അവസാനിപ്പിക്കുക.


നിലവിലുള്ള പ്രോബൈക്കിങ് ഷോറൂമുകള്‍ കെടിഎം ഡീലര്‍ഷിപ്പുകളാക്കുമെന്ന് ബജാജ് പ്രോബൈക്കിങ് പ്രസിഡന്റ് അമിത് നന്തി പറഞ്ഞു.ഓസ്ട്രിയന്‍ കമ്പനി കെടിഎമ്മുമായി സഹകരിച്ച് നിര്‍മിച്ച ആദ്യ മോഡലായ 200 ഡ്യൂക്കിനെ 2012 ലാണ് ബജാജ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ മികച്ച നേട്ടം സ്വന്തമാക്കാന്‍ ബജാജ് - കെടിഎം കൂട്ടുകെട്ടിനു കഴിഞ്ഞു. 2017 സാമ്പത്തികവര്‍ഷം 37,000 യൂണിറ്റ് വില്‍പ്പന നേടുമെന്നാണ് കമ്പനിയുടെ കണക്കൂകൂട്ടല്‍ . ഡ്യൂക്ക് , ആര്‍സി മോഡല്‍ ശ്രേണിയില്‍ അഞ്ച് കെടിഎം ബൈക്കുകള്‍ നിലവില്‍ വില്‍പ്പനയ്ക്കുണ്ട്. മുന്നൂറിലേറെ കെടിഎം ഡീലര്‍ഷിപ്പുകളാണ് ഇന്ത്യയിലുള്ളത്.


2017 ഏപ്രില്‍ ഒന്നു മുതല്‍ കാവസാക്കി മോട്ടോര്‍സൈക്കിളുകള്‍ കാവസാക്കിയുടെ സ്വന്തം ഡീലര്‍ഷിപ്പുകളിലൂടെയാണ് വില്‍പ്പന നടത്തുക. പഴയ ഉപഭോക്താക്കള്‍ക്കുള്ള സര്‍വീസും ഇവിടെ നല്‍കും. ജപ്പാനിലെ കാവസാക്കി ഹെവി ഇന്‍ഡസ്ട്രീസിന്റെ പൂര്‍ണ്ണ  ഉടമസ്ഥതയില്‍ ജൂലൈ 2010 ല്‍ തുടങ്ങിയ കാവസാക്കി മോട്ടോഴ്സാണ് ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കുന്നത്. വിദേശവിപണികളില്‍ ബജാജ് ഓട്ടോയും കാവസാക്കിയും തമ്മിലുള്ള സഹകരണം തുടര്‍ന്നും ഉണ്ടാകും.


ബജാജും കാവസാക്കിയും തമ്മിലുള്ള ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കാവസാക്കിയുടെ സഹകരണത്തോടെയാണ് ബജാജ് ബൈക്ക് നിര്‍മാണരംഗത്തേയ്ക്ക് കടന്നത്. 1984 ലാണ് സാങ്കേതികവിദ്യ പങ്കുവയ്ക്കുന്നതു സംബന്ധിച്ച് കാവസാക്കിയുമായി ബജാജ് കൂട്ടുകൂടിയത്. കാവസാക്കിയുടെ സാങ്കേതിക വിദ്യ ഉപയോഗിച്ച് ബജാജ് അവസാനമായി നിര്‍മിച്ച മോഡല്‍ എലിമിനേറ്റര്‍ ആയിരുന്നു. ക്രൂസര്‍ ബൈക്കായ എലിമിനേറ്റര്‍ 1999 ലാണ് വിപണിയിലെത്തിയത്. കാവസാക്കി ബൈക്കുകളുടെ വില്‍പ്പനയും സര്‍വീസും നടത്തുന്നതുസംബന്ധിച്ച് ഇരുകമ്പനികളും 2009 ല്‍ വീണ്ടും കൂട്ടുകെട്ട് ഉണ്ടാക്കുകയായിരുന്നു. കെടിഎം ബൈക്കുകള്‍ കാവസാക്കി മോഡലുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയ സാഹചര്യത്തിലാണ് ബജാജുമായുള്ള കൂട്ടുകെട്ട് കാവസാക്കി അവസാനിപ്പിച്ചത്.



Related Stories
TOP