Home  > News  >  News Details
ഹോണ്ട ഡബ്ല്യുആര്‍വിയുടെ കൊച്ചി വില
സ്വന്തം ലേഖകന്‍
Posted on: Wednesday, Mar 22, 2017   4:00 PM


ഹോണ്ടയുടെ സബ് കോംപാക്ട് എസ്‍യുവി - ഡബ്ല്യുആര്‍വി കേരളത്തില്‍ വില്‍പ്പനയ്ക്കെത്തി. കൊച്ചിയില്‍ നടന്നമോഡല്‍ അവതരണച്ചടങ്ങില്‍ ഹോണ്ട കാര്‍സ് ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റ് ജ്ഞാനേശ്വര്‍ സെന്‍ പങ്കെടുത്തു. യുവതലമുറയുടെ ആഗ്രഹങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും ഇണങ്ങുംവിധമാണ് ഡബ്ല്യുആര്‍വി ഒരുക്കിയിരിക്കുന്നതെന്ന് ജ്ഞാനേശ്വര്‍ സെന്‍ പറഞ്ഞു.


ജാസിനെ അടിസ്ഥാനമാക്കിയാണ് നാലുമീറ്ററില്‍ താഴെ നീളമുള്ള അഞ്ച് സീറ്റര്‍ എസ്‍യുവിയായ ഡബ്ല്യുആര്‍വി നിര്‍മിച്ചിരിക്കുന്നത്. നാല് മീറ്ററില്‍ താഴെ നീളമുള്ള എസ്‍യുവികളില്‍ ഏറ്റവും നീളക്കൂടുതലുള്ള മോഡലാണിത്, 3,999 മിമീ ആണ് നീളം. ഗ്രൗണ്ട് ക്ലിയറന്‍സ് -188 മിമീ. ജാസിനെക്കാള്‍ 23 മിമീ അധികം.
Honda WRV Kerala Launch
ജാസിന്റെ 1.2 ലീറ്റര്‍ പെട്രോള്‍ ( 89 ബിഎച്ച്പി - 110 എന്‍എം) , 1.5 ലീറ്റര്‍ ഡീസല്‍ ( 99 ബിഎച്ച്പി - 200 എന്‍എം) എന്‍ജിനുകളാണ് കോംപാക്ട് എസ്‍യുവിയ്ക്കും ഉപയോഗിക്കുന്നത്. പെട്രോളിന് അഞ്ച് സ്പീഡ് മാന്വല്‍ ഗീയര്‍ബോക്സും ഡീസലിന് ആറ് സ്പീഡ് മാന്വല്‍ ഗീയര്‍ബോക്സുമാണ്. ഡീസല്‍ വകഭേദത്തിന് ലീറ്ററിന് 25.50 കിമീ മൈലേജ് കമ്പനി വാഗ്ദാനം ചെയ്യുന്നു. പെട്രോള്‍ വകഭേദത്തിന് ഇത് 17.50 കിമീ /ലീറ്റര്‍ .


കോംപാക്ട് എസ്‍യുവികളിലാദ്യമായി സണ്‍റൂഫും ഡബ്ല്യുആര്‍വിയ്ക്കുണ്ട്. മികച്ച ബൂട്ട് സ്പേസ് ഡബ്ല്യുആര്‍വി നല്‍കുന്നു, 363 ലീറ്ററാണ് ശേഷി. വീല്‍ വലുപ്പം 16 ഇഞ്ച്.



എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാംപുകളുള്ള ഹെഡ്‍ലാംപുകള്‍ , ഓക്സിലറി ഇന്‍പുട്ടുള്ള മ്യൂസിക് സിസ്റ്റം, എസി , ഉയരവും ചെരിവും ക്രമീകരിക്കാവുന്ന പവര്‍ സ്റ്റിയറിങ് , പവര്‍ വിന്‍ഡോ, സെന്‍ട്രല്‍ ലോക്കിങ്, സ്റ്റിയറിങ്ങില്‍ ഓഡിയോ കണ്‍ട്രോള്‍ , എബിഎസ് - ഇബിഡി , രണ്ട് എയര്‍ബാഗുകള്‍ ,റിയര്‍ ഡീഫോഗര്‍ എന്നിവ അടിസ്ഥാന വകഭേദത്തിനുമുണ്ട്. കിലോമീറ്റര്‍ പരിധിയില്ലാതെ മൂന്നു വര്‍ഷത്തെ വാറന്റി ഡബ്ല്യുആര്‍വിയ്ക്ക് ഹോണ്ട നല്‍കുന്നുണ്ട്.


മാരുതി വിറ്റാര ബ്രെസ, ഹ്യുണ്ടായി ഐ 20 ആക്ടിവ് , ടൊയോട്ട എറ്റിയോസ് ക്രോസ്, ഫോഡ് ഇക്കോസ്പോര്‍ട് , ഫിയറ്റ് അര്‍ബന്‍ ക്രോസ് എന്നീ മോഡലുകള്‍ക്ക് ഡബ്ല്യുആര്‍-വി എതിരാളിയാണ്.


കൊച്ചി എക്സ്‍ഷോറൂം വില


പെട്രോള്‍ : എസ് -7.90 ലക്ഷം രൂപ, വിഎക്സ്‍ -9.14ലക്ഷം രൂപ.


ഡീസല്‍ : എസ് -8.94 ലക്ഷം രൂപ, വിഎക്സ്‍ -10.15 ലക്ഷം രൂപ.



Related Stories
TOP