Home  > News  >  News Details
ഹാര്‍ലി സ്ട്രീറ്റ് റോഡ്
സ്വന്തം ലേഖകന്‍
Posted on: Friday, Mar 17, 2017   4:00 PM


ഹാര്‍ലി ഡേവിഡ്സണ്‍ സ്ട്രീറ്റ് റോഡ് വിപണിയിലെത്തി. സ്ട്രീറ്റ് 750 നെ അടിസ്ഥാനമാക്കി നിര്‍മിച്ച കൂടുതല്‍ സ്റ്റൈലുള്ള മോഡലാണിത്. സ്ട്രീറ്റ് 750 നെ അപേക്ഷിച്ച് 80,000 രൂപ അധികമാണ് വില. ഡല്‍ഹി എക്സ്‍ഷോറൂം വില 5.86 ലക്ഷം രൂപ.
Street Rod
സ്ട്രീറ്റ് 750 ന്റെ 750 സിസി റെവലൂഷന്‍ എക്സ്‍ എന്‍ജിന്റെ കരുത്ത് കൂട്ടിയാണ് സ്ട്രീറ്റ് റോഡില്‍ ഉപയോഗിക്കുന്നത്. പതിനൊന്നു ശതമാനം അധിക കരുത്തും അഞ്ച് ശതമാനം അധിക ടോര്‍ക്കും ഇതിനുണ്ട്. 749 സിസി , ഇരട്ട സിലിണ്ടര്‍ ( വിട്വിന്‍ ), ലിക്വിഡ് കൂള്‍ഡ് എന്‍ജിന് 62 എന്‍എം ആണ് പരമാവധി ടോര്‍ക്ക്. സ്ട്രീറ്റ് 750 നെ അപേക്ഷിച്ച് ആറ് കിലോഗ്രാം അധികമാണ് ഭാരം.
Street Rod
നിവര്‍ന്ന ഹാന്‍ഡില്‍ ബാറിന്റെ രണ്ടറ്റത്തും മടക്കി വയ്ക്കാവുന്ന റിയര്‍ വ്യൂ മിററുകള്‍ നല്‍കിയിരിക്കുന്നു. ഹെഡ്‍ലൈറ്റ് കൗളിന് നീളം കൂടുതലുണ്ട്. സീറ്റിന്റെ രൂപത്തിലും മാറ്റമുണ്ട്. റൈഡറെ കൂടുതല്‍ ചേര്‍ത്തുപിടിക്കാന്‍ ഇതിനു കഴിയുന്നു. സീറ്റ് ഉയരം 765 മിമീ ആയി ഉയര്‍ത്തിയിട്ടുമുണ്ട്.
Street Rod
മുന്നിലെയും പിന്നിലെയും സസ്പെന്‍ഷനുകള്‍ക്ക് കൂടുതല്‍ നീളത്തില്‍ ചലിക്കാനാവും. മുന്നിലെ ഫോര്‍ക്ക് സസ്പെന്‍ഷനുകള്‍ അല്‍പ്പം കൂടി നിവര്‍ത്തിയാണ് ഉറപ്പിച്ചിരിക്കുന്നത്. പിന്നിലെ സസ്പെന്‍ഷന്‍ സ്‍പ്രിങ്ങുകള്‍ക്ക് ചുവപ്പ് നിറം നല്‍കിയിരിക്കുന്നു. മുന്നിലും പിന്നിലും 17 ഇഞ്ച് വീല്‍ ഉപയോഗിക്കുന്ന സ്ട്രീറ്റ് റോഡിന് സ്ട്രീറ്റ് 750 നെ അപേക്ഷിച്ച് ഗ്രൗണ്ട് ക്ലിയറന്‍സ് 60 മിമീ കൂടുതലുണ്ട്, 205 മിമീ. എബിഎസ് സ്റ്റാന്‍ഡേര്‍ഡ് ഫിറ്റിങ്ങാണ്. വിവിഡ് ബ്ലാക്ക് , ചാര്‍ക്കോള്‍ ഡെനിം, ഒലീവ് ഗേള്‍ഡ് എന്നീ ബോഡി നിറങ്ങളില്‍ ലഭിക്കും.