Home  > News  >  News Details
പരിഷ്കാരങ്ങളോടെ കൊറോള ആള്‍ട്ടിസ്
സ്വന്തം ലേഖകന്‍
Posted on: Thursday, Mar 16, 2017   10:00 AM


ഇന്ത്യയിലെ ഏറ്റവും വില്‍പ്പനയുള്ള ഡി സെഗ്‍മെന്റ് സെഡാനായ ടൊയോട്ട കൊറോള ആള്‍ട്ടിസിന്റെ പരിഷ്കരിച്ച പതിപ്പ് വിപണിയിലെത്തി. കൊച്ചി എക്സ്‍ഷോറൂം വില 16.11 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു.
Toyota Corolla Altis 2017
തികച്ചും പുതിയയാണ് മുന്‍ഭാഗം. ഹെഡ്‍ലാംപുകള്‍ , ബമ്പര്‍ , ഗ്രില്‍ എന്നിവയെല്ലാം പുതിയതാണ്. റൂഫിന്റെയും പിന്‍ഭാഗത്തിന്റെയും രൂപകല്‍പ്പനയില്‍ മാറ്റമില്ല. പുതിയ ഡിസൈനിലുള്ള അലോയ് വീലുകള്‍  സെഡാന് കൂടുതല്‍ സ്പോര്‍ടി ലുക്ക് നല്‍കുന്നു.
Toyota Corolla Altis 2017
ബീജ് - ബ്ലാക്ക് വര്‍ണ്ണ സങ്കലനത്തിലുള്ള ഡാഷ്ബോര്‍ഡിന് നവീകരണമുണ്ട്. ഡി സെഗ്മെന്റിലെ ഏറ്റവും വിശാലമായ ഇന്റീരിയറാണ് കൊറോളയുടേത്. പിന്‍സീറ്റ് യാത്രക്കാര്‍ക്ക് പരമാവധി യാത്രാസുഖം ഉറപ്പാക്കുംവിധമാണ് ഇന്റീരിയറിന്റെ രൂപകല്‍പ്പന. ചെരിവ് ക്രമീകരിക്കാവുന്ന പിന്‍സീറ്റ് , സ്വയം മടങ്ങുന്ന ബാഹ്യമിററുകള്‍ എന്നിവ നവീകരിച്ച കൊറോള ആള്‍ട്ടിസിനുണ്ട്. ഫാന്റം ബ്രൗണ്‍ എന്ന പുതിയ നിറവും കൊറോള ആള്‍ട്ടിസിനു ലഭിച്ചു.
Toyota Corolla Altis 2017
ഫ്രണ്ട് വീല്‍ ‍ഡ്രൈവുള്ള സെഡാന്റെ എന്‍ജിനുകള്‍ക്ക് മാറ്റമില്ല. 1.8 ലീറ്റര്‍ , നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന് 138 ബിഎച്ച്പി -173 എന്‍എം ആണ് ശേഷി. ആറ് സ്പീഡ് മാന്വല്‍ , ഏഴ് സ്പീഡ് സിവിടി ഓട്ടോമാറ്റിക് ട്രാന്‍സ്‍മിഷന്‍ ഓപ്ഷനുകള്‍ ഇതിനുണ്ട്.


1.4 ലീറ്റര്‍ , നാല് സിലിണ്ടര്‍, ടര്‍ബോ ഇന്റര്‍കൂളര്‍ ഡീസല്‍ എന്‍ജിന് ശേഷി 87 ബിഎച്ച്പി -205 എന്‍എം. ഇതിന് ആറ് സ്പീഡ് മാന്വല്‍ ഗീയര്‍ബോക്സാണ്.  ഏഴ് എയര്‍ബാഗുകള്‍ , വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍ , എബിഎസ്, ഇബിഡി, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍ എന്നിവ സുരക്ഷയ്ക്കായുണ്ട്.


ഷെവര്‍ലെ ക്രൂസ് , ഹ്യുണ്ടായി എലാന്‍ട്ര, സ്കോഡ ഒക്ടാവിയ മോഡലുകളുമായാണ് കൊറോള ആള്‍ട്ടിസ് എതിരിടുന്നത്.


കൊച്ചി എക്സ്‍ഷോറൂം വില


പെട്രോള്‍ : ജി-16.11 ലക്ഷം രൂപ,ജിഎല്‍ - 18.54 ലക്ഷം രൂപ.


പെട്രോള്‍ ഓട്ടോമാറ്റിക് - ജി-17.76 ലക്ഷം രൂപ, വിഎല്‍ - 20.15 ലക്ഷം രൂപ.


ഡീസല്‍ :ഡിജി-17.60 ലക്ഷം രൂപ, ഡിജിഎല്‍-19.29 ലക്ഷം രൂപ.



Related Stories
TOP