Home  > News  >  News Details
ഹോണ്ട ആക്ടിവ ഫോര്‍ ജി
സ്വന്തം ലേഖകന്‍
Posted on: Friday, Mar 03, 2017   11:00 AM


ഹോണ്ട ആക്ടിവയുടെ നാലാം തലമുറ - ആക്ടിവ ഫോര്‍ ജി വിപണിയിലെത്തി. ഭാരത് സ്റ്റേജ് 4 ( ബിഎസ്  4) എമിഷന്‍ നിയമങ്ങള്‍ പാലിക്കുന്ന എന്‍ജിന്‍ , ഓട്ടോമാറ്റിക് ഹെഡ്‍ലാംപ് ഓണ്‍ (എന്‍ജിന്‍ സ്റ്റാര്‍ട്ടാക്കുമ്പോള്‍ ഹെ‍ഡ്‍ലാംപ് താനെ പ്രകാശിക്കുന്ന സംവിധാനം) എന്നിവയുള്ള ആക്ടിവ ഫോര്‍ ജിയ്ക്ക് 50,730 രൂപയാണ് ഡല്‍ഹി എക്സ്‍ഷോറൂം വില. 2015 ഫെബ്രുവരിയില്‍ വിപണിയിലെത്തിയ ആക്ടിവ ത്രീ ജിയെ അപേക്ഷിച്ച് 2,000 രൂപ അധികമാണ് വില.


മൊബൈല്‍ ചാര്‍ജിങ് യൂണിറ്റാണ് ആക്ടിവ 4 ജിയുടെ മറ്റൊരു സവിശേഷത. മാറ്റ് സില്‍വര്‍ , മാറ്റ് ഗ്രേ എന്നീ പുതിയ ബോഡി നിറങ്ങളും ഇതിനുണ്ട്. നിലവില്‍ ബ്ലൂ, ബ്ലാക്ക് , റെഡ് , വൈറ്റ് , ബ്രൌണ്‍ എന്നീ ബോഡി നിറങ്ങളും ആക്ടിവയ്ക്കുണ്ട്.


ആക്ടിവയുടെ 109 സിസി , എയര്‍കൂള്‍ഡ് , സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന് 8 ബിഎച്ച്പി -9 എന്‍എം ആണ് ശേഷി.
Honda Activa 4G
ഇന്ത്യയിലെ ഇരുചക്രവാഹനവിപണിയില്‍ 58 ശതമാനം വിപണി വിഹിതം ആക്ടിവയ്ക്കുണ്ട്. കഴിഞ്ഞവര്‍ഷം 10 മാസങ്ങളില്‍ ഏറ്റവും വില്‍പ്പനയുള്ള ടൂവീലറായിരുന്നു ആക്ടിവ.


എല്ലാ മോഡലുകളും ബിഎസ് 4 നിലവാരത്തിലാക്കിയ രണ്ടാമത്തെ കമ്പനിയാണ് ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ. മാര്‍ച്ച് ഒന്നു മുതല്‍ ഹോണ്ട നിര്‍മിക്കുന്ന എല്ലാ മോഡലുകളും ബിഎസ് 4 പാലിക്കുന്നതായിരിക്കും. ബജാജ് ഓട്ടോയാണ് ആദ്യമായി എല്ലാ മോഡലുകളും ബിഎസ് 4 ആക്കിയത്. 2017 ഏപ്രില്‍ ഒന്നു മുതല്‍ വിപണിയിലെത്തുന്ന എല്ലാ ടൂവീലറുകളും ബിഎസ് 4 നിലവാരത്തിലുള്ളതായിരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ട്.



Related Stories
TOP