Home  > News  >  News Details
പുതിയ ഇ ക്ലാസ് എത്തി
സ്വന്തം ലേഖകന്‍
Posted on: Wednesday, Mar 01, 2017   10:00 AM


പത്താം തലമുറ ഇ ക്ലാസിനെ മെഴ്‍സിഡീസ് ബെന്‍സ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. നീളം കൂടിയ വീല്‍ബേസുള്ള പതിപ്പാണ് എത്തിയിരിക്കുന്നത്. മുന്‍ഗാമിയെ അപേക്ഷിച്ച്  അഞ്ച് ലക്ഷം രൂപ മുതല്‍ 5.67 ലക്ഷം രൂപ വരെ അധികമാണ് പുതിയതിന്റെ വില. മുംബൈ എക്സ്‍ഷോറൂം വില 56.15 ലക്ഷം രൂപയില്‍ തുടങ്ങുന്നു.


ഇ ക്ലാസ് ഉടമകളിലേറെയും ഡ്രൈവറെ വച്ച് വാഹനം ഉപയോഗിക്കുന്നവരായതിനാലാണ് കൂടുതല്‍ സ്ഥലസൌകര്യമുള്ള ലോങ്ങര്‍ വീല്‍ബേസ് പതിപ്പിനെ മാത്രം കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചത്. ലോകത്ത് ആദ്യമായി റൈറ്റ് ഹാന്‍ഡ് ഡ്രൈവ് ലോണ്ട് വീല്‍ബേസ് ഇ ക്ലാസ് പുറത്തിറങ്ങുന്നത് ഇന്ത്യയിലാണ്.
E Class 2017
പഴയ തലമുറ ഇ ക്ലാസിന്റെ പെട്രോള്‍ , ഡീസല്‍ എന്‍ജിനുകളാണ് പുതിയ തലമുറയ്ക്കും ഉപയോഗിക്കുന്നത്. ഇ 200 ന്റെ രണ്ട് ലീറ്റര്‍ , ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന് 184 ബിഎച്ച്പി -300 എന്‍എം ആണ് ശേഷി. ഇ 350 ഡി ആണ് ഡീസല്‍ പതിപ്പ്. ഇതിന്റെ മൂന്ന് ലിറ്റര്‍, ആറ് സിലിണ്ടര്‍ ( വി 6) എന്‍ജിന് 258 ബിഎച്ച്പി -620 എന്‍എം ആണ് ശേഷി. റിയര്‍ വീല്‍ ഡ്രൈവ് ലക്ഷുറി സെഡാന്റെ രണ്ട് എന്‍ജിന്‍ ഓപ്ഷനുകള്‍ക്ക് ഒമ്പത് സ്പീഡ് ജിട്രോണിക് ഓട്ടോമാറ്റിക് ഗീയര്‍ബോക്സാണ്.
E Class 2017
5.063 മിമീ നീളമുള്ള കാറിന് 205 മിമീ അധിക വീല്‍ബേസുണ്ട്. ഇത് പിന്‍സീറ്റിന് 134 മിമീ അധിക ലെഗ്റൂം നല്‍കുന്നു. പിന്‍സീറ്റിലിരിക്കുന്നവര്‍ക്ക് പരമാവധി യാത്രാസുഖം നല്‍കും വിധമാണ് കാറിന്റെ ഇന്റീരിയര്‍ ഒരുക്കിയിരിക്കുന്നത്. ബട്ടന്‍ അമര്‍ത്തി പിന്‍സീറ്റിന്റെ ബാക്ക് റെസ്റ്റ് ആവശ്യാനുസരണം ചെരിക്കാം. ഹെഡ്റെസ്റ്റും ഈ വിധം ക്രമീകരിക്കാം. സീറ്റിന്റെ ക്രമീകരണം മെമ്മറിയില്‍ സെറ്റ് ചെയ്യാം. ആം റെസ്റ്റിനു താഴെ തണുപ്പിക്കാനും ചൂടാക്കാനും കഴിയുന്ന സ്റ്റോറേജ് സ്പേസുണ്ട്. പിന്‍സീറ്റില്‍ ഇടതുവശത്തിരിക്കുന്നയാളിന് മുന്നിലെ പാസഞ്ചര്‍ സീറ്റ് ബട്ടന്‍ അമര്‍ത്തി ക്രമീകരിച്ച് ആവശ്യാനുസരണം ലഗ് സ്പേസ് നേടാം. പനോരമിക് സണ്‍റൂഫുണ്ട്. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ 12.3 ഇഞ്ച് ഹൈ റെസലൂഷന്‍ ടച്ച് സ്ക്രീന്‍ ഡിസ്പ്ലേയും 13 സ്പീക്കറുകളും അടങ്ങുന്നു. 290 വാട്ട്സ് ആണ് ഔട്ട്പുട്ട്. സുരക്ഷയ്ക്കായി ഏഴ് എയര്‍ബാഗുകളുണ്ട്.


ബിഎംഡബ്ല്യു ഫൈവ് സീരീസ് , ജാഗ്വാര്‍ എക്സ്‍എഫ്, വോള്‍വോ എസ് 90 എന്നീ മോഡലുകളുമായാണ് ഇ ക്ലാസ് മത്സരിക്കുന്നത്. ജാഗ്വാര്‍ എക്സ്‍എഫ് കഴിഞ്ഞാല്‍ ഈ വിഭാഗത്തിലെ ഏറ്റവും നീളമുള്ള മോഡലാണ് ഇ ക്ലാസ്.


മുംബൈ എക്സ്‍ഷോറൂം വില:  ഇ 200 - 56.15 ലക്ഷം രൂപ, ഇ 350 ഡി - 69.47 ലക്ഷം രൂപ.



Related Stories
TOP