Home  > News  >  News Details
കെടിഎം ഡ്യൂക്ക് 250 വിപണിയിലെത്തി
സ്വന്തം ലേഖകന്‍
Posted on: Thursday, Feb 23, 2017   2:00 PM


കെടിഎം ഡ്യൂക്ക് 250 ഇന്ത്യന്‍ വിപണിയിലെത്തി. നവീകരിച്ച ഡ്യൂക്ക് 200 , ഡ്യൂക്ക് 390 മോഡലുകള്‍ക്കൊപ്പമാണ് പുതുമുഖം എത്തിയിരിക്കുന്നത്. ബിഎസ് 4 എമിഷന്‍ നിയമങ്ങള്‍ പാലിക്കുന്ന എന്‍ജിനാണിവയ്ക്ക്. 


ഡ്യൂക്ക് 390


ചേട്ടന്‍ മോഡലായ 1200 സൂപ്പര്‍ഡ്യൂക്കില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ള സ്റ്റൈലിങ്ങാണിതിന്. പൂര്‍ണ്ണമായി എല്‍ഇഡി ഉപയോഗിക്കുന്ന ഹെഡ്‍ലാംപ് യൂണിറ്റില്‍ എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാംപുകളും നല്‍കിയിട്ടുണ്ട്. പഴയ മോഡലിന് 10.50 ലീറ്റര്‍ പ്ലാസ്റ്റിക് നിര്‍മിത ഇന്ധനടാങ്ക് ആയിരുന്നെങ്കില്‍ പുതിയതിന് 13.50 ലീറ്റര്‍ ശേഷിയുള്ള സ്റ്റീല്‍ ടാങ്കാണ്. സ്മാര്‍ട്ട് ഫോണ്‍ കണക്ട് ചെയ്ത് കാള്‍ ചെയ്യാനും മ്യൂസിക് ആസ്വദിക്കാനും അവസരമൊരുക്കുന്ന കെടിഎം മൈ റൈഡ‍് എന്റര്‍ടെയ്ന്‍മെന്റ് സിസ്റ്റമുള്ള ടിഎഫ്‍ടി ഇന്‍സ്ട്രമെന്റ് ഡിസ്പ്ലേയും ഇതിനുണ്ട്.
2017 KTM Duke390
എന്‍ജിനുമാറ്റമില്ല. എന്നാല്‍ റൈഡ് ബൈ വയര്‍ ത്രോട്ടില്‍ പുതിയതായി നല്‍കി. ആക്സിലറേറ്റര്‍ കേബിളിനു പകരം ട്രാന്‍സ്പോണ്ടര്‍ ഉപയോഗിച്ച് ഇലക്ട്രോണിക്കലായി ത്രോട്ടില്‍ റെസ്പോണ്‍സ് എന്‍ജിനില്‍ എത്തിക്കുന്ന സാങ്കേതികവിദ്യയാണ് റൈഡ് ബൈ വയര്‍ ത്രോട്ടില്‍ . 373.2 സിസി , സിംഗിള്‍ സിലിണ്ടര്‍ , ലിക്വിഡ് കൂള്‍ഡ് , ഫ്യുവല്‍ ഇന്‍ജക്ടഡ് എന്‍ജിന് 43 ബിഎച്ച്പിയാണ് കരുത്ത്. അണ്ടര്‍ബെല്ലി എക്സോസ്റ്റിനു പകരം വശത്ത് ഘടിപ്പിച്ച എക്സോസ്റ്റും പുതിയ കാര്യം.
2017 KTM Duke390
ഫ്രെയിമിനു വ്യത്യാസമുണ്ട്. മുമ്പ് ഒറ്റ ഘടകമായുള്ള ട്രെല്ലിസ് ഫ്രെയിമായിരുന്നെങ്കില്‍ ഇപ്പോളത് രണ്ട് ഘടകങ്ങള്‍ ചേര്‍ന്നതാണ്.പുതിയ ഫ്രെയിം ഉപയോഗിച്ചതോടെ വീല്‍ബേസ് 9 മിമീ കുറഞ്ഞ് 1357 മിമീ ആയി. സീറ്റ് ഉയരം 20 മിമീ വര്‍ധിച്ച് 830 മിമീ ആയി. സസ്പെന്‍ഷനും നവീകരിച്ചിട്ടുണ്ട്. ബ്രേക്ക് കാര്യക്ഷമത കൂട്ടാന്‍ 300 മിമീ ഡിസ്കിനു പകരം 320 മിമീ ഡിസ്ക് മുന്‍ചക്രത്തിനു നല്‍കി. എബിഎസും സ്ലിപ്പര്‍ ക്ലച്ചും ഇതിനുണ്ട്. ഡല്‍ഹി എക്സ്‍ഷോറൂം വില 2.25 ലക്ഷം രൂപ.


ഡ്യൂക്ക് 200


കാര്യമായ മാറ്റം ഡ്യൂക്ക് 200 നില്ല. പുതിയ ഗ്രാഫിക്സും ഓറഞ്ച് വീലുകളും ഡ്യൂക്ക് 200 നെ കൂടുതല്‍ സ്പോര്‍ടിയാക്കുന്നു. ഫ്രെയിം അടക്കമുള്ള മെക്കാനിക്കല്‍ ഘടകങ്ങള്‍ക്കും മാറ്റമില്ല.
2017 KTM Duke 200
ബിഎസ് 4 പാലിക്കുന്ന 199.5 സിസി , സിംഗിള്‍ സിലിണ്ടര്‍ , ഫ്യുവല്‍ ഇന്‍കക്ടഡ് , ലിക്വിഡ് കൂള്‍ഡ് എന്‍ജിന് 25 ബിഎച്ച്പി -19 എന്‍എം ആണ് ശേഷി. ഡല്‍ഹി എക്സ്‍ഷോറൂം വില 1.43 ലക്ഷം രൂപ.


ഡ്യൂക്ക് 250


ഡ്യൂക്ക് 390 മായി കാര്യമായി വ്യത്യാസമില്ലാത്ത രൂപമാണിതിന്. ഫ്രെയിമും സ്റ്റൈലിങ്ങുമെല്ലാം ഒരുപോലെ തന്നെ. എല്‍ഇഡി ഹെഡ് ലാംപും ടിഎഫ്‍ടി കളര്‍ ഡിസ്പ്ലേയും ഇല്ലെന്നതാണ് പ്രധാന വ്യത്യാസം. അലോയ് വീലുകളുടെ നിറവും ഡ്യൂക്ക് 250 നെ വ്യത്യസ്തമാക്കുന്നു. 390,200 മോഡലുകള്‍ക്ക് ഓറഞ്ച് നിറമുള്ള വീലുകള്‍ ഉപയോഗിക്കുമ്പോള്‍ 250ന് കറുപ്പ് വീലുകളാണ്.
2017 KTM Duke 250
റൈഡ് ബൈ വയര്‍ ത്രോട്ടിലും കൂടുതല്‍ ഗ്രിപ്പ് നല്‍കുന്ന മെറ്റ്സെലര്‍ ടയറും 250 നു നല്‍കിയിട്ടില്ല. എംആര്‍എഫ് റെവ്സ് സി വണ്‍ ടയറുകളാണിതിന്. ബജാജ് ഡോമിനര്‍ 400 നും ഇതേ ടയറുകള്‍ തന്നെ. ഡ്യൂക്ക് 200 ലേതിനു സമാനമായി മുന്‍ചക്രത്തിന് 300 മിമീ ഡിസ്കും പിന്‍ ചക്രകത്തിന് 230 ഡിസ്ക് ബ്രേക്കും ഉപയോഗിക്കുന്നു. എബിഎസ് ഓപ്ഷനായി പോലും ലഭ്യമല്ല.
2017 KTM Duke 250
ഡ്യൂക്ക് 250 ന്റെ 250 സിസി, സിംഗിള്‍ സിലിണ്ടര്‍ , ലിക്വിഡ് കൂള്‍ഡ് ഫ്യുവല്‍ ഇന്‍ജക്ടഡ് എന്‍ജിന് 30 ബിഎച്ച്പി -24 എന്‍എം ആണ് ശേഷി. ആറ് സ്പീഡാണ് ഗീയര്‍ബോക്സ്. ഗീയര്‍ ഡൌണ്‍ ചെയ്യുമ്പോഴുള്ള എന്‍ജിന്‍ ബ്രേക്കിങ് മൂലം പിന്‍ചക്രം ലോക്ക് ആകുന്നത് തടഞ്ഞ് റൈഡ് സുരക്ഷിതമാക്കുന്ന സ്ലിപ്പര്‍ ക്ലച്ച് ഇതിനുണ്ട്. ഡല്‍ഹി എക്സ്‍ഷോറൂം വില 1.73 ലക്ഷം രൂപ.



Related Stories
TOP