Home  > News  >  News Details
പുതിയ കാംമ്രിയും പ്രയസും
സ്വന്തം ലേഖകന്‍
Posted on: Friday, Feb 17, 2017   4:00 PM


ലോകമൊട്ടാകെ ഒരു കോടി ഹൈബ്രിഡ് വാഹനങ്ങള്‍ വില്‍പ്പന നടത്തിയ ടൊയോട്ട പുതിയ കാംമ്രി ഹൈബ്രിഡ് , പ്രയസ് മോഡലുകളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.


ഇന്ത്യയില്‍ നിര്‍മിക്കുന്ന ഒരേയൊരു ഹൈബ്രിഡ് കാറാണ് കാംമ്രി. ഉയര്‍ന്ന പ്രകടനക്ഷമതയും മൈലേജും നല്‍കുന്ന ഇലക്ട്രോണിക് നിയന്ത്രിത സിവിടി ഓട്ടോമാറ്റിക് ട്രാന്‍സ്‍മിഷന്‍ പുതിയ കാംമ്രിയ്ക്കുണ്ട്. 2.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറും ചേര്‍ന്ന് 205 ബിഎച്ച്പി കരുത്ത് നല്‍കും. ലീറ്ററിന് 19.16 കിമീ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. എല്‍ഇഡി ഫോഗ് ലാംപുകള്‍ , 15 ഇഞ്ച് അലോയ്സ് , ഡേ ടൈം റണ്ണിങ് ലാംപുകളോടുകൂടിയ എല്‍ഇഡി ഹെഡ്‍ലാംപുകള്‍ , നാവിഗേഷന്‍ സിസ്റ്റം , 12 സ്പീക്കര്‍ ഓഡിയോ സിസ്റ്റം എന്നിവ പുതിയ ഫീച്ചറുകളാണ്. ഒമ്പത് എയര്‍ബാഗുകളുണ്ട്. ഡല്‍ഹി എക്സ്‍ഷോറൂം വില 31.98 ലക്ഷം രൂപ.


2013 ഓഗസ്റ്റില്‍ ഇന്ത്യയില്‍ അവതരിപ്പിച്ച ഹൈബ്രിഡ് കാംമ്രിയ്ക്ക് പെട്രോള്‍ എന്‍ജിന്‍ മാത്രമുള്ള മോഡലിനെ അപേക്ഷിച്ച് 95 ശതമാനം അധിക വില്‍പ്പന നേടാന്‍ കഴിഞ്ഞിട്ടുണ്ട്. 2016 ഡിസംബര്‍ 31 വരെയുള്ള കണക്കനുസരിച്ച് 2,742 ഹൈബ്രിഡ് കാംമ്രികള്‍ ഇന്ത്യന്‍ നിരത്തിലിറങ്ങി.
Toyota Prius
വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിച്ച ആദ്യ ഹൈബ്രിഡായ പ്രയസിന്റെ നാലാം തലമുറയാണ് വിപണിയിലെത്തിയിരിക്കുന്നത്. സെഡ് 8 എന്ന ഒറ്റ വകഭേദത്തില്‍ ലഭ്യമായ പുതിയ പ്രയസിന് 38.96 ലക്ഷം രൂപയാണ് വില. 1.8 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറും ചേര്‍ന്നതാണ് പ്രയസിന്റെ പവര്‍ ട്രെയിന്‍ . രണ്ടും ചേര്‍ന്ന് 122 ബിഎച്ച്പി കരുത്ത് നല്‍കും. ലീറ്ററിന് 26.27 കിമീ മൈലേജ് നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നു. ഏഴ് എയര്‍ബാഗുകള്‍ , എബിഎസ് , സ്റ്റെബിലിറ്റി കണ്‍ട്രോള്‍ , ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നീ സുരക്ഷാസംവിധാനങ്ങള്‍ പ്രയസിനുണ്ട്. ആഗോളതലത്തില്‍ 40 ലക്ഷത്തിലേറെ ഉപഭോക്താക്കളെ നേടിയ പ്രയസ് 2010 ലാണ് ഇന്ത്യന്‍ വിപണിയിലെത്തിയത്.



Related Stories





TOP
Designed and developed by EGGS