Home  > News  >  News Details
മാരുതി റിറ്റ്സിനു വിട
സ്വന്തം ലേഖകന്‍
Posted on: Thursday, Oct 06, 2016   6:00 PM


ടോള്‍ ബോയ് ഹാച്ചബാക്കായ റിറ്റ്സിന്റെ ഉത്പാദനം മാരുതി സുസൂക്കി അവസാനിപ്പിച്ചു. ഹാച്ച്ബാക്ക് ക്രോസ് ഓവറായ ഇഗ്നീസിനു വഴിയൊരുക്കുന്നതിനാണ് റിറ്റ്സിന്റെ പിന്മാറ്റം. യൂറോപ്പില്‍ സ്പ്ലാഷ് എന്നറിയപ്പെടുന്ന റിറ്റ്സിന്റെ നിര്‍മാണം സുസൂക്കിയുടെ ഹംഗറിയിലെ പ്ലാന്റില്‍ നേരത്തേതന്നെ അവസാനിപ്പിച്ചിരുന്നു.


നിലവിലുള്ള സ്റ്റോക്ക് വിറ്റ് തീരുന്നതോടെ ഷോറൂമുകളില്‍ നിന്ന് നിന്ന് റിറ്റ്സ് അപ്രത്യക്ഷമാകും. പെട്രോള്‍ , ഡീസല്‍ എന്‍ജിന്‍ വകഭേദങ്ങളില്‍ റിറ്റ്സ് ലഭ്യമായിരുന്നു.


റിറ്റ്സ് ഫ്ലാഷ്ബാക്ക്


യൂറോപ്യന്‍ വിപണിയില്‍ സ്പ്ലാഷ് എന്നു പേരുള്ള റിറ്റ്സ് 2009 മേയില്‍ ഇന്ത്യന്‍ വിപണിയിലെത്തിയപ്പോള്‍ പലരും മുഖത്തടിച്ചപോലെ പറഞ്ഞു , ഇതെന്തു കോലം. കണ്ടാല്‍ തവളയുടെ ഷേപ്പ്, ചവിട്ടി ഒടിച്ചപോലുളള പിന്‍ഭാഗം, എന്നൊക്കെയായിരുന്നു ആക്ഷേപങ്ങള്‍ . ഇങ്ങനെയെല്ലാം പരിഹസിച്ചവര്‍തന്നെ റിറ്റ്സിന്റെ ആരാധകരായി മാറിയെന്നത് മറ്റൊരു കഥ. സ്വിഫ്ടിലേതിനു സമാനമായ എന്‍ജിനും സൗകര്യങ്ങളും ടോള്‍ ബോയ് രൂപകല്‍പ്പനയില്‍ ലഭിക്കുന്നു എന്നതിലാണ് റിറ്റ്സിന്റെ മേന്മ. വാഗണ്‍ ആര്‍ കഴി‍ഞ്ഞാല്‍ മാരുതി സുസൂക്കിയുടെ ഏറ്റവും ഉയരക്കാരന്‍ ഹാച്ച് റിറ്റ്സാണ്. ഉയരമുള്ള സീറ്റ് ആയതിനാല്‍ കയറാനും ഇറങ്ങാനുമെല്ലാം എളുപ്പം. നല്ല ഉയരമുളളവര്‍ക്കും സുഖമായി തലയുയര്‍ത്തി ഇരിക്കാവുന്ന വിധം മികച്ച ഹെഡ് റൂമുണ്ട്. 2012 സെപ്റ്റംബറില്‍ പുറത്തിറങ്ങിയ പരിഷ്കരിച്ച പതിപ്പായിരുന്നു ഇതുവരെ വിപണിയിലുണ്ടായിരുന്നത്. ഇതിനോടകം രണ്ടു ലക്ഷത്തിലേറെ എണ്ണം വില്‍പ്പന നടന്നിട്ടുണ്ട്.



Related Stories
TOP