Home  > News  >  News Details
ബജാജ് ക്രാറ്റോസ് 400 നവംബറിലെത്തും
സ്വന്തം ലേഖകന്‍
Posted on: Friday, Sep 30, 2016   10:00 AM


ബൈക്ക് പ്രേമികള്‍ ഏറെ കാലമായി കാത്തിരിക്കുന്ന പള്‍സര്‍ വിഎസ് 400 , ക്രാറ്റോസ് 400 എന്ന പുതിയ പേരുമായി നവംബറില്‍ വിപണിയിലെത്തും. ഗ്രീക്ക് പുരാണങ്ങളില്‍ കരുത്തിന്റെയും യുദ്ധത്തിന്റെയും ദേവനാണ് ക്രാറ്റോസ്.


കെടിഎം ഡ്യൂക്ക് 390 ന്റെ 373.2 സിസി , സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ക്രാറ്റോസ് 400 ന് ഉപയോഗിക്കുക. എന്നാല്‍ ബജാജിന്റെ ട്രിപ്പിള്‍ സ്പാര്‍ക്ക് സാങ്കേതികവിദ്യ ഉള്‍പ്പെടുത്തി എന്‍ജിന്‍ പരിഷ്കരിച്ചിട്ടുണ്ട് . അതുകൊണ്ടുതന്നെ ഡ്യൂക്കിലെ എന്‍ജിന്‍ ഹെഡില്‍ നിന്ന് വ്യത്യസ്തമായിരിക്കും ക്രാറ്റോസിന്റേത്.


35 ബിഎച്ച്പി കരുത്ത് പ്രതീക്ഷിക്കുന്ന എന്‍ജിനൊപ്പം ആറ് സ്പീഡ് ഗീയര്‍ബോക്സാണ് ഉപയോഗിക്കുക. കെടിഎമ്മില്‍ നിന്ന് കടം കൊണ്ട സ്ലിപ്പര്‍ ക്ലച്ചും ഇതിനുണ്ട്. പരമാവധി വേഗം 155 കിമീ / മണിക്കൂര്‍ . ഇന്ത്യന്‍ ബൈക്കുകളിലാദ്യമായി ഫുള്‍ എല്‍ഇഡി ഹെഡ്‍ലാംപുകള്‍ ക്രാറ്റോസിലുണ്ടാകും. പൂര്‍ണ്ണമായും ഡിജിറ്റല്‍ ആയ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ , എബിഎസ് , മോണോഷോക്ക് റിയര്‍ സസ്പെന്‍ഷന്‍ എന്നിവയും പ്രധാന ഫീച്ചറുകളാണ്. 


റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ , മഹീന്ദ്ര മോജോ , റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 , തണ്ടര്‍ബേഡ് 500 മോഡലുകളുമായാണ് ബജാജിന്റെ സ്പോര്‍ട്സ് ക്രൂസര്‍ മത്സരിക്കുക. 1.60 ലക്ഷം രൂപയ്ക്കും 1.80 ലക്ഷം രൂപയ്ക്കും ഇടയില്‍ വില പ്രതീക്ഷിക്കാം. ക്രാറ്റോസിന്റെ ബുക്കിങ് ഒക്ടോബറില്‍ തുടങ്ങും.



Related Stories
TOP