Home  > News  >  News Details
വോള്‍വോ എക്സ്‍സി 90, മൈലേജ് 47.6 കിമീ
സ്വന്തം ലേഖകന്‍
Posted on: Thursday, Sep 22, 2016   11:00 AM


ആഡംബര എസ്‍യുവിയായ വോള്‍വോ എക്സ്‍ സി 90 യുടെ പ്ലഗ് ഇന്‍ ഹൈബ്രിഡ് വകഭേദം ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തി. ഇന്ത്യയില്‍ വോള്‍വോയുടെ ആദ്യ ഹൈബ്രിഡ് വാഹനമാണിത്. എക്സ‍ലന്‍സ് എന്ന ഒരേയൊരു വകഭേദത്തില്‍ ലഭ്യമായ എക്സ്‍സി 90 ടി 8 ന് 1.25 കോടി രൂപയാണ് ഡല്‍ഹിയില എക്സ്‍ഷോറൂം വില.


ടര്‍ബോ ചാര്‍ജറും സൂപ്പര്‍ ചാര്‍ജറുമുള്ള രണ്ട് ലീറ്റര്‍ , നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനും ( 316 ബിഎച്ച്പി ) ഇലക്ട്രിക് മോട്ടോറും ( 86 ബിഎച്ച്പി) ചേര്‍ന്നാണ് എക്സ്‍ സി 90 ടി 8 ന് ശക്തി പകരുന്നത്. രണ്ടും ചേര്‍ന്ന് 402 ബിഎച്ച്പി കരുത്ത് നല്‍കും. എസ്‍യുവിയുടെ മൈലേജ് ആരെയും ഞെട്ടിക്കും. ലീറ്ററിന് 47.6 കിമീ ആണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. ഫോര്‍ വീല്‍ ഡ്രൈവുള്ള പെട്രോള്‍ ഹൈബ്രിഡ് എസ്‍യുവിയ്ക്ക് ബാറ്ററിയില്‍ സംഭരിച്ച ഊര്‍ജം ഉപയോഗിച്ച് മാത്രം 43 കിമീ ഓടാനാവും. എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗീയര്‍ ബോക്സ്. മണിക്കൂറില്‍ 100 കിമീ വേഗമെടുക്കാന്‍ വേണ്ടത് 5.6 സെക്കന്‍ഡ്. പരമാവധി വേഗം 230 കിമീ / മണിക്കൂര്‍ .

റഡാര്‍ അടിസ്ഥാനമാക്കിയുള്ള സുരക്ഷാസംവിധാനങ്ങളുമായി ഇന്ത്യയിലെത്തുന്ന ആദ്യ വാഹനം എന്ന പ്രത്യേകതയും വോള്‍വോ ഹൈബ്രിഡ‍് എസ്‍യുവിയ്ക്കുണ്ട്. കാല്‍നടക്കാരെയും മൃഗങ്ങളെയും സൈക്കിള്‍ യാത്രികരെയുമൊക്കെ തിരിച്ചറിഞ്ഞ് വാഹനത്തിന്റെ വേഗം നിയന്ത്രിയ്ക്കാനും മുന്നറിയിപ്പ് നല്‍കാനും 360 ഡിഗ്രി റഡാര്‍ സംവിധാനത്തിനു കഴിയും. റോഡിലെ തടസം ഡ്രൈവറുടെ ശ്രദ്ധയില്‍ പെട്ടില്ലെങ്കില്‍ സ്വയം ബ്രേക്ക് ചെയ്ത് വാഹനം നിര്‍ത്തും. 


വോള്‍വോ വാഹനങ്ങളില്‍ വച്ചേറ്റവും ആഡംബര സൌകര്യങ്ങള്‍ എക്സ്‍സി 90 ടി 8 നല്‍കുന്നു. നാല് സീറ്റര്‍ എസ്‍യുവിയുടെ പിന്‍ സീറ്റ് ആവശ്യാനുസരണം ചെരിക്കാനാവും. മസാജ് ചെയ്യാനുള്ള സംവിധാനവും ഇതിനുണ്ട്. പിന്നിലെ ഓരോ യാത്രക്കാരനും ടച്ച് സ്ക്രീനുണ്ട്. മടക്കി വയ്ക്കാവുന്ന ടേബിള്‍ , റഫ്രിജറേറ്റര്‍ എന്നിവയും ഇതിലുണ്ട്. ബോവേഴ്സ് ആന്‍ഡ് വില്‍ക്കിന്‍സിന്റെ 20 സ്പീക്കര്‍ സൌണ്ട് സിസ്റ്റവും പ്രത്യേകയാണ്.

മറ്റ് വോള്‍വോ മോഡലുകളെപ്പോലെ നിര്‍മാണം പൂര്‍ത്തിയാക്കി ഇറക്കുമതി ചെയ്താണ് എക്സ്‍ സി 90 ടി 8 ഇന്ത്യയില്‍ വില്‍പ്പന നടത്തുന്നത്. ഇന്ത്യന്‍ വിപണിയിലെ രണ്ടാമത്തെ പ്ലഗ് ഇന്‍ ഹൈബ്രിഡാണിത്. ബിഎംഡബ്ല്യു ഐ8 ആണ് ആദ്യ മോഡല്‍ . ഇതിനോടകം 50 ബുക്കിങ്ങുകള്‍ പ്ലഗ് ഇന്‍ ഹൈബ്രിഡ് എസ്‍യുവിയ്ക്ക് ലഭിച്ചെന്ന് വോള്‍വോ കാര്‍സ് ഇന്ത്യ അറിയിച്ചു.


എക്സ്‍സി 90 ടി 8 ന് നേരിട്ടൊരു എതിരാളി ഇന്ത്യന്‍ വിപണിയിലില്ല. മെഴ്‍സി‍ഡീസ് ബെന്‍സ് ജിഎല്‍എസ് , ബിഎംഡബ്ല്യു എക്സ്‍ 5 , ഔഡി ക്യു സെവന്‍ മോഡലുകളുമായാണ് സാധാരണ എക്സ്‍ സി 90 മത്സരിക്കുന്നത്. 



Related Stories





TOP
Designed and developed by EGGS