Home  > News  >  News Details
ഹോണ്ട ഷൈന്‍ എസ്‍പി വില്‍പ്പന ഒരു ലക്ഷം കവിഞ്ഞു
സ്വന്തം ലേഖകന്‍
Posted on: Wednesday, Sep 21, 2016   5:00 PM


125 സിസി ബൈക്കായ ഹോണ്ട സി ബി ഷൈനിന്റെ മുന്തിയ വകഭേദമായ ഷൈന്‍ എസ്‍പിയുടെ വില്‍പ്പന ഒരു ലക്ഷം കവിഞ്ഞു. 2015 നവംബറിലാണ് ഷൈന്‍ എസ്‍പി വിപണിയിലെത്തിയത്.


അഞ്ച് സ്പീഡ് ഗീയര്‍ബോക്സാണ് ഷൈന്‍ എസ്‍പിയുടെ പ്രധാന സവിശേഷത. സാധാരണ ഷൈനിന് നാല് സ്പീഡാണ് ഗീയര്‍ബോക്സ്. ഉയര്‍ന്ന വേഗത്തില്‍ വൈബ്രേഷന്‍ കുറച്ച് , യാത്ര കൂടുതല്‍ സുഖപ്രദമാക്കാന്‍ അഞ്ച് സ്പീഡ് ഗീയര്‍ബോക്സിനു കഴിയും. എന്‍ജിനു മാറ്റമില്ല. 124.73 സിസി , സിംഗിള്‍ സിലിണ്ടര്‍ , ഫോര്‍ സ്ട്രോക്ക് എന്‍ജിന് 10.57 ബിഎച്ച്പി -10.30 എന്‍എം ആണ് ശേഷി. ലീറ്ററിന് 65 കിമീ / ലീറ്റര്‍ ആണ് നിര്‍മാതാക്കള്‍ സാക്ഷ്യപ്പെടുത്തിയ മൈലേജ്.


ഹെഡ്‍‍ലാംപിന്റെ ബിക്കിനി ഫെയറിങ് , ഗ്രാഫിക്സ് , ടെയ്ല്‍ ലാംപ് , സൈഡ് പാനല്‍ , അലോയ് വീല്‍ എന്നിവയില്‍ വ്യത്യസ്തതയുണ്ട് എസ്‍പിയ്ക്ക്. ക്രോം ഫിനിഷുള്ള സൈലന്‍സര്‍ , ഡിജിറ്റല്‍ - അനലോഗ് സമ്മിശ്രമായ മീറ്റര്‍ കണ്‍സോള്‍ എന്നിവയും പ്രത്യേകതകളാണ്. ഈ വിഭാഗത്തില്‍ ഏറ്റവും കൂടിയ വീല്‍ബേസുള്ള ഷൈനിന് ട്യൂബ്‍ലെസ് ടയറുകളാണ്.


2006 ലാണ് സി ബി ഷൈന്‍ വിപണിയിലെത്തിയത്. ഇതിനോടകം 43 ലക്ഷം എണ്ണം നിരത്തിലിറങ്ങിയിട്ടുണ്ട്. 125 സിസി ബൈക്ക് വിപണിയില്‍ 46 ശതമാനം ഓഹരി ഷൈനിനുണ്ട്.


അഞ്ച് നിറങ്ങളില്‍ ലഭ്യമായ ഷൈന്‍ എസ്‍പിയ്ക്ക മൂന്ന് വേരിയന്റുകളുണ്ട്. കേരളത്തിലെ എക്സ്‍ഷോറൂം വില: സെല്‍ഫ് - ഡ്രം- അലോയ് - 63,805 രൂപ , സെല്‍ഫ് - ഡിസ്ക്- അലോയ്  - 66,306 രൂപ , സെല്‍ഫ് - കോംബി- അലോയ്  - 68,305 രൂപ.



Related Stories





TOP
Designed and developed by EGGS