Home  > News  >  News Details
സ്പ്ലെന്‍ഡര്‍ ഐ സ്മാര്‍ട്ട് 110
സ്വന്തം ലേഖകന്‍
Posted on: Saturday, Jul 16, 2016   2:00 PM


ഹോണ്ട രൂപകല്‍പ്പന ചെയ്ത എന്‍ജിന്‍ ഉപയോഗിച്ച് ഇനി എത്രനാള്‍ ? ഒടുവില്‍ ഹീറോ മോട്ടോ കോര്‍പ്പ് സ്വന്തമായി നിര്‍മിച്ച 110 സിസി എന്‍ജിനുള്ള മോഡല്‍ പുറത്തിറക്കി. സ്പ്ലെന്‍ഡര്‍ ഐ സ്മാര്‍ട്ട് 110 ആണ് പുതിയ മോഡല്‍ . ഹോണ്ടയുമായി ഹീറോ ബന്ധം പിരിഞ്ഞത് അഞ്ചര വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു.


ഫെബ്രുവരിയിലെ ഡല്‍ഹി ഓട്ടോ എക്സ്‍പോയില്‍ പുതിയ എന്‍ജിനുള്ള സ്പ്ലെന്‍ഡറിനെ ഹീറോ പ്രദര്‍ശിപ്പിച്ചിരുന്നു. എന്‍ജിന്‍ മാത്രമല്ല ഫ്രെയിമും പുതിയതാണ് സ്പ്ലെന്‍ഡര്‍ ഐ സ്മാര്‍ട്ട് 110 ന്റെ. മുംബൈയിലെ എക്സ്‍ഷോറൂം വില 53,100 രൂപ.


പുതിയ 110 സിസി , സിംഗിള്‍ സിലിണ്ടര്‍ ,ഫോര്‍ സ്ട്രോക്ക് എന്‍ജിന് 9.2 ബിഎച്ച്പി -9 എന്‍എം ആണ് ശേഷി. 7.45 സെക്കന്‍ഡുകൊണ്ട് 60 കിമീ വേഗം ആര്‍ജിയ്ക്കാന്‍ ബൈക്കിനു കഴിയുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. യമഹ സല്യൂട്ടോയ്ക്ക് ശേഷം ബിഎസ് 4 എമിഷന്‍ നിയമങ്ങള്‍ പാലിക്കുന്ന മോഡല്‍ എന്ന പ്രത്യേകതയും പുതിയ സ്പ്ലെന്‍ഡറിനുണ്ട്. ഹീറോയുടെ 100 സിസി ബൈക്കുകള്‍ക്ക് പൊതുവെ ചെരിഞ്ഞിരിക്കുന്ന എന്‍ജിനാണെങ്കില്‍ പുതിയ സ്പ്ലെന്‍ഡലേത് നിവര്‍ന്നിരിക്കുന്നതാണ്. നാല് സ്പീഡാണ് ഗീയര്‍ബോക്സ്. യഥാര്‍ഥ റോഡ് സാഹചര്യങ്ങളില്‍ 68 കിമീ / ലീറ്റര്‍ മൈലേജ് നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നു.


സ്വയം പ്രവര്‍ത്തിക്കുന്ന ഹെഡ്‍ലാംപാണ് സ്പ്ലെന്‍ഡര്‍ ഐ സ്മാര്‍ട്ട് 110 ന്. എന്‍ജിന്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഹെഡ്‍ലാംപും ഓണാകും. ഇത് നിര്‍ത്താന്‍ സ്വിച്ചില്ല.ഇരുചക്രവാഹന അപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ, ഏപ്രില്‍ ഒന്ന് മുതല്‍ പുറത്തിറക്കുന്ന ടൂവിലറുകള്‍ക്ക് ഓട്ടോമാറ്റിക് ഹെഡ്‍ലാംപ് നല്‍കണമെന്ന ഗതാഗത മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം മാനിച്ചാണ് ഈ സംവിധാനം കമ്പനി നല്‍കിയിരിക്കുന്നത്.


2014 മാര്‍ച്ചില്‍ ഹീറോ പുറത്തിറക്കിയ 100 സിസി സ്പ്ലെന്‍ഡര്‍ ഐ സ്മാര്‍ട്ടിന്റെ തരം സ്റ്റാര്‍ട്ട് സ്റ്റോപ് സിസ്റ്റം പുതിയ സ്പ്ലെന്‍ഡറിലും ഉപയോഗിക്കുന്നു. ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് വെറുതെ കിടക്കുമ്പോള്‍ എന്‍ജിന്‍ ഓഫ് ചെയ്ത് ഇന്ധനം ലാഭിക്കുന്ന സംവിധാനമാണിത്. ക്ലച്ച് അമര്‍ത്തുന്നതോടെ എന്‍ജിന്‍ വീണ്ടും സ്റ്റാര്‍ട്ടാകും.


ഹോണ്ട ലിവോ, യമഹ സല്യൂട്ടോ ആര്‍എക്സ് , ടിവിഎസ് വിക്ടര്‍ 110 എന്നീ മോഡലുകളുമായാണ് സ്പ്ലെന്‍ഡര്‍ ഐ സ്മാര്‍ട്ട് 110 മത്സരിക്കുന്നത്.



Related Stories





TOP

Car Bike








Designed and developed by EGGS