Home  > News  >  News Details
ഷെവര്‍ലെ എന്‍ജോയ് വിടവാങ്ങി
സ്വന്തം ലേഖകന്‍
Posted on: Wednesday, Jun 22, 2016   5:00 PM


ഇന്ത്യയിലെ എംപിവി വിപണിയില്‍ ക്ലച്ച് പിടിക്കാനാവില്ലെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് ഷെവര്‍ലെ എന്‍ജോയിയുടെ വില്‍പ്പന ജനറല്‍ മോട്ടോഴ്സ് അവസാനിപ്പിച്ചു. മൂന്നു വര്‍ഷം കൊണ്ട് ആകെ 31,784 എണ്ണം മാത്രമായിരുന്നു എന്‍ജോയിയുടെ വില്‍പ്പന. സ്പിന്‍ എന്ന പുതിയ എംപിവിയെ അവതരിപ്പിക്കാനുള്ള പദ്ധതി വേണ്ടെന്ന് വച്ചെന്ന് അടുത്തിടെ കമ്പനി വെളിപ്പെടുത്തിയിരുന്നു.


ചൈനീസ് വിപണിയിലെ വുളിങ് ഹോങ് ഗുവാങ് എം പി വിയുടെ ബാഡ്ജ് എന്‍ജിനീയറിങ് രൂപാന്തരമാണ് ഇന്ത്യയില്‍ ജനറല്‍ മോട്ടോഴ്സ് (ജിഎം) അവതിപ്പിച്ച ഷെവര്‍ലെ എന്‍ജോയ്. 2013 ഏപ്രിലില്‍ വിപണിയിലെത്തിയ എന്‍ജോയിയുടെ പരിഷ്കരിച്ച മോഡല്‍ 2015 ജൂലൈയില്‍ പുറത്തിറങ്ങി.


എംപിവി വിഭാഗത്തില്‍ ടവേരയ്ക്കു ശേഷം ജിഎം അവതരിപ്പിച്ച ഏഴ് /എട്ട് സീറ്റര്‍ മോഡലിന് പെട്രോള്‍ , ഡീസല്‍ പെട്രോള്‍ , ഡീസല്‍ എന്‍ജിന്‍ വകഭേദങ്ങളുണ്ടായിരുന്നു.ഫിയറ്റില്‍ നിന്നു കടം കൊണ്ട 1.3 ലീറ്റര്‍ മള്‍ട്ടിജെറ്റ് എന്‍ജിനായിരുന്നു ഡീസല്‍ വകഭേദത്തിന്.


പുതിയ ബീറ്റ് , ബീറ്റ് ആക്ടിവ് ക്രോസ് ഓവര്‍ , എസെന്‍ഷ്യ കോംപാക്ട് സെഡാന്‍ എന്നിവയാണ് ജനറല്‍ മോട്ടോഴ്സ് അടുത്തുതന്നെ അവതരിപ്പിക്കാനിരിക്കുന്ന മോഡലുകള്‍ . ട്രെയ്ല്‍ബ്ലേസര്‍ പ്രീമിയം എസ്‍യുവി , ക്രൂസ് സെഡാന്‍ എന്നിവയുടെ പുതിയ പതിപ്പ് പിന്നാലെ എത്തും. വേണ്ടത്ര വില്‍പ്പന നേടാത്ത സെയില്‍ സെഡാന്‍ , സെയില്‍ യുവ ഹാച്ച്ബാക്ക് എന്നിവയെയും അധികം വൈകാതെ ജനറല്‍ മോട്ടോഴ്സ് വിപണിയില്‍ നിന്ന് പിന്‍വലിക്കാനാണ് സാധ്യത.


എംപിവി വിപണിയില്‍ ഇന്നോവയ്ക്ക് ശേഷം മാരുതി എര്‍ട്ടിഗയ്ക്ക് മാത്രമാണ് കാര്യമായ വില്‍പ്പന വിജയം നേടാനായത്. ഹോണ്ട മൊബീലിയോ, റെനോ ലോഡ്ജി എന്നീ മോഡലുകള്‍ക്കും വില്‍പ്പന വിജയം നേടാനായില്ല.
MPV Sales in India 



Related Stories
TOP