Home  > News  >  News Details
ഹീറോ കരിസ്മയുടെ ഉത്പാദനം നിര്‍ത്തി
സ്വന്തം ലേഖകന്‍
Posted on: Wednesday, Dec 23, 2015   9:00 AM


ഹീറോ മോട്ടോ കോര്‍പ്പിന്റെ ഏറ്റവും വിലകൂടിയ മോഡലായ കരിസ്മ വിപണിയോട് വിടപറയുന്നു. വില്‍പ്പന തീര്‍ത്തും മോശമായതിനെത്തുടര്‍ന്നാണ് കരിസ്മ ആര്‍ , കരിസ്മ സെഡ്‍എെംആര്‍ മോഡലുകളുടെ ഉത്പാദനം കമ്പനി അവസാനിപ്പിച്ചത്. 2014 ല്‍ നിര്‍മിച്ച ബൈക്കുകള്‍ പോലും വിറ്റ് തീരാതെ ചില ഡീലര്‍ഷിപ്പുകളിലുണ്ട്. ഇവയ്ക്ക് വമ്പന്‍ ഡിസ്കൗണ്ട് നല്‍കി സ്റ്റോക്ക് തീര്‍ക്കാനുള്ള ശ്രമത്തിലാണ് ഡീലര്‍മാര്‍ .


ഹീറോയും ഹോണ്ടയും സൗഹൃദത്തിലായിരുന്ന കാലത്താണ് കരിസ്മ വിപണിയിലെത്തിയത്. 2003 ലായിരുന്നു അത്. ഫെയറിങ്ങുള്ള പതിപ്പായ സെഡ്എംആര്‍ 2009 ലും. അക്കാലത്ത് എതിരാളികള്‍ ഇല്ലായിരുന്നതുകൊണ്ടുതന്നെ കരിസ്മ പെട്ടെന്നു തന്നെ യുവമനസ്സുകളെ കീഴടക്കി. ബിഎംഡബ്ല്യു എക്സ് 650 എന്ന മോഡലില്‍ നിന്നും കടമെടുത്ത സ്പോര്‍ട്ടി സീറ്റിങ് പൊസിഷനും 225 സിസി എന്‍ജിന്റെ പവറും കരിസ്മയെ താരമാക്കിയെന്നത് സത്യം തന്നെ. പക്ഷേ 250 സിസിയ്ക്കുമേല്‍ വലുപ്പമുള്ള കരുത്തന്‍ എന്‍ജിനുള്ള എതിരാളികള്‍ എത്തിയതോടെ കരിസ്മയുടെ കരിസ്മ കുറഞ്ഞു.

2014 ല്‍ മോഡല്‍ പരിഷ്കാരം നടത്തിയതോടെയാണ് കരിസ്മയുടെ വില്‍പ്പന ഗണ്യമായി കുറഞ്ഞത്. ഗോഡ് ഓഫ് ബൈക്ക്സ് എന്ന് വിശേഷണത്തോടെ ഹീറോ അവതരിപ്പിച്ച പുതിയ കരിസ്മയുടെ രൂപം ആര്‍ക്കും അങ്ങോട്ട് ദഹിച്ചില്ല. വിലയിലും ആകര്‍ഷണീയത പുലര്‍ത്താന്‍ ബൈക്കിനു കഴിഞ്ഞില്ല. ഫലമോ ബുക്ക് ചെയ്തവര്‍ പോലും പിന്നീട് വണ്ടി വേണ്ടെന്നു വച്ചു. 2014 ഡിസംബര്‍ മുതല്‍ പ്രതിമാസം 1,000 യൂണിറ്റ് വില്‍പ്പന പോലും കരിസ്മയ്ക്ക് നേടാനായില്ല. ഈ വര്‍ഷം ജനുവരി മുതല്‍ ഓഗസ്റ്റ് വരെ ആകെ വില്‍പ്പന നടന്നത് വെറും 3050 കരിസ്മകളാണ്. അതായതി ശരാശരി പ്രതിമാസ വില്‍പ്പന 381 എണ്ണം മാത്രം.
Hero Karizma Sales
കരിസ്മ മോഡലുകള്‍ക്ക് 223 സിസി , സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ സ്ട്രോക്ക് , എയര്‍കൂള്‍ഡ് എന്‍ജിനാണ് ഉപയോഗിക്കുന്നത്. കരിസ്മ ആര്‍ മോഡലില്‍ 18.9 ബിഎച്ച്പി -19.35 എന്‍എമ്മും കരിസ്മ സെഡ്എംആറില്‍ 19.7 ബിഎച്ച്പി -19.35 എന്‍എമ്മുമാണ് കരുത്ത്. അഞ്ച് സ്പീഡാണ് ഗീയര്‍ബോക്സ്.
HX250R
കരിസ്മയ്ക്ക് പകരമായി എച്ച്എക്സ് 250 ആര്‍ എന്ന മോഡലിനെ പുറത്തിറക്കാനാണ് ഹീറോ മോട്ടോ കോര്‍പ്പിന്റെ പദ്ധതി. അമേരിക്കന്‍ കമ്പനി എറിക് ബ്യൂള്‍ റേസിങ്ങുമായി സഹകരിച്ച് നിര്‍മിക്കുന്ന ബൈക്കിന് 249 സിസി , സിംഗിള്‍ സിലിണ്ടര്‍ , ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ഉപയോഗിക്കുക. ആറ് സ്പീഡാണ് ഗീയര്‍ബോക്സ്. ഫെബ്രുവരിയിലെ ഡല്‍ഹി ഓട്ടോ എക്സ്‍പോയില്‍ ഈ മോഡലിന്റെ അരങ്ങേറ്റം പ്രതീക്ഷിക്കാം.






Related Stories





TOP
Designed and developed by EGGS