Home  > News  >  News Details
പുതിയ ഔഡി ക്യു സെവന്‍
സ്വന്തം ലേഖകന്‍
Posted on: Sunday, Dec 13, 2015   10:00 AM


ലക്ഷുറി എസ്‍യുവിയായ ഔഡി ക്യു സെവന്റെ പുതിയ മോഡല്‍ ഇന്ത്യയിലെത്തി. വോള്‍വോ എക്സ്‍ സി 90 , ബിഎംഡബ്ല്യു എക്സ്‍ 5 , മെഴ്‍സിഡീസ് ബെന്‍സ് ജിഎല്‍ഇ മോഡലുകളോട് മത്സരിക്കുന്ന പുതിയ ക്യു സെവന് 72 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്സ്‍ഷോറൂം വില. മുന്തിയ വകഭേദത്തിന് 77.50 ലക്ഷം രൂപ.


മുന്‍ തലമുറ ക്യു സെവനെ അപേക്ഷിച്ച് വലുപ്പക്കുറവുള്ള പുതിയ മോഡലിന് 2,060 കിലോഗ്രാമാണ് ഭാരം. പഴയ മോഡലിനെക്കാള്‍ 325 കിലോഗ്രാം കുറവ്. പ്ലാറ്റ്ഫോമും സസ്പെന്‍ഷനും പുതിയതാണ്.


പഴയതിലും കരുത്തും ഇന്ധനക്ഷമതയുമുള്ളതാണ് ഡീസല്‍ എന്‍ജിന്‍ . മൂന്ന് ലിറ്റര്‍ , വി 6 ടര്‍ബോ ഡീസല്‍ എന്‍ജിന് 249 ബിഎച്ച്പി -600 എന്‍എം ആണ് എന്‍ജിന്‍ ശേഷി. ക്വാഡ്രോ ആള്‍ വീല്‍ ഡ്രൈവുള്ള എസ്‍യുവിയ്ക്ക് എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗീയര്‍ബോക്സ്. മണിക്കൂറില്‍ 100 കിമീ വേഗമെടുക്കാന്‍ വേണ്ടത് 7.1 സെക്കന്‍ഡ്. ഏഴ് സീറ്റര്‍ എസ്‍യുവിയ്ക്ക് മണിക്കൂറില്‍ 234 കിമീ ആണ് പരമാവധി വേഗം. ലീറ്ററിന് 14.75 കിമീ മൈലേജ് ഔഡി വാഗ്ദാനം ചെയ്യുന്നു.


ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ലെതര്‍ സീറ്റുകള്‍ , നാല് സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ , പനോരമിക് സണ്‍റൂഫ് , 19 സ്പീക്കര്‍ ബോസ് ഓഡിയോ സിസ്റ്റം , ബട്ടന്‍ അമര്‍ത്തി മടക്കാവുന്ന മൂന്നാം നിര സീറ്റ് , 360 ഡിഗ്രി ക്യാമറ, എയര്‍ സസ്പെന്‍ഷന്‍ എന്നിവ പ്രധാന ഫീച്ചറുകളില്‍ പെടുന്നു. നിലവില്‍ ക്യു സെവന്‍ ഇറക്കുമതി ചെയ്താണ് വില്‍പ്പനയ്ക്കിറക്കുന്നത്. 2016 ല്‍ തദ്ദേശീയമായി ഉത്പാദിപ്പിച്ചുതുടങ്ങും.







Related Stories
TOP