Home  > News  >  News Details
ഔഡി എ 6 മാട്രിക്സ് ഇന്ത്യയില്‍
സ്വന്തം ലേഖകന്‍
Posted on: Thursday, Aug 20, 2015   2.00 PM


ഔഡി എ 6 ന്റെ നവീകരിച്ച മോഡല്‍ ഇന്ത്യന്‍ വിപണിയിലെത്തി. എ6 മാട്രിക്സ് എന്നു പേരുള്ള പുതിയ പതിപ്പിന് 49.50 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്സ്‍ഷോറൂം വില.


മുന്തിയ മോഡലായ എ8 ലെ തരം മാട്രിക്സ് എല്‍ഇഡി ഹെഡ്‍ലാംപുകളാണ് പുതിയ എ 6 ന്റെ മുഖ്യ സവിശേഷത. ക്യാമറയുടെ സഹായത്തോടെ മുന്നില്‍ നിന്നുള്ള വാഹനങ്ങളുടെ വെളിച്ചം തിരിച്ചറിഞ്ഞ് എല്‍ഇഡികളുടെ പ്രകാശം വേണ്ട വിധം ക്രമപ്പെടുത്താന്‍ ഇതിനു കഴിയും. എതിരെ വരുന്ന വാഹനത്തിന്റെ ഡ്രൈവറുടെ കണ്ണിലേയ്ക്ക് വെട്ടം അടിക്കുന്നത് തടയുന്നതിനൊപ്പം ആവശ്യാനുസരണം എല്‍ഇഡികളുടെ പ്രകാശം ക്രമപ്പെടുത്തി മികച്ച റോഡ് കാഴ്ച ഇത് ഉറപ്പാക്കുന്നു. ഹെഡ്‍ലാംപില്‍ തന്നെ ടേണ്‍ ഇന്‍ഡിക്കേറ്ററും തെളിയും. മുന്നിലെയും പിന്നിലെയും ബമ്പര്‍ , ഗ്രില്‍ , ടെയ്ല്‍ ലാംപുകള്‍ എന്നിവ പരിഷ്കരിച്ചിട്ടുണ്ട്. 


പുതിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇന്റീയറിലെ പ്രധാന സംഗതി. നാല് സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ , 600 വാട്ട്സ് ബോസ് സറൗണ്ട് സൗണ്ട് സിസ്റ്റം , ബട്ടന്‍ അമര്‍ത്തി മുന്നോട്ട് നീക്കാവുന്ന റിയര്‍ സീറ്റ് എന്നിവയും പ്രത്യേകതകളാണ്. ഈ വിഭാഗത്തില്‍ ആദ്യമായി എട്ട് എയര്‍ബാഗുകളും എ6 മാട്രിക്സ് നല്‍കുന്നു.


കരുത്ത് കൂടിയ 2.0 ലീറ്റര്‍ ടിഡിഐ ഡീസല്‍ എന്‍ജിനാണ് എ6 മാട്രിക്സിന്. 187.7 ബിഎച്ച്പി( പഴയതിന് 174 ബിഎച്ച്പി) യാണ് എന്‍ജിന്‍ കരുത്ത്. ഏഴ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗീയര്‍ബോക്സ് . പെട്രോള്‍ എന്‍ജിന്‍ ലഭ്യമല്ല. റോഡിന്റെ അവസ്ഥയ്ക്കനുസരിച്ച് ക്രമീകരിക്കാവുന്ന എയര്‍ സസ്പെന്‍ഷനാണ് എ 6 നുള്ളത്. 


മെഴ്‍സിഡീസ് ബെന്‍സ് ഇ ക്ലാസ് , ബിഎംഡബ്ല്യു ഫൈവ് സീരീസ് , ജാഗ്വാര്‍ എക്സ് എഫ് എന്നിവയോടാണ് എ6 മാട്രിക്സ് മത്സരിക്കുന്നത്.




Related Stories





TOP
Designed and developed by EGGS