Home  > News  >  News Details
പരിഷ്കരിച്ച ഔഡി ക്യു ത്രി
സ്വന്തം ലേഖകന്‍
Posted on: Friday, Jun 19, 2015   10:30 AM


ഔഡിയുടെ കോപാംക്ട് എസ്‍യുവിയായ ക്യു ത്രിയുടെ മുഖം മിനുക്കിയ പതിപ്പ് വിപണിയിലെത്തി. അകത്തും പുറത്തും മാറ്റങ്ങള്‍ക്കൊപ്പം പുതിയ ഫീച്ചേഴ്സും നവീകരിച്ച ക്യു ത്രിയ്ക്കുണ്ട്. ഡല്‍ഹി എക്സ്‍ഷോറൂം വില 28.99 ലക്ഷം രൂപ മുതല്‍ .


വലുപ്പം കൂടിയ ക്രോം ഗ്രില്‍ , മെലിഞ്ഞ ഹെഡ്‍ലാംപുകള്‍ , വലിയ എയര്‍വെന്റുകളുള്ള പുതിയ ബമ്പര്‍ എന്നിവയാണ് മുന്‍ഭാഗത്തെ മാറ്റങ്ങള്‍ . ടെയ്ല്‍ ലാംപുകള്‍ക്കും പുതുമയുണ്ട്. അടിസ്ഥാന വകഭേദത്തിന് 16 ഇഞ്ച് അലോയ്സും മറ്റുള്ളവയ്ക്ക് 17 ഇഞ്ച് വീലുകളുമാണ്.


പൂര്‍ണ്ണമായും കറുപ്പ് നിറത്തിലും കറുപ്പ് - ബീജ് വര്‍ണ്ണസങ്കലത്തിലും ഉള്ള ഇന്റീരിയര്‍ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം. പഴയ മോഡലിന്റെ ഇന്റീരിയരില്‍ തടിയുടെ ഫീനിഷായിരുന്നെങ്കില്‍ പുതിയതില്‍ അതെല്ലാം മെറ്റാലിക് ഫിനിഷിലാണ്. ക്രോം ഇന്‍സേര്‍ട്ടുകളും നല്‍കിയിട്ടുണ്ട്.


ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന മുന്‍ സീറ്റുകള്‍ , ക്ലൈമറ്റ് കണ്‍ട്രോള്‍ , ആറ് എയര്‍ബാഗുകള്‍ , പനോരമിക് സണ്‍ റൂഫ് , എല്‍ഇഡി ഹെഡ്‍ലാംപ് , സാറ്റലൈറ്റ് നാവിഗേഷന്‍ , 20 ജിബി സ്റ്റോറേജുള്ള പുതിയ മ്യൂസിക് സിസ്റ്റം എന്നിവ ഫീച്ചേഴ്സില്‍ പെടുന്നു.


രണ്ട് ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ് ക്യു ത്രിയ്ക്ക്. അടിസ്ഥാന വകഭേദത്തിന് കരുത്ത് കുറവാണ് , 138 ബിഎച്ച്പി. മറ്റു വേരിയന്റുകലില്‍ ഇത് 174 ബിഎച്ച്പിയാണ്. ഔഡിയുടെ ക്വാഡ്രോ ആള്‍വീല്‍ ഡ്രൈവ് സിസ്റ്റം ഉപയോഗിക്കുന്ന ക്യു ത്രി വകഭേദങ്ങള്‍ക്ക് ഏഴ് സ്പീഡ് ഓട്ടോമാറ്റിക് ഗീയര്‍ബോക്സ് ഉപയോഗിക്കുന്നു. ഫ്രണ്ട് വീല്‍ ഡ്രൈവുള്ള ക്യു ത്രി എസിന് ആറ് സ്പീഡ് മാന്വല്‍ ടൈപ്പാണ് ഗീയര്‍ബോക്സ്.

ഡല്‍ഹി എക്സ്‍ഷോറൂം വില :  ക്യു 3 എസ് - 28.99 ലക്ഷം രൂപ , ക്യു 3 പ്രീമിയം -33.99 ലക്ഷം രൂപ , ക്യു 3 പ്രീമിയം പ്ലസ് - 37.50 ലക്ഷം രൂപ. എന്‍ട്രി ലെവല്‍ ലക്ഷുറി എസ്‍യുവി വിഭാഗത്തില്‍ ബിഎംഡബ്ല്യു എക്സ്‍ വണ്‍ , മെഴ്‍സിഡീസ് ബെന്‍സ് ജിഎല്‍എ ക്ലാസ് മോഡലുകളോടാണ് ക്യു 3 മത്സരിക്കുന്നത്.



Related Stories





TOP
Designed and developed by EGGS