Home  >  Loan info >   Loan info Details
വാഹനവായ്പ എടുക്കുമ്പോള്‍
ജെ. പ്രദീപ്
Posted on: Sunday, Sep 20, 2015   11:00 AM



വാഹനവായ്പ എടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഏറെ സാമ്പത്തികലാഭം നേടാനാവും. അവ എന്തൊക്കെയെന്നു മനസിലാക്കാം.

1. ഓരോ മാസവും വായ്പതവണ അടയ്ക്കുമ്പോള്‍ അവശേഷിക്കുന്ന തുകയ്ക്കുള്ള പലിശ ഈടാക്കുന്ന രീതിയാണ് എസ്‍ബിടി , എസ്‍ബിഐ പോലുള്ള പൊതുമേഖല ബാങ്കുകള്‍ക്കുള്ളത്. മൊത്തം വായ്പകാലാവധിയ്ക്കും പലിശ ഈടാക്കുന്ന ഫ്ലാറ്റ് റേറ്റാണ് സ്വകാര്യബാങ്കുകളുടേത്. ഇതില്‍ ആദ്യത്തേതാണ് മെച്ചമെന്ന് അറിയാമല്ലോ. എന്നാല്‍ പൊതുമേഖല ബാങ്കുകള്‍ വാഹനവായ്പ നല്‍കുന്നതിനായി വയ്ക്കുന്ന മാനദണ്ഡങ്ങള്‍ എല്ലാവര്‍ക്കും സ്വീകാര്യമായിരിക്കില്ല.


2. വായ്പത്തുക കുറയുമ്പോള്‍ അടയ്ക്കേണ്ട പലിശയും കുറയും. അതുകൊണ്ടുതന്നെ ഡൗണ്‍ പേയ്മെന്റ് പരമാവധി അടയ്ക്കുക.


3. പ്രതിമാസ ശമ്പളത്തിന്റെ 20 ശതമാനമോ അതിനു താഴെയോ ആയിരിയ്ക്കണം ഇഎംഐ. വാഹനത്തിന് ഇന്ധനത്തിനും സര്‍വീസിനുമായി വേറെയും ചെലവു വരുമെന്ന് ഓര്‍മിക്കുക. നിങ്ങള്‍ക്ക്  പ്രതിമാസം 20,000 രൂപയാണ് ശമ്പളമായി കയ്യില്‍ കിട്ടുന്നതെങ്കില്‍ പ്രതിമാസ വായ്പ തിരിച്ചടവ് 4,000 രൂപയില്‍ കവിയരുത്. അതിനുയോജിക്കുന്ന മോഡല്‍ തിരഞ്ഞെടുക്കുക.


4. പലിശ നിരക്കും ഇഎംഐയും മാത്രം നോക്കി ലോണ്‍ എടുക്കരുത് . കാരണം പ്രൊസസ്സിങ് ചാര്‍ജ് അടക്കമുള്ള പല ചാര്‍ജുകളും അവര്‍ വായ്പത്തുകയില്‍ ഈടാക്കുന്നുണ്ടാകും. കബളിപ്പിക്കപ്പെടാതിരിക്കാന്‍ ഒരു എളുപ്പവഴി പറഞ്ഞുതരാം.ആദ്യം വാഹനത്തിന്റെ ഓണ്‍റോഡ് വില ഡീലര്‍ഷിപ്പില്‍ നിന്ന് എഴുതി വാങ്ങുക. ഇതിന്റെ നിശ്ചിത ശതമാനം വരെയാണ് പരമാവധി വായ്പ ലഭിക്കുക. ആ തുക കൃത്യമായി എത്രയാണെന്ന് അന്വേഷിച്ചറിയുക. ഉദാഹരണത്തിന് ഒരു ലക്ഷം രൂപയുടെ ബൈക്ക് വാങ്ങുന്നു എന്നു കരുതുക. നിങ്ങള്‍ 30,000 രൂപ ഡൗണ്‍പേയ്മെന്റ് ആയി നല്‍കുന്നു. ഇനി 70,000 രൂപയാണ് വായ്പയായി വേണ്ടത്. ഇതിന്റെ പ്രതിമാസ തവണ ( ഇഎംഐ) എത്രയെന്ന് കണക്കുകൂട്ടി  എഴുതി നല്‍കാന്‍ ബാങ്ക് അല്ലെങ്കില്‍ ഫിനാന്‍സ് കമ്പനി എക്സിക്യുട്ടീവിനോട് ആവശ്യപ്പെടുക. ലോണ്‍ കാലാവധി രണ്ട് വര്‍ഷമാണെങ്കില്‍ ഇഎംഐയെ 24 കൊണ്ട് ഗുണിക്കുക. ഇങ്ങനെ കിട്ടുന്ന സംഖ്യയും വായ്പ തുകയും തമ്മിലുള്ള വ്യത്യാസം കണ്ടുപിടിക്കുക. നിങ്ങള്‍ വായ്പയായി എടുത്ത 70,000 രൂപയ്ക്ക് പലിശ ഇനത്തില്‍ എത്ര രൂപ നല്‍കേണ്ടതുണ്ടെന്ന് ഇതില്‍ നിന്ന് വ്യക്തമായി മനസിലാക്കാം. മൂന്നോ നാലോ ബാങ്കുകളെ സമീപിച്ച് സമാനരീതിയില്‍ കണക്കുകൂട്ടി പലിശ കുറവുള്ളത് തിരഞ്ഞെടുക്കുക.


5. ഉത്സവകാലത്ത് ബാങ്കുകള്‍ വായ്പാ പലിശ നിരക്കില്‍ ഇളവ് നല്‍കാറുണ്ട്. അത് നേടിയെടുക്കാന്‍ ശ്രമിക്കുക. മാസാവസാനം ടാര്‍ഗറ്റ് തികയ്ക്കാന്‍ ബാങ്ക് ജീവനക്കാര്‍ പരമാവധി ശ്രമിക്കും. ആ സമയത്ത് ലോണിനായി സമീപിച്ചാല്‍ കുറഞ്ഞ പലിശനിരക്കില്‍ ലോണ്‍ എടുക്കാനാവും.


6. വാഹനവായ്പയ്ക്ക് അഞ്ച് ശതമാനം വരെ കമ്മീഷന്‍ ഡീലര്‍ഷിപ്പിനു ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ നേരിട്ട് ബാങ്കിനെ സമീപിച്ച് ലോണ്‍ തരപ്പെടുത്തിയാല്‍ സാമ്പത്തികലാഭം നേടാനാവും.


7. വാഹനവായ്പയുടെ പലിശയ്ക്ക് ഒരു അടിസ്ഥാന നിരക്കും പരമാവധി നിരക്കുമുണ്ട്. വിലപേശല്‍ നടത്തി പലിശനിരക്ക് പരമാവധി കുറയ്ക്കാന്‍ ശ്രമിക്കുക.






Related Stories







TOP


Car Bike








Designed and developed by EGGS