Home  >  Loan info >   Loan info Details
സിബില്‍ സ്കോര്‍ കുറഞ്ഞാല്‍ വാഹനവായ്പ കിട്ടില്ല
ജെ. പ്രദീപ്
Posted on: Tuesday, Aug 25, 2015   10.00 AM



വാഹനവായ്പ എടുക്കാന്‍ തയ്യാറെടുക്കുമ്പോള്‍ ഇന്ന് ഏറെ ശ്രദ്ധിക്കണം. തവണകള്‍ മുടങ്ങുകയോ മറ്റു വീഴ്ചകള്‍ സംഭവിക്കുകയോ ചെയ്താല്‍ ‍, വണ്ടി കൊണ്ടു പോകും അത്രയല്ലേയുള്ളൂ എന്ന് കരുതേണ്ട. പണി വേറെയും വരും. ബാങ്കുകളുമായുളള പല സാമ്പത്തിക ഇടപാടുകളിലും പ്രശ്നങ്ങളുണ്ടാകാം. വാഹനവായ്പയെന്നല്ല, മറ്റൊരു വായ്പപോലും കിട്ടാത്ത സാഹചര്യം വരെ സംഭവിക്കാം. കാരണം ഇത് സിബിലിന്റെ കാലമാണ്. സിബില്‍ എന്നാല്‍ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഇന്ത്യ ലിമിറ്റഡ് എന്നതിന്റെ പൂര്‍ണരൂപം. വായ്പ നല്‍കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ അംഗങ്ങളായിട്ടുള്ള ക്രെഡിറ്റ് ബ്യൂറോയാണ് സിബില്‍ ‍. റിസര്‍വ് ബാങ്ക് അംഗീകാരത്തോടെ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനി (റഗുലേഷന്‍) ആക്ട് പ്രകാരമാണു ഇതിന്റെ പ്രവര്‍ത്തനം. 


ഇന്ത്യയിലെ പൊതു - സ്വകാര്യ മേഖലകളിലെ എല്ലാ പ്രധാന ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും സിബില്‍ അംഗങ്ങളാണ്. വായ്പകളുടെയും ക്രെഡിറ്റ്കാര്‍ഡ് ഇടപാടുകളുടെയും മറ്റും തിരിച്ചടവിലെ കൃത്യത പരിശോധിച്ച് എല്ലാ ബാങ്കിങ് ഉപഭോക്താക്കള്‍ക്കും സിബില്‍ വ്യക്തിഗത സ്കോര്‍നിശ്ചയിക്കുന്നു. 300-900 വരെ പോയിന്റ് പരിധിയിലാണു റേറ്റിങ്. വാഹനവായ്പയടക്കം ഏത് ഇടപാടുകളിലും കാര്യമായ വീഴ്ചയുണ്ടെങ്കില്‍ സ്കോര്‍ താഴും. സിബില്‍ ട്രാന്‍സ് യൂണിയന്‍ സ്കോര്‍ ‍, ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് എന്നീ വിവരങ്ങളിലൂടെ ബാങ്കുകാര്‍ക്ക് വായ്പാ അപേക്ഷരുടെ എല്ലാ മുന്‍ ഇടപാടുകളും സ്കോറും അറിയാന്‍ കഴിയും. ബാങ്ക് മാറി പരീക്ഷിച്ചാലും ഫലമില്ലെന്ന് ചുരുക്കം.


വാഹനവായ്പയെ സംബന്ധിച്ച് ,സിബിലില്‍ ഉള്‍പ്പെട്ട ഉപഭോക്താവിന് സിബിലിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മാത്രമേ പുതിയ ലോണിന് അപേക്ഷിക്കാന്‍ സാധിക്കൂ. സിബിലില്‍ അംഗമായ സ്ഥാപനം വ്യക്തമായ അന്വേഷണങ്ങള്‍ക്ക് ശേഷം പ്രശ്നങ്ങളില്ലാത്ത പക്ഷം ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇതിലേക്ക് ഒരു നിശ്ചിത ഫീസ് ഈടാക്കാറുമുണ്ട്. ലോണ്‍ തിരിച്ചടവ് കഴിഞ്ഞ് ഉപഭോക്താവ് തന്റെ ഇടപാടുകാരില്‍ നിന്ന് ‘നോ ഡ്യൂ ലെറ്റര്‍’ കൈപ്പറ്റിയില്ലെങ്കില്‍ അയാള്‍ ബാധ്യതക്കാരനായി തുടര്‍ന്നു കൊണ്ടിരിക്കും. ഇതില്‍തന്നെ പെനാല്‍റ്റി കേസ് ഉണ്ടെങ്കില്‍ അതും സിബില്‍ റെക്കോര്‍ഡിനെ ബാധിച്ചേക്കും. അതുകൊണ്ടു വായ്പാ അടവ് കഴിഞ്ഞാല്‍ ഉടന്‍തന്നെ ബാധ്യതരഹിത സര്‍ട്ടിഫിക്കറ്റ് അപേക്ഷിച്ച് വാങ്ങാന്‍ മറക്കാതിരിക്കുക.


ഭവനവായ്പക്കൊപ്പം വാഹന വായ്പയും സുരക്ഷിത വായ്പകളാ( secured loan)യാണു സിബില്‍ വിലയിരുത്തുന്നത്. എങ്കിലും കൃത്യമായ നിയന്ത്രണത്തിലൂടെയും നിരീക്ഷണത്തിലൂടെയും മികച്ച സിബില്‍ സ്കോര്‍ നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം . വാഹനവായ്പയടക്കം ഏതു വായ്പയും മുടക്കം കൂടാതെ കൃത്യമായി തിരിച്ചടയ്ക്കുക ശീലമാക്കണം. വരുമാനത്തിന് അനുസരിച്ച് മാത്രം വായ്പകള്‍ എടുക്കുക. ഇടപാടുകാര്‍ക്ക് അവരുടെ സിബില്‍ റേറ്റിങ്  ഓണ്‍ലൈനിലൂടെ അറിയാനും സൗകര്യമുണ്ട്. സിബില്‍ വെബ്സൈറ്റ് 



Related Stories







TOP


Car Bike








Designed and developed by EGGS