Home  > Used Cars  >   Used Cars Details
സെക്കന്‍ഡ് ഹാന്‍ഡ് ഇന്നോവ വാങ്ങുമ്പോള്‍
മധു മധുരത്തില്‍


നല്ല രീതിയില്‍ വിറ്റുകൊണ്ടിരുന്ന ക്വാളിസിനെ പിന്‍വലിച്ച് ഇന്നോവയെന്ന മോഡലിനെ പുറത്തിറക്കിയപ്പോള്‍ ടൊയോട്ടയ്ക്ക് തെറ്റുപറ്റിയെന്നു പലരും കരുതി. എന്നാല്‍ ടൊയോട്ടയുടെ ആത്മവിശ്വാസം അതിരു കടന്നതായിരുന്നില്ലെന്ന് കാലം തെളിയിച്ചു. ക്വാളിസിനെക്കാള്‍ വില്‍പ്പനയുമായി ഇന്നോവ മുന്നേറി. യാത്രാസുഖം , ഈടുറ്റ നിര്‍മിതി , കുറഞ്ഞ പരിപാലനച്ചെലവ് തുടങ്ങിയ ഗുണഗണങ്ങളാണ് ക്വാളിസിന്റെ പിന്‍ഗാമിയായി എത്തിയ ഇന്നോവയെ പ്രിയങ്കരമാക്കിയത്. എംപിവി വിഭാഗത്തില്‍ മഹീന്ദ്ര സൈലോ, ഷെവര്‍ലെ എന്‍ജോയ് , നിസാന്‍ ഇവാലിയ തുടങ്ങിയ പുതിയ മോഡലുകള്‍ വന്നെങ്കിലും അവയ്ക്കൊന്നും ഇന്നോവയുടെ മുന്നേറ്റത്തിനു തടയിടാന്‍ കഴിഞ്ഞില്ല.
Toyota Innova
2005 മാര്‍ച്ചിലായിരുന്നു ഇന്നോവ ഇന്ത്യന്‍ വിപണിയിലെത്തിയത്. 2009 , 2011 ,2013 വര്‍ഷങ്ങളില്‍ മോഡല്‍ പരിഷ്കാരം ഉണ്ടായി. 2016 ല്‍ ഇന്നോവ ക്രിസ്റ്റയെന്ന പേരില്‍ രണ്ടാം തലമുറ എത്തിയതോടെയാണ് പഴയ ഇന്നോവ പിന്‍വാങ്ങിയത്. യൂസ്ഡ് വാഹന വിപണിയില്‍ ഇന്നേറെ ആവശ്യക്കാരുള്ള മോഡലാണ് ഇന്നോവ. ഏഴ് , എട്ട് പേര്‍ക്ക് ദീര്‍ഘദൂര സവാരി ക്ഷീണം കൂടാതെ ആസ്വദിക്കാന്‍ പറ്റിയ വാഹനം. വില അല്‍പ്പം കൂടുതലാണെന്നത് ഇന്നോവയോടുള്ള പ്രിയം അല്‍പ്പവും കുറയ്ക്കുന്നില്ല.


എന്‍ജിന് ദീര്‍ഘായുസ്


ഇന്നോവയ്ക്ക് പെട്രോള്‍ , ഡീസല്‍ എന്‍ജിന്‍ വകഭേദങ്ങളുണ്ട്. ആകെ വില്‍പ്പനയുടെ 80 ശതമാനവും ഡീസല്‍ വകഭേദമായിരുന്നു. കുറഞ്ഞ ഡിമാന്റുള്ള പെട്രോള്‍ വകഭേദം ഓര്‍ഡര്‍ അനുസരിച്ചാണ് നിര്‍മിച്ചിരുന്നത്. 131 ബിഎച്ച്പി-181 എന്‍എം ആണ് പെട്രോള്‍ എന്‍ജിനുശേഷി. ഇതിന് 10 കിലോമീറ്ററില്‍ താഴെയായിരുന്നു മൈലേജ്.
Toyota Innova
ഡീസല്‍ ഇന്നോവയുടെ 2.5 ലീറ്റര്‍ , നാല് സിലിണ്ടര്‍ കോമണ്‍ റയില്‍ എന്‍ജിനുശേഷി 101 ബിഎച്ച്പി -200 എന്‍എം . അഞ്ച് സ്പീഡ് മാന്വല്‍ ടൈപ്പാണ് ഗീയര്‍ബോക്സ്. 


കൂടുതലായി വിപണിയിലുള്ള ഡീസല്‍ ഇന്നോവയെപ്പറ്റിയാണ് ഇവിടെ വിശദീകരിക്കുന്നത്. കൃത്യമായ ഇടവേളകളില്‍ സര്‍വീസ് ചെയ്യുന്ന ഇന്നോവകളുടെ ഡീസല്‍ എന്‍ജിന്‍ ആറ് ലക്ഷം കിലോമീറ്ററിലേറെ അറ്റകുറ്റപ്പണികൂടാതെ ഓടും. പുകക്കുഴലില്‍ നിന്ന് വെളുത്ത പുക വരുന്നത് എന്‍ജിന്‍ പണി അടുത്തതിന്റ സൂചനയാണ്. എന്‍ജിന്‍ പണിയ്ക്ക് 1.50 ലക്ഷം രൂപയോളമാണ് ചെലവ്.


പവര്‍ സ്റ്റിയറിങ് അത്യാവശ്യം


പവര്‍ സ്റ്റിയറിങ് ഇല്ലാത്ത ഇ എന്ന വകഭേദം വാങ്ങാതിരിക്കുന്നതാണ് നല്ലത്. ഭാരവും വലുപ്പവും കൂടിയ ഇന്നോവയെ കൈകാര്യം ചെയ്യാന്‍ പവര്‍ സ്റ്റിയറിങ്ങില്ലെങ്കില്‍ വലിയ ആയാസമാണ്. അതുപോലെ റൂഫ് എസി ഉള്ള വകഭേദവും തിരഞ്ഞെടുക്കുക. സിംഗിള്‍ എസിയ്ക്ക് മൂന്നാം നിര വരെ വേണ്ടപോലെ തണുപ്പ് എത്തിക്കാന്‍ ശേഷിയില്ല.
Toyota Innova 


സസ്പെന്‍ഷന്‍ നല്ലത് 


റോഡിന്റെ മോശാവസ്ഥ ഉള്ളിരിക്കുന്നവരെ അറിയിക്കില്ല ഇന്നോവയുടെ സസ്പെന്‍ഷന്‍ . ഗട്ടറുള്ള റോഡില്‍ ഓടിക്കുമ്പോള്‍ ഉള്ളില്‍ കുടുക്കം അനുഭവപ്പെടുന്നത് സസ്പെന്‍ഷന്റെ തകരാറാണ് സൂചിപ്പിക്കുന്നത്. സസ്പെന്‍ഷന്‍ അനാവശ്യ ശബ്ദങ്ങള്‍ ഉണ്ടാക്കുന്നുണ്ടോയെന്നും ശ്രദ്ധിക്കുക. 80,000- 1 ലക്ഷം കിലോമീറ്ററിലേറെ ഓടിയ ഇന്നോവയുടെ കാര്യത്തില്‍ ഇത് പ്രത്യേകം ശ്രദ്ധിക്കണം. സസ്പെന്‍ഷന്റെ പണി അത്ര ചെലവേറിയതല്ല, 15,000 രൂപ മുടക്കിയാല്‍ സസ്പെന്‍ഷന്‍ നന്നാക്കിയെടുക്കാം.


ഗീയറിനു വിറയലുണ്ടോ?


ഇന്നോവയുടെ ഗീയര്‍ബോക്സിനും നല്ല ആയുസുണ്ട്. മൂന്ന് ലക്ഷം കിലോമീറ്ററിലേറെ പ്രശ്നമില്ലാതെ നിലനില്‍ക്കും. ഗീയര്‍ലിവറിനു വിറയല്‍ അനുഭവപ്പെടുക, ഗീയര്‍ വീഴാന്‍ മടി കാണിക്കുക, ഗീയര്‍ സ്ലിപ് ചെയ്യുക , ആക്സിലറേറ്റര്‍ കൊടുക്കുമ്പോള്‍ അനാവശ്യമായ ശബ്ദങ്ങള്‍ കേള്‍ക്കുക തുടങ്ങിയവയൊക്കെ ഗീയര്‍ബോക്സിന്റെ തകരാര്‍ സൂചനകളാണ്. ഗീയര്‍ബോക്സ് ഓവറോളിങ്ങിന് 20,000 രൂപയോളമാണ് ചെലവ്. ഒരു ലക്ഷം മുതല്‍ 1.50 ലക്ഷം കിലോമീറ്റര്‍ വരെയാണ് ക്ലച്ചിന്റെ ശരാശരി ആയുസ്. ക്ലച്ചില്‍ കാലുവച്ച് ഓടിക്കുന്നശീലമുണ്ടെങ്കില്‍ 60,000 കിമീ ആകുമ്പോഴേയ്ക്ക് ക്ലച്ച് ഓവറോളിങ് വേണ്ടി വരും. നന്നായി ഉപയോഗിച്ചാല്‍ മൂന്ന് ലക്ഷം വരെ ക്ലച്ച് ഈടുനില്‍ക്കും. ക്ലച്ച് പുതുക്കിപ്പണിയാന്‍ 15,000 രൂപയാണ് ചെലവ്.
Toyota Innova 


ടയര്‍ തേയ്‍മാനം നോക്കണം


ടയറുകള്‍ സാധാരണനിലയ്ക്ക് 35,000 കിമീ വരെ ഓടും. സ്റ്റെപ്പിനി അടക്കമുള്ള ടയറുകളുടെ തേയ്മാനം പരിശോധിക്കുക. തേയ്മാനമുള്ള പക്ഷം വിലയില്‍ കുറവ് വരുത്താന്‍ ആവശ്യപ്പെടാവുന്നതാണ്. ടയര്‍ ഒന്നിന് 6,500 രൂപയോളമാണ് വില എന്നോര്‍ക്കണം.


ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങള്‍


1.ആകെ മൂന്ന് താക്കോലുകളാണ് ഇന്നോലയ്ക്കുള്ളത്. റിമോട്ട് ഉള്ള രണ്ടെണ്ണവും അല്ലാത്തത് ഒന്നും. റിമോട്ട് ഇല്ലാത്ത കീ ഉപയോഗിച്ച് ഡോര്‍ തുറക്കാന്‍ മാത്രമേ കഴിയൂ. എന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്യണമെങ്കില്‍ ഇമ്മൊബിലൈസര്‍ കോഡ് അടങ്ങുന്ന റിമോട്ട് കീ തന്നെ വേണം. റിമോട്ടുള്ള രണ്ട് താക്കോലുകളും ചോദിച്ചു വാങ്ങുക. റിമോട്ട് കീ പുതിയതുകിട്ടാന്‍ 12,000 രൂപയോളം ചെലവുണ്ട്.
Toyota Innova 


2. ഹെഡ്- ടെയ്ല്‍ ലാംപുകള്‍ക്ക് തകരാറില്ലെന്നു ഉറപ്പാക്കുക. ഹെഡ് ലൈറ്റ് മാറിവയ്ക്കമണമെങ്കില്‍ ഒന്നിന് 6000 രൂപ വച്ച് മുടക്കണം. ഒരു ടെയ്ല്‍ ലാംപിന് 3,500 രൂപയാണ് വില. 


3. മൂന്ന് വര്‍ഷമാണ് ബാറ്ററി ആയുസ് . പുതിയതിന് വില 5,800 രൂപ.


4. ടാക്സിയായി ഓടിയ ഇന്നോവ പ്രൈവറ്റ് രജിസ്ട്രേഷനെടുത്ത് വില്‍പ്പന നടത്തുന്ന പതിവുണ്ട്. അതിനാല്‍ ആര്‍സി ബുക്ക് പരിശോധിച്ച്, ആവശ്യമെങ്കില്‍ ആര്‍ടി ഓഫീസുമായി ബന്ധപ്പെട്ട് സംശയനിവാരണം നടത്തുക.
Toyota Innova 


5. ഇതര സംസ്ഥാന ഇന്നോവകള്‍ കുറഞ്ഞ വിലയ്ക്ക് കിട്ടും. അവ മോഷ്ടിച്ചതോ കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കപ്പെട്ടതോ അല്ലെന്ന് ഉറപ്പില്ല. എന്‍ഒസി കിട്ടിയാല്‍ പോലും കേസില്‍ പെട്ടതാണെന്ന് ഏതെങ്കിലും കാലത്ത് തെളിഞ്ഞാല്‍ വണ്ടി പൊലീസ് കസ്റ്റഡിയിലെടുക്കും. പുതിയ ഉടമയ്ക്ക് മുടക്കിയ പണം നഷ്ടമാകും. അതിനാല്‍ പരിചയക്കാരെക്കൊണ്ട് ശരിയായി അന്വേഷിച്ചശേഷം മാത്രം അന്യസംസ്ഥാനത്ത് നിന്നും വണ്ടി വാങ്ങുക. 


6. ശ്രമകരമായ അന്വേഷണങ്ങള്‍ക്ക് സമയവും താല്‍പ്പര്യവുമില്ലാത്തവര്‍ക്ക് സെക്കന്‍ഡ് ഹാന്‍ഡ് ഇന്നോവ വാങ്ങണമെങ്കില്‍ ടൊയോട്ടയുടെ യൂസ്ഡ് കാര്‍ വിഭാഗമായ യൂ ട്രസ്റ്റിനെ സമീപിക്കുക. ടൊയോട്ട ഷോറൂമിനോട് അനുബന്ധിച്ച് ഈ യൂസ്ഡ് കാര്‍ ഔട്ട്‍ലെറ്റ് ഉണ്ട്. കൃത്യമായ പരിശോധനകള്‍ നടത്തി ഗുണമേന്മ ഉറപ്പുവരുത്തിയ വാഹനങ്ങളാണ് ഇവര്‍ വില്‍പ്പന നടത്തുന്നത്. നിശ്ചിത കാലത്തേയ്ക്ക് വാറന്റിയും ലഭിക്കും. സാധാരണയിലും അല്‍പ്പം കൂടുതല്‍ വില കൊടുക്കേണ്ടി വരുമെന്നു മാത്രം.
Toyota Innova 


ഏകദേശ വിലവിവരം 


( വര്‍ഷം , വില ക്രമത്തില്‍ )


2005 3.50 ലക്ഷം രൂപ -5.00 ലക്ഷം രൂപ


2006 4.50 ലക്ഷം രൂപ -6.00 ലക്ഷം രൂപ


2007 5.50 ലക്ഷം രൂപ -7.00 ലക്ഷം രൂപ


2008 6.50 ലക്ഷം രൂപ -8.00 ലക്ഷം രൂപ


2009 7.50 ലക്ഷം രൂപ -9.00 ലക്ഷം രൂപ


2010 8.50 ലക്ഷം രൂപ -10.00 ലക്ഷം രൂപ


2011 9.50 ലക്ഷം രൂപ -11.00 ലക്ഷം രൂപ


2012 10.50 ലക്ഷം രൂപ -12.00 ലക്ഷം രൂപ


2013 11.50 ലക്ഷം രൂപ -14.00 ലക്ഷം രൂപ


2014 13.50 ലക്ഷം രൂപ -15.00 ലക്ഷം രൂപ


2015 14.50 ലക്ഷം രൂപ 15.50 ലക്ഷം രൂപRelated StoriesTOP