Home  > Used Cars  >   Used Cars Details
യൂസ്ഡ് മാരുതി വാഗണ്‍ ആര്‍
മധു മധുരത്തില്‍ഇന്ത്യയില്‍ ഏറ്റവും വില്‍പ്പനയുള്ള 10 കാറുകളിലൊന്നാണ് മാരുതി വാഗണ്‍ ആര്‍ . ഇതിനോടകം നിരത്തിലിറങ്ങിയ വാഗണ്‍ ആറുകളുടെ എണ്ണം 15 ലക്ഷത്തിലേറെയാണ്. യൂസ്ഡ് കാര്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള മോഡലുകളിലൊന്നും ഇതുതന്നെ. വാനിന്റെ പോലെ വിശാലമായ ഇന്റീരിയര്‍ , പ്രായമായവര്‍ക്ക് അനായാസം കയറാനും ഇറങ്ങാനും കഴിയും വിധം ഉയരത്തിലുള്ള സീറ്റ് പൊസിഷന്‍ , ന്യായമായ വില എന്നിവയെല്ലാം വാഗണ്‍ ആറിനെ ജനപ്രിയമാക്കുന്നു.


ചരിത്രം


ജപ്പാനില്‍ മികച്ച വില്‍പ്പനവിജയം നേടിയ വാഗണ്‍ ആറിനെ 1999 ഡിസംബറിലാണ് മാരുതി ഇന്ത്യയില്‍ അവതരിപ്പിച്ചത്. എല്‍എക്സ് , വിഎക്സ് എന്നീ വകഭേദങ്ങളായിരുന്നു ലഭ്യമായിരുന്നത്.
used wagon R
പൊക്കക്കാരന്‍ ഹാച്ച്ബാക്കിന്റെ പെട്ടിരൂപം ആദ്യമൊന്നും ഇന്ത്യാക്കാര്‍ക്ക് പിടിച്ചില്ല. എന്നാല്‍ കണ്ട് കണ്ട് ഒടുവില്‍ ഏവര്‍ക്കും വാഗണ്‍ ആറിനെ ഇഷ്ടമായി.
used wagon R
ആദ്യ തലമുറ വാഗണ്‍ ആര്‍ അത്ര സുന്ദരനായിരുന്നില്ല. 2003 ല്‍ പുറത്തിറങ്ങിയ പരിഷ്കരിച്ച മോഡല്‍ ആ കുറവ് പരിഹരിച്ചു. ക്ലിയര്‍ലെന്‍സ് ഹെഡ് - ടെയ്ല്‍ലാംപുകളും ക്രോം അലങ്കാരമുള്ള ഗ്രില്ലുമുള്ള ഈ മോഡല്‍ മികച്ച വില്‍പ്പന നേടി. മൂന്ന് സ്പീഡ് ഓട്ടോമാറ്റിക് വകഭേദവും ഇതിനുണ്ടായിരുന്നു. വേരിയന്റുകള്‍ - എല്‍എക്സ്‍ , എല്‍എക്സ്‍ഐ, വിഎക്സ്‍ഐ , എടി ( ഓട്ടോമാറ്റിക്).
used wagon R
2006 ലാണ് രണ്ടാമത്തെ മോഡല്‍ പരിഷ്കരണം നടന്നത്. എസ്‍യുവിയുടെ പോലെ പരുക്കന്‍ ഭാവമുമായാണ് ഈ മോഡല്‍ വിപണിയിലെത്തിയത്. പിന്നിലെ ബമ്പറില്‍ ഉറപ്പിച്ചിരുന്ന നമ്പര്‍ പ്ലേറ്റ് ഡിക്കി ഡോറിലേയ്ക്ക് മാറ്റി സ്ഥാപിച്ചു. തുടക്കം മുതല്‍ ഉപയോഗിച്ചിരുന്ന 1061 സിസി , നാല് സിലിണ്ടര്‍ പെട്രോള്‍ ( 64 ബിഎച്ച്പി -86 എന്‍എം) എന്‍ജിനില്‍ ചില്ലറ മാറ്റങ്ങളും വരുത്തി മൈലേജ് മെച്ചപ്പെടുത്തി. ഇലക്ട്രിക് പവര്‍ സ്റ്റിയറിങ് , ഡിജിറ്റല്‍ ഓഡോ - ട്രിപ് മീറ്ററുകള്‍ എന്നീ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയതും ഇതോടൊപ്പമായിരുന്നു. വാഗണ്‍ ആര്‍ ഡ്യുവോ എന്ന പേരില്‍ എല്‍പിജി വകഭേദവും അവതരിപ്പിച്ചു. 2014 ല്‍ എല്‍പിജി വാഗണ്‍ ആര്‍ വിപണിയില്‍ നിന്ന് കമ്പനി പിന്‍വലിച്ചു.
used wagon R
2010 ല്‍ രണ്ടാ തലമുറ വാഗണ്‍ ആര്‍ വിപണിയിലെത്തി. ബ്ലൂ ഐഡ് ബോയ് എന്ന വിശേഷണത്തോടെ മാരുതി അവതരിപ്പിച്ച പുതിയ മോഡലിന്റെ എന്‍ജിനും ബോഡിയുമൊക്കെ പുതിയതായിരുന്നു. നാല് സിലിണ്ടര്‍ എന്‍ജിനു പകരം ഒരു ലീറ്റര്‍ , മൂന്ന് സിലിണ്ടര്‍, കെ സീരീസ് പെട്രോള്‍ എന്‍ജിന്‍ ഉപയോഗിച്ചു. 67 ബിഎച്ച്പി -90 എന്‍എം ശേഷിയുള്ള ഈ എന്‍ജിനാണ് ഇപ്പോള്‍ വിപണിയിലുള്ള വാഗണ്‍ ആറിനും. പുതിയ ഫീച്ചറുകള്‍ - ചെരിവ് ക്രമീകരിക്കാവുന്ന സ്റ്റിയറിങ് , ഡാഷ്ബോര്‍ഡ് ഇന്റഗ്രേറ്റഡ് മ്യൂസിക് സിസ്റ്റം , ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ബാഹ്യ റിയര്‍ വ്യൂ മിററുകള്‍ , റിയര്‍ ഡീഫോഗര്‍ - വൈപ്പര്‍ , എയര്‍ബാഗ് , എബിഎസ്.


used wagon R
രണ്ടാം തലമുറ വാഗണ്‍ ആറിന് 2013 ല്‍ പരിഷ്കാരം വരുത്തി. പരിഷ്കരിച്ച ഹെഡ് - ടെയ്ല്‍ - ഫോഗ് ലാംപുകള്‍ , പുതിയ ഗ്രില്‍ , പുതിയ ഡാഷ്ബോര്‍ഡ് എന്നിവ പ്രത്യേകതകള്‍ . പ്രൊജക്ടര്‍ ഹെഡ് ലാംപും സ്പോര്‍ട്ടി ലുക്കമുള്ള വാഗണ്‍ ആര്‍ സ്റ്റിങ്റേ എന്ന മോഡലിനെയും ഇതേ വര്‍ഷം മാരുതി പുറത്തിറക്കി.


ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


മൂന്ന് സിലിണ്ടര്‍ എന്‍ജിനെക്കാള്‍ ഡ്രൈവിങ് സുഖം പഴയ നാല് സിലിണ്ടര്‍ എന്‍ജിനാണ്. എന്നിരുന്നാലും 2005 മുതലുള്ള വാഗണ്‍ ആര്‍ പരിഗണിക്കുന്നതാണ് ഉത്തമം. കൃത്യമായ ഇടവേളകളില്‍ സര്‍വീസ് ലഭിക്കുന്ന എന്‍ജിന് 1.50 ലക്ഷം കിലോമീറ്റര്‍ വരെ ആയുസുണ്ട്. ഒരു ലക്ഷത്തിലേറെ ഓടിയ വണ്ടി വാങ്ങാതിരിക്കുന്നത് നല്ലത്.


ടയറുകളുടെ തേയ്മാനം പരിശോധിക്കുക. ടയര്‍ വെട്ടിത്തേഞ്ഞിട്ടുണ്ടെങ്കില്‍ സസ്പെന്‍ഷനു തകരാറുണ്ടെന്നു മനസിലാക്കാം. സസ്പെന്‍ഷന്‍ അറ്റകുറ്റപ്പണികള്‍ക്ക് 6,000 രൂപയോളം ചെലവു വരും.


തേയ്മാനം വന്ന ടയറുകളാണെങ്കില്‍ വണ്ടി വില അതനുസരിച്ച് കുറച്ച് പറയുക. പുതിയ ഒരു ടയറിന് 2500 രൂപയാണ് വില.


സ്റ്റിയറിങ് വീല്‍ ഒരു വശത്തേയ്ക്ക പൂര്‍ണ്ണമായി തിരിച്ച് വച്ച് വണ്ടി മുന്നോട്ടെടുക്കുക. ക്ലിക് ക്ലിക് ശബ്ദം കേള്‍ക്കുന്നുണ്ടെങ്കില്‍ ഡ്രൈവ് ഷാഫ്ടിനു തകരാറുണ്ടെന്ന് മനസിലാക്കാം. ഇത് മാറിവയ്ക്കുന്നത് അല്‍പ്പം ചെലവുള്ള കാര്യമാണ്. 30,000 കിലോമീറ്ററിലേറെ ഓടിയ വാഗണ്‍ ആറിന്റെ കാര്യത്തില്‍ ഇത് പ്രത്യേകം ശ്രദ്ധിക്കണം.


ഗീയര്‍ കൃത്യമായി വീഴുന്നുണ്ടോയെന്ന് പരിശോധിക്കുക. ഗീയര്‍ വീഴാന്‍ മടികാണിക്കക , ക്ലച്ച് റിലീസ് ചെയ്യുമ്പോള്‍ വിറയല്‍ അനുഭവപ്പെടുക എന്നിവയൊക്കെ ക്ലച്ചിന്റെ തേയ്മാനമാണ് സൂചിപ്പിക്കുന്നത്. ക്ലച്ച് പുതിയതാക്കാന്‍ 8,000 രൂപയോളമാണ് ചെലവ്. 


യൂസ്ഡ് വാഗണ്‍ ആര്‍ വില


വര്‍ഷം  വില 


2000-2002   75,000 രൂപ - 1.00 ലക്ഷം രൂപ.


2003-2005   1.00 ലക്ഷം രൂപ - 1.40 ലക്ഷം രൂപ


2006          1.40 ലക്ഷം രൂപ - 1.60 ലക്ഷം രൂപ


2007          1.60 ലക്ഷം രൂപ - 1.80 ലക്ഷം രൂപ


2008          1.80 ലക്ഷം രൂപ - 2.00 ലക്ഷം രൂപ


2009          2.00 ലക്ഷം രൂപ - 2.20 ലക്ഷം രൂപ


2010          2.00 ലക്ഷം രൂപ - 2.30 ലക്ഷം രൂപ


2011          2.20 ലക്ഷം രൂപ - 2.60 ലക്ഷം രൂപ


2012          2.60 ലക്ഷം രൂപ - 2.90 ലക്ഷം രൂപ


2013          2.90 ലക്ഷം രൂപ - 3.20 ലക്ഷം രൂപ


മൂന്ന് ലക്ഷം രൂപയില്‍ താഴെ വിലയ്ക്ക് അധികം പഴക്കമില്ലാത്ത നല്ലൊരു വാഗണ്‍ ആര്‍ സ്വന്തമാക്കാം. മാരുതി സുസൂക്കിയുടെ വിപുലുമായ സര്‍വീസ് ശൃംഖലയും എവിടെയും ലഭ്യമായ സ്പെയര്‍പാര്‍ട്സും കുറഞ്ഞ പരിപാലനച്ചെലവുമെല്ലാം വാഗണ്‍ ആര്‍ വാങ്ങുന്നവര്‍ക്ക് മനസമാധാനം നല്‍കും. സവാരിയ്ക്കു മാത്രമല്ല അത്യാവശ്യത്തിനു ചരക്ക് നീക്കത്തിനും ഉപയോഗിക്കാനാവുമെന്നത് ഈ കാറിന്റെ സവിശേഷതയാണ്.


Related StoriesTOP