Home  > Used Cars  >   Used Cars Details
യൂസ്ഡ് ഹ്യുണ്ടായി സാന്‍ട്രോ
അലന്‍ ഹാഷിം


നഷ്ടത്തിലായിരുന്ന ദക്ഷിണ കൊറിയന്‍ കമ്പനിയായ ഹ്യുണ്ടായിയ്ക്ക് പുതുജീവന്‍ നല്‍കിയ മോഡലാണ് സാന്‍ട്രോ. ഇന്ത്യയില്‍ കമ്പനിയുടെ ആദ്യ മോഡലായ സാന്‍ട്രോ 1998 ലായിരുന്നു പുറത്തിറങ്ങിയത്. രാജ്യത്തെ രണ്ടാമത് വലിയ കാര്‍ നിര്‍മാതാക്കളെന്ന സ്ഥാനം ഹ്യുണ്ടായിയ്ക്ക് നേടിക്കൊടുത്തതില്‍ സാന്‍ട്രോയ്ക്ക് പ്രധാന പങ്കുണ്ട്.  മാരുതിയുടെ 800 , സെന്‍  മോഡലുകള്‍ നിരത്ത് കയ്യടക്കിയിരുന്ന കാലത്തായിരുന്നു പൊക്കക്കാരന്‍ കാറായ സാന്‍ട്രോയുടെ വരവ്. എളുപ്പം കയറാനും ഇറങ്ങാനും കൂനിക്കൂടാതെ നിവര്‍ന്നിരിക്കാനും സഹായിക്കുന്ന ടോള്‍ ബോയ് രൂപം സാന്‍ട്രോയിലേക്ക് ധാരാളം പേരെ ആകര്‍ഷിച്ചു. മികച്ച നിര്‍മാണം, ആവശ്യത്തിന് ശക്തിയും ഇന്ധനക്ഷതയുമുള്ള എന്‍ജിന്‍ ‍, ധാരാളം ഇന്റീരിയര്‍ സ്പേസ് എന്നിവയെല്ലാം സാന്‍ട്രോയുടെ മാറ്റുകൂട്ടി. ഇന്ന് യൂസ്ഡ് കാര്‍ വിപണിയില്‍ ഏറ്റവും ഡിമാന്‍ഡുള്ള മോഡലുകളിലൊന്നാണ് ഹ്യുണ്ടായി സാന്‍ട്രോ. 


നാള്‍വഴി


santro
1998 സെപ്റ്റംബര്‍ 23 ആദ്യ സാന്‍ട്രോ വിപണിയിലെത്തി. 55 ബിഎച്ച്പി ശേഷിയുള്ള 999 സിസി ,നാലു സിലിണ്ടര്‍ എന്‍ജിന്‍ ആയിരുന്നു ഇതിന് . വിപണിയിലെത്തി രണ്ട് വര്‍ഷത്തിനകം തന്നെ സാന്‍ട്രോയുടെ വില്‍പ്പന ഒരു ലക്ഷം തികഞ്ഞു.


2000 മേയ് 8 പുതിയ ഗ്രില്ലുളള  സാന്‍ട്രോ സിപ് ഡ്രൈവ്  ഹ്യുണ്ടായി പുറത്തിറക്കി. 


2001 ജൂലൈ 11 പരിഷ്കരിച്ച സാന്‍ട്രോ വിപണിയിലെത്തി. 


2002 മാര്‍ച്ച് 18 1.1 ലീറ്റര്‍ എന്‍ജിനുമായി സാന്‍ട്രോ സിപ് പ്ലസ്. 62 ബിഎച്ച്പി ശേഷിയുള്ള 1086 സിസി , നാല് സിലിണ്ടര്‍ എന്‍ജിനില്‍ പരിഷ്കാരം വരുത്തിയാണ് ഇന്നും ഉപയോഗിക്കുന്നത്.


2002 സെപ്റ്റംബര്‍ 6 സാന്‍ട്രോയുടെ ഓട്ടോമാറ്റിക് പതിപ്പ് പുറത്തിറങ്ങി. നാല് സ്പീഡ് ഓട്ടോമാറ്റിക് ഗീയര്‍ ബോക്സായിരുന്നു ഇതിന്. മൈലേജ് തീര്‍ത്തും കുറവാണെന്ന പോരായ്മ ഇതിനുണ്ട്.


2003 മേയ് 22 സാന്‍ട്രോയുടെ രൂപകല്‍പ്പനയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തി സിങ് എന്ന മോഡല്‍ പുറത്തിറക്കി. അതിനുശേഷം ഇന്നേവരെ കാര്യമായ രൂപമാറ്റം സാന്‍ട്രോയ്ക്ക് ഉണ്ടായിട്ടില്ല.


2005 ജൂണ്‍ 8 ഇആര്‍എല്‍എക്സ് ടെക്നോളജിയുള്ള എന്‍ജിനുമായി സാന്‍ട്രോ സിങ്.


2006 നവംബര്‍ സാന്‍ട്രോ വില്‍പ്പന 10 ലക്ഷം തികഞ്ഞു.


2008 സെപ്റ്റംബര്‍ 30 എല്‍പിജി ഇന്ധനമാക്കുന്ന സാന്‍ട്രോ - സാന്‍ട്രോ ഇക്കോ വിപണിയില്‍ .


2009 സെപ്റ്റംബര്‍ 2 ഡ്യുവല്‍ ടോണ്‍ ബീജ് ഇന്റീരിയറുള്ള പരിഷ്കരിച്ച സാന്‍ട്രോ എത്തി.


2013 ഓഗസ്റ്റ് 12 ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യയുടെ പതിനഞ്ചാം പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി സാന്‍ട്രോയ്ക്ക് പരിമിതകാലപതിപ്പ്. സാന്‍ട്രോ സിങ് സെലിബ്രേഷന്‍ എഡിഷന്‍  ജിഎല്‍ പ്ലസ് വകഭേദത്തിലാണ് ലഭ്യമാക്കിയത്. രൂപഭംഗികൂട്ടുന്ന ഗ്രാഫിക്‌സ് , പിന്‍ ഭാഗത്ത് ക്രോം അലങ്കാരം, എല്‍ഇഡി ഡിസ്‌പ്ലേയുള്ള റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സര്‍ , പിന്‍ഗ്ലാസിനു സണ്‍ ബ്ലൈന്റ്, പുതിയ ഫ്‌ളോര്‍ മാറ്റ്, ബ്ലോപങ്ക് സ്റ്റീരിയോ സിസ്റ്റം എന്നീ പ്രത്യേകതകള്‍ ഇതിനുണ്ട്.
santro
എന്‍ജിനിലും കാഴ്ചയിലും ഉള്ള മാറ്റമൊഴിച്ചാല്‍ സാങ്കേതികമായി സാന്‍ട്രോയുടെ മോഡലുകളെല്ലാം സമാനമാണ്. ഇലക്ട്രോണിക് ഇഗ്നീഷനും മള്‍ട്ടിപോയിന്റ് ഫ്യുവല്‍ ഇന്‍ജക്ഷനുമാണ് എല്ലാ മോഡലുകളുടെ എന്‍ജിനും. സസ്പെന്‍ഷന്‍ മുന്നില്‍ സ്ട്രട്ടുകളും പിന്നില്‍ ടോര്‍ഷന്‍ ബീം ആക്സിലും കോയില്‍ സ്‍പ്രിങ്ങുകളും. മുന്‍ സസ്പെന്‍ഷനും സ്റ്റിയറിങ് സംവിധാനവും ഒരു സബ് ഫ്രെയിമില്‍ ഉറപ്പിച്ചിരിക്കുന്നു. അനായാസമായ പ്രവര്‍ത്തനം സാധ്യമാക്കുന്നതാണ് ഹൈഡ്രോളിക് ക്ലച്ച് സംവിധാനം. പ്രശ്നരഹിതമായ ഇലക്ട്രിക്കല്‍ സംവിധാനവും മികച്ച പ്രവര്‍ത്തനശേഷിയുള്ള എസിയും സാന്‍ട്രോയുടെ പ്രത്യേകതയാണ്. നിലവാരമുള്ള അസംസ്കൃത വസ്തുക്കളുടെ ഉപയോഗവും ശ്രദ്ധാപൂര്‍വമുള്ള നിര്‍മാണവും കൊണ്ട് പൊതുവെ സാന്‍ട്രോ ദീര്‍ഘനാള്‍ നിലനില്‍ക്കുന്നതായാണ് കണ്ടിരിക്കുന്നത്.


സാന്‍ട്രോ വാങ്ങാനൊരുങ്ങുമ്പോള്‍


സര്‍വീസ് റെക്കോര്‍ഡ് പൂര്‍ണമായി ലഭ്യമായ ഒരു കാറാണെങ്കില്‍ തീരുമാനം എടുക്കാന്‍ ഏറെ എളുപ്പമാണ്. കാരണം  യഥാസമയം സര്‍വീസ് ചെയ്തിട്ടുണ്ടെങ്കില്‍ വാഹനം നല്ല കണ്ടീഷനിലായിരിയ്ക്കും.. ഇങ്ങനെയുള്ള ഒരു വാഹനത്തിന് അല്‍പ്പം വിലക്കൂടുതല്‍ നല്‍കുന്നതില്‍ ഒരു തെറ്റുമില്ല. മേല്‍പ്പറഞ്ഞ വിഭാഗം കാറുകള്‍ യൂസ്ഡ് കാര്‍ വിപണിയില്‍ അധികമുണ്ടാകില്ല. അപ്പോള്‍പ്പിന്നെ ഓടിച്ചുനോക്കിയും ശ്രദ്ധാപൂര്‍വം പരിശോധിച്ചും തീരുമാനമെടുക്കേണ്ടിവരും. ഓഡോമീറ്ററില്‍ കാണുന്ന ഓടിയ ദൂരം ആണ് കാറിന്റെ അവസ്ഥയെപ്പറ്റിയുള്ള പ്രധാന സൂചന തരിക. സാധാരണഗതിയില്‍ സാന്‍ട്രോയുടെ എന്‍ജിന് ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം കിലോമീറ്റര്‍ വരെ ആയുസ് കിട്ടും. ക്ലച്ച് അസംബ്ലി 30,000-40,000 കിലോമീറ്ററും മുന്‍ ലോവര്‍ ആം 60,000-70,000 കിലോമീറ്ററും നീണ്ടുനില്‍ക്കാറുണ്ട്.
santro
ടയറുകളുടെ ക്രമരഹിതമായ തേയ്മാനവും ഹമ്പിലൂടെയോ ഗട്ടറിലൂടെയോ ഓടിക്കുമ്പോഴുള്ള  അപശബ്ദങ്ങളും സസ്പെന്‍ഷന്റെ സ്ഥിതി വെളിപ്പെടുത്തും. അമ്പതിനായിരം കിലോമീറ്ററിലേറെ ഓടിയ സാന്‍ട്രോയുടെ സസ്പെന്‍ഷനു തകരാര്‍ സംഭവിച്ചിരിക്കാന്‍ സാധ്യത കൂടുതലാണ്. പൂര്‍ണമായും അമര്‍ത്തിയ ക്ലച്ച് സുഗമമായ ഗീയര്‍ഷിഫ്ടിങ് അനുവദിക്കുന്നില്ലെങ്കില്‍ ക്ലച്ചിന് റിപ്പയര്‍ അടുത്തിരിക്കുന്നു എന്നു കരുതാം. സെക്കന്‍ഡ്, തേഡ് ഗീയറുകളില്‍ എന്‍ജിന്‍ ശബ്ദം ഉയരുന്നതിനൊപ്പം വാഹനം നീങ്ങുന്നില്ലെങ്കില്‍ ക്ലച്ച് അസംബ്ലിയുടെ തേയ്മാനമാണു കാരണം. എന്‍ജിന്‍ സ്പീഡ് ഗണ്യമായി ഉയരുമ്പോള്‍ പുക, കൂളന്റില്‍ ഓയില്‍ മയം എന്നിവയൊക്കെ എന്‍ജിന്‍ തകരാറിന്റെ ലക്ഷണങ്ങളാണ്.
santro
മറ്റു കാറുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സാന്‍ട്രോയുടെ സ്പെയറുകള്‍ക്ക് വിലക്കൂടുതലുണ്ടെന്ന് പറയാനാവില്ല. യൂസ്ഡ് കാര്‍ വാങ്ങിയാല്‍ ഓയില്‍, കൂളന്റ്, ബ്രേക്ക് ഫ്ളൂയിഡ് തുടങ്ങിയവ മാറാനും ലഘുവായ അറ്റകുറ്റപ്പണികള്‍ക്കും പുറത്തുള്ള വര്‍ക്ക്ഷോപ്പുകളെ ആശ്രയിക്കാം. 70,000 കിലോമീറ്ററില്‍ താഴെ ഓടിയിട്ടുള്ള നന്നായി പരിപാലിക്കപ്പെട്ട ഒരു സാന്‍ട്രോ ഏകദേശം അത്രതന്നെ ദൂരം കൂടി ഉടമയ്ക്ക് സധൈര്യം ഉപയോഗിക്കാം.


വില


2002 നു മുമ്പുള്ള ഒരു ലീറ്റര്‍ എന്‍ജിനുള്ള സാന്‍ട്രോ 50,000 -75,000 രൂപയ്ക്ക് കിട്ടും.


2002-2003  Rs. 1 Lakh – Rs. 1.25 Lakh


2004-2005  Rs. 1.25 Lakh – Rs. 1.50 Lakh


2006-2007  Rs. 1.50 Lakh – Rs. 1.75 Lakh


2008-2009  Rs. 1.75Lakh – Rs. 2.00 Lakh


2010-2011   Rs. 2.00 Lakh – Rs. 2.50 Lakh


2012-2013   Rs. 2.75 Lakh – Rs. 3.20 Lakh.Related StoriesTOP