Home  > Used Cars  >   Used Cars Details
യൂസ്ഡ് മാരുതി ആള്‍ട്ടോ
അലന്‍ ഹാഷിംമാരുതി 800 നും സെന്നിനുമിടയിലൊരു മോഡലായി 2000 ഒക്ടോബറിലാണ് ആള്‍ട്ടോ എത്തിയത്. 786 സിസി എന്‍ജിനുള്ള എല്‍എക്സ്, 1061 സിസി എന്‍ജിനുള്ള വിഎക്സ് എന്നിങ്ങനെ രണ്ട് വേരിയന്റുകളാണ് ഉണ്ടായിരുന്നത്. ഒരു വര്‍ഷത്തിനുശേഷം ഇലക്ട്രിക് പവര്‍ സ്റ്റിയറിങ്ങോടു കൂടിയ വിഎക്സ്‍ഐ വകഭേദവും മാരുതി അവതരിപ്പിച്ചു. എന്നാല്‍ വാഗണ്‍ ആറുമായി എന്‍ജിന്‍ പങ്കിട്ടിരുന്ന വിഎക്സ് മോഡലുകളുടെ നിര്‍മാണം വൈകാതെ നിര്‍ത്തുകയുണ്ടായി. 2002 ല്‍  ഇലക്ട്രിക് പവര്‍ സ്റ്റിയറിങ്ങുള്ള പുതിയ വകഭേദം - എല്‍എക്സ്‍ഐ വിപണിയിലെത്തി.

2002 മുതല്‍ എല്‍എക്സ് , എല്‍എക്സ്ഐ എന്നിങ്ങനെ രണ്ടു വേരിയന്റുകളാണ് ആള്‍ട്ടോയ്ക്കുള്ളത്. ആദ്യം മുതല്‍ നല്ല വില്‍പ്പനയുണ്ടായിരുന്ന ആള്‍ട്ടോ 2004 ആയപ്പോഴേക്കും മാരുതി 800 നെ പിന്തള്ളി ഇന്ത്യയിലെ ഏറ്റവും വില്‍പ്പനയുള്ള കാറായി മാറി. 2005 ല്‍ പരിഷ്കരിച്ച ആള്‍ട്ടോ എത്തി. നാലുവര്‍ഷം തുടര്‍ച്ചയായി ഈ റെക്കോര്‍ഡ് നിലനിര്‍ത്തുന്ന ആള്‍ട്ടോയുടെ വില്‍പ്പന 2008 ഫെബ്രുവരിയില്‍  ‍10 ലക്ഷം തികഞ്ഞിരുന്നു. 2010 ല്‍ കരുത്ത് കൂടിയ എന്‍ജിനുമായി ആള്‍ട്ടോ കെ 10 എത്തി. 2012 ല്‍ പുതിയ ആള്‍ട്ടോ 800 വിപണിയിലെത്തിയതോടെ പഴയ മോഡല്‍ വിപണിയോട് വിടപറഞ്ഞു.
Alto
കുറഞ്ഞ പരിപാലനച്ചെലവ് , മികച്ച ഇന്ധനക്ഷമത എന്നീ സവിശേഷതകളാണ് ആള്‍ട്ടോയുടെ വില്‍പ്പന വിജയത്തിനു പിന്നില്‍ . മാരുതി 800നെക്കാള്‍ ദൃഢതയുള്ള ബോഡി ഷെല്‍ ഏറെക്കാലം നിലനില്‍ക്കുമെന്നു മാത്രമല്ല കൂടുതല്‍ സുരക്ഷിതവുമാണ്. ഇതോടൊപ്പം വാക്വം പവര്‍ബ്രേക്കും അഞ്ച് സ്പീഡ് ഗീയര്‍ബോക്സും ഇതിന്റെ ഉപയോഗക്ഷമത വര്‍ധിപ്പിക്കുന്നു. 800 നെക്കാള്‍ സ്ഥലക്കൂടുതല്‍ ഉള്ളിലില്ല്ലെങ്കിലും മെച്ചപ്പെട്ട യാത്രാ സുഖം ആള്‍ട്ടോയില്‍ ലഭിക്കും.


ഏറെ വില്‍പ്പന നടന്ന കാറായതിനാല്‍ സെക്കന്‍ഡ് ഹാന്‍ഡ് വിപണിയിലും ആള്‍ട്ടോ സുലഭമാണ്. മുക്കിനും മൂലയ്ക്കും ലഭിക്കുന്ന മാരുതിയുടെ സര്‍വീസ് നല്ല അവസ്ഥയിലുള്ള യൂസ്ഡ് ആള്‍ട്ടോയുടെ എണ്ണം വര്‍ധിപ്പിക്കുന്ന ഒരു കാര്യമാണ്. ആള്‍ട്ടോയുടെ സ്പെയറുകള്‍ക്ക് മാരുതി 800ന്റെ പോലെതന്നെ വില കുറവാണ്. അതുകൊണ്ടുതന്നെ വിപണിയില്‍ നിന്നു പിന്മാറിയെങ്കിലും പഴയ ആള്‍ട്ടോയ്ക്ക് ഇന്നും ആവശ്യക്കാരേറെയാണ്.


ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


ഇലക്ട്രോണിക് ഓഡോമീറ്റര്‍ ( ഓടിയ ദൂരം കാണിക്കുന്ന ) റീസെറ്റ് ചെയ്യാന്‍ എളുപ്പമല്ലാത്തതിനാല്‍ അതിന്റെ റീഡിങ് മുഖവിലയ്ക്കെടുക്കാം. 80,000-1,00,000 കിലോമീറ്റര്‍ വരെ സാധാരണഗതിയില്‍ എന്‍ജിന് കാര്യമായ പണിവരാനിടയില്ല. അതിലേറെ ഓടിയ വണ്ടിയുടെ കാര്യത്തില്‍ ശ്രദ്ധ വേണം. കാരണം എന്‍ജിന്‍ പണി ചെലവേറിയതാണ്. വണ്ടി സ്റ്റാര്‍ട്ട് ചെയ്തിട്ടശേഷം പുകക്കുഴല്‍ വീക്ഷിക്കുക. വെളുത്ത പുക വരുന്നുണ്ടെങ്കില്‍ എന്‍ജിന്‍ പണി ആയിട്ടുണ്ടെന്നു കരുതാം. നാല്‍പ്പതിനായിരം കിലോമീറ്ററിലേറെ ഓടിയ ആള്‍ട്ടോയ്ക്ക് സസ്പെഷന്‍ ഡാമ്പറുകള്‍ക്ക് മാറി വയ്ക്കേണ്ടിവരും.
Alto
ആള്‍ട്ടോയുടെ ഗീയറുകള്‍ മാറാന്‍ സാധാരണഗതിയില്‍ അധികം ശക്തി വേണ്ട.ക്ലച്ചിനും ഒട്ടും ആയാസമുണ്ടാകില്ല. ഓടിച്ചുനോക്കുമ്പോള്‍ ഇവ രണ്ടിന്റെയും പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും തടസ്സം തോന്നുന്നെങ്കില്‍ മെക്കാനിക്കിന്റെ വിദഗ്ധ ഉപദേശം തേടിയ ശേഷമേ വാങ്ങാനുള്ള തീരുമാനം എടുക്കാവൂ.


കൃത്യമായി സര്‍വീസ് ചെയ്ത കാറാണോ എന്ന് സര്‍വീസ് ബുക്കില്‍ നോക്കിയാല്‍ അറിയാം.ഈ വിവരങ്ങള്‍ ഉടമ തരാന്‍ മടികാണിക്കുന്നില്ലെങ്കില്‍ തീര്‍ച്ചയായും അത് ഒരു നല്ല ലക്ഷണമാണ്.
Alto
അമ്പതിനായിരം കിലോമീറ്ററില്‍ താഴെ ഓടിയ ആള്‍ട്ടോ വാങ്ങുന്നതാണ് ഉത്തമം. വാങ്ങാനുദ്ദേശിക്കുന്ന വാഹനത്തിന്റെ അകവും പുറവും ശ്രദ്ധാപൂര്‍വം പരിശോധിക്കുകയും ടെസ്റ്റ് ഡ്രൈവ് നടത്തുകയും ചെയ്താല്‍ ആള്‍ട്ടോയുടെ കാര്യത്തില്‍ അബദ്ധം പറ്റാനുള്ള സാധ്യത കുറവാണ്. അറ്റകുറ്റപ്പണികള്‍ക്കും സ്പെയറുകള്‍ക്കും ചെലവാക്കേണ്ടിവരുന്ന തുക കുറവാണെന്നതും നാട്ടിലെവിടെയും സര്‍വീസ് ലഭിക്കുമെന്നതും സെക്കന്‍ഡ് ഹാന്‍ഡ് ആള്‍ട്ടോ വാങ്ങുന്ന ആള്‍ക്ക് ആശ്വാസം പകരുന്ന കാര്യം തന്നെ.


വില


2005 വരെയുള്ള മോഡലുകള്‍ക്ക് 70,000 രൂപ - 1.15 ലക്ഷം രൂപയാണ് വില.


സെക്കന്‍ഡ് ഹാന്‍ഡ് ആള്‍ട്ടോ വില ( രൂപ )


വര്‍ഷം എല്‍എക്സ്  എല്‍എക്സ്ഐ


2006  1,20,000   1,35,000


2007  1,35,000   1,50,000


2008  1,50,000   1,65,000


2009  1,65,000   1,80,000


2010  1,80,000   2,00,000


2011   2,00,000  2,20,000Related StoriesTOP