Home  >  Special  >  Special Details
അംബാസഡര്‍ ചരിത്രം
മധു മധുരത്തില്‍
Posted on: Wednesday, Feb 22, 2017   8:00 AMഇന്ത്യന്‍ നിരത്തുകളിലെ രാജാവായിരുന്നു അംബാസഡര്‍ . രാഷ്ട്രീയനേതാക്കളുടെയും ഭരണവര്‍ഗ്ഗത്തിന്റെയും ഇഷ്ട വാഹനം. ടാക്സിക്കാരുടെ പ്രിയപ്പെട്ട മോഡല്‍ . ഡിക്കിയില്‍ ഫ്രിഡ്‍ജ് വരെ കയറ്റിക്കൊണ്ടു പോകാവുന്ന കാര്‍ . അങ്ങനെ ഒരുപാട് പ്രത്യേകതകളുണ്ട് നമ്മുടെ സ്വന്തം അംബിയ്ക്ക്. നിറയെ ആളുകളെ കുത്തിനിറച്ച അംബാസഡറിലെ യാത്ര പലരുടെയും ബാല്യകാല സ്മരണകളില്‍ ഇപ്പോഴും നിറഞ്ഞുനില്‍ക്കുന്നുണ്ടാകും. വയലറ്റ് നിറമുള്ള സ്പോഞ്ച് കൊണ്ടുണ്ടാക്കിയ പൂക്കള്‍ പതിച്ച അംബാസഡര്‍ പഴയകാല കല്യാണങ്ങളില്‍ സ്ഥിരം കാഴ്ചയായിരുന്നു. 


മാരുതി 800 ന്റെ വരവോടെ അംബിയുടെ പ്രതാപം മെല്ലെ മെല്ലെ നഷ്ടമായി. ഒടുവില്‍ 2014 ല്‍ അംബാസഡറിന്റെ നിര്‍മാണം എന്നന്നേയ്ക്കുമായി ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് അവസാനിപ്പിക്കുകയും ചെയ്തു. അംബാസഡറിന്റെ പഴയ കാല രൂപം നിലനിര്‍ത്തിക്കൊണ്ടുള്ള ഗുണമേന്മയുള്ളതും ആധുനികവുമായ ഒരു കാര്‍ പുറത്തിറങ്ങിയിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നവര്‍ ഏറെയുണ്ട്. അക്കൂട്ടരുടെ ആശ നടക്കാനുള്ള സാധ്യത ഇപ്പോള്‍ തെളിയുന്നുണ്ട്. യൂറോപ്യന്‍ വാഹനനിര്‍മാതാക്കളായ പ്യൂഷോ സിട്രന്‍ ഹിന്ദുസ്ഥാന്‍ മോട്ടോഴ്സില്‍ നിന്ന് 80 കോടി രൂപയ്ക്ക് അംബാസഡര്‍ ബ്രാന്‍ഡ് സ്വന്തമാക്കിയ സാഹചര്യത്തില്‍ ഭാവിയിലൊരു നവീന അംബി വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കാം. സ്ഥിതി ഇങ്ങനെയൊക്കയാണെന്നിരിക്കെ അംബാസഡറിന്റെ ചരിത്രത്തിലേയ്ക്കൊന്നു കണ്ണോടിക്കാം.


ഇന്ത്യയ്ക്ക് സ്വാതന്ത്യം കിട്ടുന്നതിനുമുമ്പുതന്നെ സി.കെ ബിര്‍ല ഗ്രൂപ്പ് ആരംഭിച്ച കാര്‍ നിര്‍മാണ കമ്പനിയാണ് ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് ലിമിറ്റഡ്. 1942 ല്‍ ഗുജറാത്തിലെ പോര്‍ട്ട് ഓഘയില്‍ ചെറിയ അസംബ്ലിങ് പ്ലാന്റുമായാണ് കമ്പനി  പ്രവര്‍ത്തനം തുടങ്ങിയത്. പശ്ചിമ ബംഗാളില്‍ കൊല്‍ക്കത്തയ്ക്ക് സമീപമുള്ള ഉത്തര്‍പാരയിലേയ്ക്ക് പ്ലാന്റ് മാറ്റിയത് 1948 ലായിരുന്നു. ബ്രിട്ടീഷ് കമ്പനി മോറിസ് മോട്ടോഴ്സ് ലിമിറ്റഡിന്റെ ചില മോഡലുകളാണ് നിര്‍മിച്ചുതുടങ്ങിയത്. മോറിസ് 10 എന്ന മോഡല്‍ ഹിന്ദുസ്ഥാന്‍ 10 എന്ന പേരിലും മോറിസ് എംഒ സീരീസ് മോഡലിനെ ഹിന്ദുസ്ഥാന്‍ 14 എന്ന പേരിലും പുറത്തിറക്കി.
Landmaster
1948 ല്‍ പശ്ചിമ ബംഗാളിലെ ഉത്തര്‍പാരയിലേയ്ക്ക് നിര്‍മാണശാല കമ്പനി മാറ്റി സ്ഥാപിച്ചു. അംബാസഡറിന്റെ മുന്‍ഗാമിയായ ലാന്‍ഡ് മാസ്റ്റര്‍ പുറത്തിറങ്ങിയത് 1954 ലായിരുന്നു. ഇംഗ്ലണ്ടില്‍ പുറത്തിറങ്ങിയ മോറിസ് ഒക്സ്‍ഫോഡ് സീരീസ് 2 മോഡലാണ് ലാന്‍ഡ് മാസ്റ്ററായി മാറിയത്.
Ambassador Mark-1
മോറിസ് ഒക്സ്‍ഫോഡ് സീരീസ് 3 യാണ് അംബാസഡര്‍ എന്ന പേരില്‍ ആദ്യമായി വിപണിയിലെത്തിയത്. 1957 ലായിരുന്നു അംബാസഡര്‍ പുറത്തിറങ്ങിയത്. ആദ്യ അംബിയ്ക്ക് 17,000 രൂപയായിരുന്നു വില. മാര്‍ക്ക് വണ്‍ എന്നിതിനെ വിളിക്കുമെങ്കിലും ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് അങ്ങനെയൊരു പേര് ഇട്ടിരുന്നില്ല. 1964 ല്‍ അംബാസഡര്‍ മാര്‍ക്ക് 2 എന്നു പേരിട്ട് പുതിയ മോഡല്‍ ഇറക്കിയതോടെ പഴയ മോഡലിനെ ജനം മാര്‍ക്ക് വണ്‍ എന്നു വിളിച്ചുതുടങ്ങിയതാണ്.
Ambassador Mark-2
അറുപതുകളുടെ തുടക്കത്തില്‍ ആദ്യ മോഡലിന്റെ സൈഡ് വാല്‍വ് പെട്രോള്‍ എന്‍ജിന്‍ മാറ്റി 1.5 ലീറ്റര്‍ , 55 ബിഎച്ച്പി ഓവര്‍ഹെഡ് വാല്‍വ് പെട്രോള്‍ എന്‍ജിന്‍ ഉപയോഗിച്ചുതുടങ്ങിയിരുന്നു. മോറിസ് മൈനറിന്റെ തരം അടുപ്പിച്ച് ചതുരകളങ്ങളുള്ള ഗ്രില്‍ , നീളം കുറച്ച ക്രോം മെറ്റല്‍ സ്റ്റോപ്പറുള്ള ബമ്പര്‍ , ഇന്‍ഡിക്കേറ്റര്‍ ഉള്‍പ്പെടുത്തി നവീകരിച്ച ടെയ്‍ല്‍ലാംപുകള്‍ , മൈക്കാ ഷീറ്റിനു പകരം തടിയുടെ ഡിസൈനുള്ള പ്ലൈവുഡ് കൊണ്ട് നിര്‍മിച്ച ഡാഷ്ബോര്‍ഡ് എന്നിവ മാര്‍ക്ക് 2 ന്റെ പ്രത്യേകതകളായിരുന്നു. 75 വരെ മാര്‍ക്ക് 2 തുടര്‍ന്നു. ആദ്യം നിര്‍മിച്ച കറുപ്പ് നിറത്തിലുള്ള മാര്‍ക്ക് 2 അന്നത്തെ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്രുവിന് ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് സമ്മാനമായി നല്‍കി.
Ambassador Mark-3
1975 ലാണ് മാര്‍ക്ക് 3 പുറത്തിറങ്ങുന്നത്. ഗ്രില്ലില്‍ വീണ്ടും മാറ്റമുണ്ടായി. ഗ്രില്ലിന്റെ ഭാഗമായിരുന്ന ഇന്‍ഡിക്കേറ്ററുകള്‍ മാറ്റി സ്ഥാപിച്ചു. പുതിയ ടെയ്ല്‍ ലാംപുകള്‍ , കറുപ്പ് നിറത്തിലുള്ള ഡാഷ്ബോര്‍ഡ് , പുതിയ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിവയും ഇതിനുണ്ടായിരുന്നു.
Ambassador Mark-4
പുതിയ ഗ്രില്ലും ചതുരത്തിലുള്ള പാര്‍ക്ക് ലാംപുമുള്ള മാര്‍ക്ക് ഫോര്‍ പുറത്തിറങ്ങിയത് 1979 ലാണ്. മാര്‍ക്ക് സീരീസില്‍ പുറത്തിറങ്ങിയ അവസാന മോഡലായിരുന്നു ഇത്. ഡീസല്‍ എന്‍ജിന്‍ ആദ്യമായി അവതരിപ്പിച്ചത് മാര്‍ക്ക് 4 ല്‍ ആയിരുന്നു. ബിഎംസി ബി സീരീസ് 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിന് 37 ബിഎച്ച്പിയായിരുന്നു കരുത്ത്. ഇന്ത്യയിലെ ആദ്യ ഡീസല്‍ കാറിന് മികച്ച വില്‍പ്പന വിജയവും നേടാനായി. 1986 ല്‍ കരുത്ത് കൂടിയ പെട്രോള്‍ എന്‍ജിന്‍ (55 ബിഎച്ച്പി) മാര്‍ക്ക് 4 ല്‍ അവതരിപ്പിച്ചു.
Ambassador Nova
സ്റ്റിയറിങ് , ഇലക്ട്രിക്കല്‍സ് , ബ്രേക്ക്, സസ്പെന്‍ഷന്‍ എന്നിവയെല്ലാം നവീകരിച്ച് കമ്പനി അവതരിപ്പിച്ച മോഡലായിരുന്നു നോവ. 1990 ലാണ് അംബാസഡര്‍ നോവ പുറത്തിറങ്ങിയത്. 55 ബിഎച്ച്പി പെട്രോള്‍ , 37 ബിഎച്ച്പി ഡീസല്‍ എന്‍ജിന്‍ വകഭേദങ്ങള്‍ നോവയ്ക്കുണ്ടായിരുന്നു.


1993 ല്‍ അംബാസഡര്‍ 1800 ഐഎസ്‍സെഡ് എന്ന മോഡലിനെ ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് പുറത്തിറക്കി. ഇസുസൂവിന്റെ പെട്രോള്‍ എന്‍ജിനാണിതിന് ഉപയോഗിച്ചത്. പേരിലെ ഐഎസ്‍സെഡ് എന്നത് ഇസുസൂവിനെ സൂചിപ്പിക്കുന്നു.അംബാസഡറിന്റെ ചരിത്രത്തിലാദ്യമായി അഞ്ച് സ്പീഡ് ഗീയര്‍ബോക്സ് ഉപയോഗിച്ചത് ഇതിലായിരുന്നു.സ്റ്റിയറിങ് കോളത്തില്‍ നിന്ന് ഗീയര്‍ ലിവര്‍ മാറ്റി ഫ്ലോറില്‍ ഉറപ്പിച്ചതും ഈ മോഡലിലായിരുന്നു. ‍പഴയ ബഞ്ച് സീറ്റുകള്‍ക്ക് പകരം ബക്കറ്റ് സീറ്റുകള്‍ , ഡ്രൈവര്‍ സീറ്റിനു മുന്നിലായി ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ ഉറപ്പിച്ച പുത്തന്‍ ഡാഷ്ബോര്‍ഡ്  എന്നിവയും ഇതിനുണ്ടായിരുന്നു. 1998 ല്‍ കൂടുതല്‍ കരുത്തുള്ള ഡീസല്‍ എന്‍ജിനുമായി നോവ 2.0 ഡിഎസ്‍സെഡ് കമ്പനി പുറത്തിറക്കി. 55 ബിഎച്ച്പിയായിരുന്നു എന്‍ജിന്‍ കരുത്ത്.


Ambassador Classic
വലിയ തോതില്‍ നവീകരണവുമായി ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് പിന്നീട് പുറത്തിറക്കിയ മോഡല്‍ ക്ലാസിക് ആയിരുന്നു. 1999 ലായിരുന്നു ഈ മോഡലിന്റെ വിപണിപ്രവേശം. ഡാഷ്ബോര്‍ഡ് , സീറ്റ്, ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവയിലും കാര്യമായ മാറ്റങ്ങള്‍ വരുത്തി. നവീകരിച്ച സസ്പെന്‍ഷന്‍ , ഡിസ്ക് ബ്രേക്കുകള്‍ , പവര്‍ സ്റ്റിയറിങ് എന്നിവയും ക്ലാസിക്കിനുണ്ടായിരുന്നു.
Ambassador Grand
അംബാസഡറില്‍ 137 ഇനം മാറ്റങ്ങളുമായി എത്തിയ മോഡലാണ് 2013 ല്‍ പുറത്തിങ്ങിയ അംബാസഡര്‍ ഗ്രാന്‍ഡ്. ബോഡി നിറത്തിലുള്ള ബമ്പര്‍ , ഫാബ്രിക് സീറ്റ്, ആന്റിറോള്‍ ബാറുള്ള സസ്പെന്‍ഷന്‍ , സെന്‍ട്രല്‍ ലോക്കിങ്, മ്യൂസിക് സിസ്റ്റം, ഓപ്ഷണലായ സണ്‍റൂഫ് എന്നിങ്ങനെയുള്ള ആധുനിക സൗകര്യങ്ങള്‍ ഇതിനുണ്ടായിരുന്നു.
Ambassador Avigo
അംബാസഡരിന്റെ രൂപകല്‍പ്പനയില്‍ വിപ്ലവകരമായ മാറ്റങ്ങളുമായാണ് അവിഗോ 2004ല്‍ വിപണിയിലെത്തിയത്. കുഴിവുകളില്ലാത്ത ബോണറ്റ്, ഷെവര്‍ലെ മാറ്റിസിന്റേതുപോലെയുള്ള ഹെഡ് ലാംപുകള്‍ , പുതിയ ഗ്രില്‍ എന്നിവയെല്ലാം അവിഗോയെ കാഴ്ചയില്‍ വ്യത്യസ്തമാക്കി.
Ambassador Avigo
ഡാഷ്ബോര്‍ഡ് തികച്ചും പുതിയതായിരുന്നു. ആറ് സിഡി കെന്‍വുഡ് മ്യൂസിക് സിസ്റ്റവും എസിയും ഇതിനുണ്ടായിരുന്നു.
Ambassador Encore
അവസാനത്തെ അംബാസഡര്‍ എന്‍കോര്‍ ആണ്.ഗ്രാന്‍ഡിനെപ്പോലെയാണ് കാഴ്ചയില്‍ എന്‍കോറും. ബിഎസ് 4 എന്‍ജിനായിരുന്നു ഇതിന്. ടാക്സി മേഖലയെ ലക്ഷ്യം വച്ച് പുറത്തിറക്കിയ എന്‍കോറിന്റെ വിപണിപ്രവേശം 2013ലായിരുന്നു. വേണ്ടത്രം വില്‍പ്പന കിട്ടാക്തതിനെത്തുടര്‍ന്ന് 2014 ല്‍ അവസാന അംബാസഡറിന്റെ ഉത്പാദനം ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് എന്നന്നേക്കുമായി നിര്‍ത്തി.Related StoriesTOP