Home  >  Special  >  Special Details
ഇന്ത്യയുടെ മാപ്പ് വരച്ച് നിസാന്‍ ജിടിആര്‍
മധു മധുരത്തില്‍
Posted on: Wednesday, Jan 25, 2017   5:00 PM



കാറുകൊണ്ട് ഇന്ത്യയുടെ രൂപരേഖ വരച്ച് 68 മത് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ് നിസാന്‍ ഇന്ത്യ. ജപ്പാന്‍ കമ്പനിയുടെ ഏറ്റവും വിലയേറിയ കാറായ ജിടിആര്‍ ഓടിച്ചാണ്  മൂന്ന് കിലോമീറ്റര്‍ നീളവും 2.8 മീറ്റര്‍ വീതിയുമുയുള്ള പ്രതലത്തില്‍ ഇന്ത്യയുടെ പടം വരച്ചത്.  രാജസ്ഥാനിലെ പ്രസിദ്ധമായ സംഭാര്‍ ഉപ്പ് തടാകത്തിന്റെ ഉണങ്ങിയ പ്രതലത്തിലായിരുന്നു ഈ കലാവിരുത്.
Nissan GT-R
നിരപ്പായ പ്രതലം, ടയറുകളുടെ പാട് ശരിയായി പതിയും വിധം വരണ്ടതും മൃദുത്വമുള്ളതുമായ മണ്ണ് എന്നീ ഗുണങ്ങള്‍ കണ്ടാണ് സംഭാര്‍ ഉപ്പ് തടാകത്തെ ഈ പ്രകടനം നടത്താനുള്ള ഇടമായി നിസാന്‍ തിരഞ്ഞെടുത്തത്. സൂപ്പര്‍ കാറായ നിസാന്‍ ജിടിആറിന്റെ കൃത്യതയുള്ള സ്റ്റിയറിങ് , സ്ഥിരത , കരുത്ത് എന്നിവയെല്ലാമാണ് ഇന്ത്യയുടെ വളവും പുളവും നിറഞ്ഞ രൂപരേഖ ടയറുകളുടെ പാട് കൊണ്ട് മണ്ണില്‍ വരച്ചെടുക്കാന്‍ സഹായകമായത്. പ്രൊഫഷണല്‍ റാലി ഡ്രൈവറായ രാഹുല്‍ കാന്ത്‍രാജാണ് ചുവപ്പ് നിറമുള്ള ജിടിആറിന്റെ ഡ്രൈവര്‍ സീറ്റിലിരുന്ന് ഈ വേറിട്ട കാഴ്ചയൊരുക്കിയത്. ജിപിഎസ് ഉപകരണങ്ങളുടെ സഹായത്തോടെയാണ്  കാറിലിരുന്ന് ഇന്ത്യയുടെ രൂപരേഖ മണ്ണില്‍ തീര്‍ത്തത്. ക്യാമറ ഡ്രോണുകള്‍ ഉപയോഗിച്ച് മുകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പകര്‍ത്തി.



നിസാന്റെ ഉദ്യമം നിരീക്ഷിക്കാന്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ നിന്നുള്ള പ്രതിനിധികള്‍ എത്തിയിരുന്നു. അവര്‍ ഇതിന് അംഗീകാരം നല്‍കിയാല്‍ , ഏറ്റവും വലുപ്പത്തില്‍ ഒരു രാജ്യത്തിന്റെ മാപ്പിന്റെ ബാഹ്യരേഖ വരച്ചതിനുള്ള ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സ് നിസാന്‍ ഇന്ത്യയ്ക്ക് ലഭിക്കും. 2018 ജൂണിലാണ് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്റെ 2018 പതിപ്പ് പുറത്തിറങ്ങുക.
Nissan GT-R
നാല് പേര്‍ക്ക് ഇരിക്കാവുന്ന നാല് വില്‍ ഡ്രൈവ് സൂപ്പര്‍ കാറാണ് ജിടി- ആര്‍ .3.8 ലീറ്റര്‍ , വി 6 , ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന് 570 ബിഎച്ച്പിയാണ് കരുത്ത്. ആറ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനുള്ള സൂപ്പര്‍ കാറിന് 637 എന്‍എം ആണ് പരമാവധി ടോര്‍ക്ക്. മൂന്ന് സെക്കന്‍ഡില്‍ താഴെ സമയം കൊണ്ട് 100 കിമീ വേഗം ആര്‍ജിക്കാന്‍ കാറിനു കഴിയും. മണിക്കൂറില്‍ 315 കിലോമീറ്ററാണ് പരമാവധി വേഗം. ഡല്‍ഹിയില്‍ മാത്രം വില്‍പ്പനയ്ക്കുള്ള ജിടിആറിന് 1.99 കോടി രൂപയാണ് എക്സ്‍ഷോറൂം വില. 



Related Stories







TOP