Home  >  Special  >  Special Details
2017 ല്‍ വിപണിയിലെത്തുന്ന അഞ്ച് ചെറുകാറുകള്‍
മധു മധുരത്തില്‍
Posted on: Wednesday, Nov 30, 2016   11:00 AM



ഇന്ത്യന്‍ കാര്‍ വിപണിയിലേയ്ക്ക് ഒട്ടനവധി മോഡലുകളാണ് 2017 ല്‍ എത്താനിരിക്കുന്നത്. ഇതില്‍ ഹാച്ച്ബാക്ക് വിഭാഗത്തില്‍ പെടുന്ന അ‍ഞ്ച് പ്രധാന മോഡലുകള്‍ ഉള്‍പ്പെടുന്നു. മാരുതി സുസൂക്കിയില്‍ നിന്ന് മൂന്നു മോഡലുകളും ജനറല്‍ മോട്ടോഴ്സ് , ഹ്യുണ്ടായി കമ്പനികളില്‍ നിന്ന് ഒന്നു വീതം മോഡലുകളുമാണ് എത്തുക.


1. പുതിയ മാരുതി സ്വിഫ്ട്


ഇപ്പോഴും നല്ല നിലയ്ക്ക് വിറ്റുപോകുന്നുണ്ടെങ്കിലും വലുപ്പം കൂടിയ ബലേനോ എത്തിയതോടെ സ്വിഫ്ടിന്റെ ഗരിമ അല്‍പ്പം കുറഞ്ഞിട്ടുണ്ട്. അത് പരിഹരിക്കാന്‍ പുതുപുത്തന്‍ സ്വിഫ്ടിനെ അവതരിപ്പിക്കുകയാണ് മാരുതി സുസൂക്കി. ആകര്‍ഷകമായ രൂപം , ബലേനോയെക്കാള്‍ ഭാരക്കുറവ് , നിലവാരം കൂടിയ ഇന്റീരിയര്‍ , മെച്ചപ്പെട്ട മൈലേജ് എന്നിവ പുതിയ സ്വിഫ്ടില്‍ പ്രതീക്ഷിക്കാം. 


നിലവിലുള്ള സ്വിഫ്ടിന്റെ അടിസ്ഥാന രൂപഘടനതന്നെയാണ് 2017 മോഡല്‍ സ്വിഫ്ടിന്. മുന്‍ഭാഗം അല്‍പ്പം കൂര്‍ത്തതാണ്. ഔഡി കാറുകളെ ഓര്‍മിപ്പിക്കും മുന്നിലെ ഗ്രില്‍ . ഇത് മസ്കുലാര്‍ ലുക്കുള്ള മുന്‍ബമ്പര്‍ ഇതുമായി കൂടിച്ചേരുമ്പോള്‍ മുന്‍ഭാഗത്തിന് ഗൗരവഭാവം കൈവരുന്നു. ഹെഡ് ലാംപുകളും പുതിയതാണ്. സൈഡില്‍ നിന്നുള്ള കാഴ്ചയില്‍ കാര്യമായ മാറ്റമില്ല. എന്നാല്‍ റൂഫിന് പിന്‍ഭാഗം കൂടുതല്‍ താഴ്‍ന്നാണ്.
swift
സി പില്ലര്‍ കറുപ്പ് നിറത്തിലാണ്. ഷെവര്‍ലെ ബീറ്റ് , മഹീന്ദ്ര കെയുവി 100 മോഡലുകളെപ്പോലെ പിന്നിലെ ഡോറില്‍ വിന്‍ഡോ ഗ്ലാസിനു അരികിലായി ഡോര്‍ ഹാന്‍ഡില്‍ നല്‍കിയിരിക്കുന്നു. ടെയ്ല്‍ ലാംപ് എല്‍ഇഡി ടൈപ്പ് ആകാനാണ് സാധ്യത.


ഇന്റീരിയറിലും കാര്യമായ മാറ്റങ്ങളുണ്ട്. ഡാഷ് ബോര്‍ഡ് , സ്റ്റിയറിങ് വീല്‍ , ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിവയെല്ലാം പുതിയതാണ്. സെന്റര്‍ കണ്‍സോളില്‍ വലുപ്പം കൂടിയ ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം നല്‍കിയിരിക്കുന്നു.


ബലേനോ ഹാച്ച്ബാക്കിന്റെ പ്ലാറ്റ്ഫോമിലാണ് പുതിയ സ്വിഫ്ട് നിര്‍മിക്കുന്നത്. ഭാരം കുറഞ്ഞതും അതേ സമയം ബലവത്തായതുമാണ് ഈ പ്ലാറ്റ്ഫോം. കുറഞ്ഞ ബോഡി ഭാരം മൈലേജും പെര്‍ഫോമന്‍സും മെച്ചപ്പെടുത്തും. പഴയതിലും കരുത്ത് കൂടിയ പെട്രോള്‍ , ഡീസല്‍ എന്‍ജിനുകളാണ് 2017 മോഡല്‍ സ്വിഫ്ടിന് ഉപയോഗിക്കുക.


പ്രതീക്ഷിക്കുന്ന വില 5.00 ലക്ഷം രൂപ- 8.00 ലക്ഷം രൂപ.


2. ഷെവര്‍ലെ ബീറ്റ്, ബീറ്റ് ആക്ടിവ്


2020 ന് അകം 10 പുതിയ മോഡലുകള്‍ അവതരിപ്പിക്കാനാണ് ജനറല്‍ മോട്ടോഴ്സിന്റെ പദ്ധതി. ഇതിലൊന്ന് പുതിയ ബീറ്റ് ആണ്. നിലവിലുളള ബീറ്റില്‍ അഴിച്ചുപണി നടത്തിയാണ് പുതിയ ബീറ്റിനെ കമ്പനി ഒരുക്കുന്നത്.
Chevrolet Beat
നവീനമായ മുന്‍ഭാഗം, ഷെവര്‍ലെയുടെ മൈ ലിങ്ക് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമുള്ള പ്രീമിയം ഇന്റീരിയര്‍ എന്നിവ പുതിയ ബീറ്റിനുണ്ട്. ഒരു ലീറ്റര്‍ ഡീസല്‍ എന്‍ജിനും പുതിയ 1.0 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും പുതിയ ബീറ്റിനുണ്ടാകും.
Chevrolet Beat Active
ഹാച്ച്ബാക്കിനു പിന്നാലെ ക്രോസ് ഓവര്‍ വകഭേദമായ ബീറ്റ് ആക്ടിവിനെയും ജിഎം വിപണിയിലിറക്കും. വലിയ അലോയ് വീലുകള്‍ , ബോഡി ക്ലാഡിങ് എന്നിവ ഇതിനുണ്ട്.


പ്രതീക്ഷിക്കുന്ന വില 4.00 ലക്ഷം രൂപ -6.00 ലക്ഷം രൂപ.


3. പുതിയ ഹ്യുണ്ടായി ഗ്രാന്‍ഡ് ഐ 10


ഹ്യുണ്ടായി ഗ്രാന്‍ഡ് ഐ 10 ന്റെ നവീകരിച്ച പതിപ്പ് 2017 ജനുവരിയില്‍ വിപണിയിലെത്താനാണ് സാധ്യത. യുകെ വിപണിയ്ക്കായി രൂപകല്‍പ്പന ചെയ്ത പുതിയ ഐ 10 ആയിരിക്കും ഇന്ത്യയില്‍ നവീകരിച്ച ഗ്രാന്‍ഡ് ഐ 10 ആയി എത്തുക.
New Grand i10
ഹാച്ച്ബാക്കിന്റെ അടിസ്ഥാന രൂപകല്‍പ്പനയില്‍ കാര്യമായ മാറ്റമില്ല. വൃത്താകൃതിയിലുള്ള രണ്ട് ഡേ ടൈം റണ്ണിങ് എല്‍ഇഡി ലാംപുകളുള്ള പുതിയ ഗ്രില്‍ , നവീകരിച്ച മുന്നിലെയും പിന്നിലെയും ബമ്പറുകള്‍ , ഡയമണ്ട് കട്ട് അലോയ് വീലുകള്‍ എന്നിവ പുതിയ ഗ്രാന്‍ഡ് ഐ 10 നെ വ്യത്യസ്തമാക്കുന്നു.


എന്‍ജിനു മാറ്റമുണ്ടാകില്ല. 1.2 ലീറ്റര്‍ കാപ്പ പെട്രോള്‍ , 1.1 ലീറ്റര്‍ , മൂന്ന് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനുകളായിരിക്കും ഇതിന്. മാരുതി സ്വിഫ്ടാണ് ഗ്രാന്‍ഡ് ഐ10 ന്റെ മുഖ്യ എതിരാളി.


പ്രതീക്ഷിക്കുന്ന വില  5.15 ലക്ഷം രൂപ - 7.50 ലക്ഷം രൂപ.


4. മാരുതി ബലേനോ ആര്‍എസ്


100 ബിഎച്ച്പിയ്ക്കു മേല്‍ കരുത്തുള്ള ഹാച്ച്ബാക്കുകളുടെ ക്ലബില്‍ അംഗത്വമെടുക്കാനാണ് ബലേനോ ആര്‍എസിന്റെ വരവ്. 


ഉയര്‍ന്ന കരുത്ത് നല്‍കുന്ന ചെറിയ എന്‍ജിനാണ് ബലേനോ ആര്‍എസിന്. ഇക്കോസ്പോര്‍ടില്‍ ഫോഡ് അവതരിപ്പിച്ച ഇക്കോബൂസ്റ്റ് എന്‍ജിന് സമാനമാണ് സുസൂക്കിയുടെ ബൂസ്റ്റര്‍ ജെറ്റ് എന്‍ജിന്‍. ടര്‍ബോ ചാര്‍ജറുള്ള ഒരു ലീറ്റര്‍ , മൂന്ന് സിലിണ്ടര്‍ , പെട്രോള്‍ എന്‍ജിന് 112 ബിഎച്ച്പി - 175 എന്‍എം ആണ് കരുത്ത്. ഫോക്സ്‍വാഗന്റെ പോളോ ജിടി ടിഎസ്‍ഐയേക്കാള്‍ കൂടുതലാണിത്.
Baleno Rs
ഹണികോംപ് ക്രോം ഗ്രില്‍ ,പ്രത്യേക തരം അലോയ് , പിന്നിലെ ലൈസന്‍സ് പ്ലേറ്റിനു കറുപ്പ് നിറത്തിലുള്ള ചുറ്റുഭാഗം , പുതിയ ബമ്പര്‍ എന്നിവ ആര്‍എസ് വകഭേദത്തിന് സാധാരണ ബലേനോയില്‍ നിന്ന് വ്യത്യസ്തത സമ്മാനിക്കുന്നു. ഇന്റീരിയര്‍ പൂര്‍ണ്ണമായും കറുപ്പ് നിറത്തിലാണ്.


ഫിയറ്റ് അബാര്‍ത്ത് പുന്റോ , ഫോക്സ്‍വാഗന്‍ ജിടി, ഫോഡ് ഫിഗോ 1.5 എന്നിവയാണ് ബലേനോ ആര്‍എസിന്റെ എതിരാളികള്‍ . 


പ്രതീക്ഷിക്കുന്ന വില 8.00 ലക്ഷം രൂപ -10 ലക്ഷം രൂപ.


5. മാരുതി ഇഗ്‍നിസ്


റിറ്റ്സിനു പകരക്കാരനാവുന്ന മോഡല്‍ . ഹാച്ച്ബാക്ക് - ക്രോസ് ഓവര്‍ വിഭാഗത്തിലാണ് സ്ഥാനം. മഹീന്ദ്ര കെയുവി 100 യുമായി മത്സരിക്കുന്ന ഇഗ്‍നിസ് , മാരുതിയുടെ നെക്സ ഷോറൂമുകളിലൂടെയാണ് വില്‍പ്പനയ്ക്കെത്തുക.
Maruti Ignis
ബലേനോയുടെ തരം ഭാരം കുറഞ്ഞ പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന ഇഗ്‍നിസിന് ജനശ്രദ്ധ ആകര്‍ഷിക്കുന്ന രൂപമാണ്. 3.7 മീറ്റര്‍ നീളമുള്ള ഇഗ്‍നിസിന് 180 മിമീ ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. ബൂട്ട് സ്പേസ് 258 ലീറ്റര്‍. യു ആകൃതിയിലുള്ള ഡേ ടൈം റണ്ണിങ് ലാംപുകളും പ്രൊജക്ടര്‍ ഹെഡ്‍ലാംപുകളും ഇഗ്‍നിസിനുണ്ട്. 18 ഇഞ്ചാണ് 10 സ്പോക്ക് അലോയ്സിന്റെ വലുപ്പം.


1.2 ലീറ്റര്‍ പെട്രോള്‍ , 1.3 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ വകഭേദങ്ങളുണ്ടാകും. അഞ്ച് സ്പീഡ് മാന്വല്‍ , എഎംടി ഗീയര്‍ബോക്സ് വകഭേദങ്ങള്‍ പ്രതീക്ഷിക്കാം. 


പ്രതീക്ഷിക്കുന്ന വില 5.50 ലക്ഷം രൂപ -8.00 ലക്ഷം രൂപ.



Related Stories







TOP

Designed and developed by EGGS