Home  >  Special  >  Special Details
ജാവ ബ്രാന്‍ഡിന് പുതുജീവനേകാന്‍ മഹീന്ദ്ര
ഐപ്പ് കുര്യന്‍
Posted on: Wednesday, Oct 26, 2016   12:00 PMജാവ ബ്രാന്‍ഡില്‍ പുതിയ മോട്ടോര്‍ സൈക്കിളുകള്‍ പുറത്തിറക്കാന്‍ മഹീന്ദ്ര ടൂ വീലേഴ്സ് ഒരുങ്ങുന്നു. പഴയ കാല മോട്ടോര്‍സൈക്കിള്‍ കമ്പനിയായ ജാവയുടെ ബ്രാന്‍ഡ് നെയിം ഉപയോഗിച്ച് മോട്ടോര്‍സൈക്കിളുകള്‍ നിര്‍മിക്കാനുള്ള അവകാശം മഹീന്ദ്ര ടൂവീലേഴ്സ് നേടിയിരിക്കുകയാണ്. മുംബൈയില്‍ മഹീന്ദ്ര ടൂവിലേഴ്സ് നടത്തിയ പത്രസമ്മേളനത്തിലാണ് ജാവ ഏറ്റെടുത്തത് സംബന്ധിച്ചുള്ള വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയത്. 


ബ്രിട്ടീഷ് മോട്ടോര്‍ സൈക്കിള്‍ നിര്‍മാതാക്കളായ ബിഎസ്എയുടെ 100 ശതമാനം ഓഹരി മഹീന്ദ്ര അടുത്തിടെ സ്വന്തമാക്കിയിരുന്നു. മഹീന്ദ്രയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ലാസിക് ലെജന്‍ഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് 28 കോടി രൂപ മുതല്‍ മുടക്കി ബിഎസ്എയെ ഏറ്റെടുത്തത്. ഇതേ കമ്പനിയാണ് ജാവയുടെ ലൈസന്‍സും സ്വന്തമാക്കിയത്.
Jawa Motorcycle
ടൂവീലര്‍ കമ്പനിയുടെ ഭാവി പുനര്‍നിര്‍ണയിക്കുന്ന പുതിയ തീരുമാനങ്ങളും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. പവന്‍ ഗോയങ്ക പങ്കെടുത്ത പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ടൂവീലര്‍ കമ്പനിയെ മൊത്തത്തില്‍ അഴിച്ചുപണിയുകയാണെന്ന് ഗോയങ്ക പറഞ്ഞു. പ്യൂഷോ മോട്ടോര്‍ സൈക്കിള്‍സ് , മഹീന്ദ്ര ടൂവീലേഴ്സ് , ക്ലാസിക് ലെജന്‍ഡ്സ് എന്നിവയായിരിക്കും പുനര്‍രൂപികരിച്ച ടൂവീലര്‍ വിഭാഗത്തിന്റെ മൂന്ന് തൂണുകളെന്ന് അദ്ദേഹം വിശദമാക്കി. ഗീയര്‍ലെസ് സ്കൂട്ടര്‍ , കമ്യൂട്ടര്‍ ബൈക്ക് വിഭാഗത്തില്‍ ഇനി കമ്പനി അധികം ശ്രദ്ധ കൊടുക്കില്ല. ടൂവീലര്‍ മാര്‍ക്കറ്റിങ്ങിനുള്ള തുക 80 ശതമാനം കമ്പനി വെട്ടിക്കുറച്ചു. ഈ മേഖലയിലെ ജീവനക്കാരുടെ എണ്ണം 50 ശതമാനത്തോളം കുറച്ചു. സെഞ്ചുറോ മോട്ടോര്‍സൈക്കിള്‍ , ഗസ്റ്റോ സ്കൂട്ടര്‍ എന്നിവ ആവശ്യക്കാരുടെ എണ്ണത്തിന് അനുസരിച്ചായിരിക്കും മധ്യപ്രദേശിലെ പിതാംപൂര്‍ പ്ലാന്റില്‍ ഉത്പാദിപ്പിക്കുക. അതേ സമയം കമ്പനിയുടെ ഏറ്റവും പുതിയ മോഡലായ മോജോയുടെ വിപണനത്തില്‍ കമ്പനി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. പ്രീമിയം മോട്ടോര്‍സൈക്കിളായ മോജോയുടെ പുതിയ വകഭേദങ്ങള്‍ കമ്പനി പുറത്തിറക്കും. ടൂറര്‍ , അഡ്വഞ്ചര്‍ , ക്രൂസര്‍ , സ്ട്രീറ്റ് എന്നീ വകഭേദങ്ങളാണ് രണ്ട് വര്‍ഷത്തിനകം വരാനിരിക്കുന്നത്. നിലവില്‍ 22 നഗരങ്ങളിലാണ് മോജോ ലഭ്യമായിരിക്കുന്നത്. ഏതാനും മാസങ്ങള്‍ക്കകം 10 നഗരങ്ങളിലേയ്ക്ക് കൂടി മോജോ വില്‍പ്പന വ്യാപിപ്പിക്കും.


ബിഎസ്എ, ജാവ , പ്യൂഷോ മോട്ടോര്‍ സൈക്കിള്‍സ് എന്നിവയെ പ്രീമിയം ബ്രാന്‍ഡുകളായി അവതരിപ്പിക്കാനാണ് മഹീന്ദ്രയുടെ പദ്ധതി. മഹീന്ദ്ര ബ്രാന്‍ഡ് നെയിം ഇവയ്ക്ക് ഉപയോഗിക്കില്ല. ഓരോ ബ്രാന്‍ഡും പ്രത്യേകം ഡീലര്‍ഷിപ്പിലൂടെയായിരിക്കും വിപണനം നടത്തുക. ആദ്യ ജാവ മോട്ടോര്‍ സൈക്കിള്‍ 2018 ലെ ഡല്‍ഹി ഓട്ടോ എക്സ്‍പോയിലെത്തുമെന്നാണ് ലഭിക്കുന്ന സൂചന. ബിഎസ്എ ബ്രാന്‍ഡില്‍ പുറത്തിറക്കുന്ന മോഡലുകള്‍ യുഎസ്, ഇറ്റലി , യുകെ വിപണികളില്‍ അവതരിപ്പിക്കാനാണ് മഹീന്ദ്രയുടെ പദ്ധതി.


ജാവയുടെ ചരിത്രം


1929 ല്‍ ചെക്ക് റിപ്പബ്ലിക്കിലാണ് ജാവയുടെ പിറവി. ചെക്ക് ആയുധ നിര്‍മാതാവായ ഫ്രാന്റിസേക് ജാനസേക് ജര്‍മന്‍ മോട്ടോര്‍ സൈക്കിള്‍ നിര്‍മാതാക്കളായ വാണ്ടററുമായ ചേര്‍ന്നാണ് ജാവ എന്ന ബ്രാന്‍ഡിന് രൂപം കൊടുത്തത്. ജാനസേക്കിന്റെ ആദ്യാക്ഷരമായ 'ജാ'യും വാണ്ടററിലെ 'വാ'യും ചേര്‍ന്നതാണ് ജാവ.
Jawa Motorcycle
1950 കളില്‍ കമ്പനിയുടെ പ്രതാപകാലത്ത് 120 രാജ്യങ്ങളിലേയ്ക്ക് ജാവ മോട്ടോര്‍സൈക്കിളുകള്‍ കയറ്റുമതി ചെയ്തിരുന്നു. അക്കാലത്ത് ഇന്ത്യയിലും ജാവ എത്തി.ഡല്‍ഹിയിലെ ബഗ്‍വന്താസ് , മുംബൈയിലെ ഇറാനി കമ്പനികളാണ് ഇന്ത്യയില്‍ ജാവ വില്‍പ്പന നടത്തിയിരുന്നത്. എന്നാല്‍ 50 കളുടെ മധ്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ വിദേശ നിര്‍മിത ബൈക്കുകളുടെ ഇറക്കുമതി നിര്‍ത്തലാക്കി. കമ്പനിയുടെ ലൈസന്‍സ് ഉപയോഗിച്ച് ബൈക്കുകള്‍ ഇന്ത്യയില്‍ അസംബിള്‍ ചെയ്തു വില്‍ക്കാന്‍ മാത്രം അനുമതിയുണ്ടായിരുന്നു. ഈ അവസരം ഉപയോഗപ്പെടുത്തി ഇറാനി കമ്പനി ജാവയുടെ ലൈസന്‍സ് ഉപയോഗിച്ച് ഐഡിയല്‍ ജാവ എന്ന പേരില്‍ മൈസൂറില്‍ നിര്‍മാണശാല സ്ഥാപിച്ച് മോട്ടോര്‍ സൈക്കിളുകള്‍ പുറത്തിറക്കി. 1961 മാര്‍ച്ച് 15 നാണ് ആദ്യ മോഡലായ ജാവ 250 ടൈപ്പ് എ പുറത്തിറങ്ങിയത്. ജാവ 50 ജെറ്റ് എ സീരീസ് ആയിരുന്നു മറ്റൊരു മോഡല്‍ . അമ്പത് ലക്ഷം രൂപ മുതല്‍ മുടക്കി സ്ഥാപിച്ച കമ്പനിയ്ക്ക് പ്രതിവര്‍ഷം 42,000 ബൈക്കുകള്‍ പുറത്തിറക്കാന്‍ ജാവയുടെ അനുമതിയുണ്ടായിരുന്നു.
Yezdi
1968 ല്‍ ജാവയുമായുള്ള കരാര്‍ അവസാനിച്ചതോടെ ഐഡിയല്‍ ജാവ യെസ്ഡി എന്ന പേരില്‍ ബൈക്കുകള്‍ പുറത്തിറക്കി. 1990 വരെ യെസ്ഡിയുടെ സുവര്‍ണകാലമായിരുന്നു. 80 കളുടെ തുടക്കത്തില്‍ 35,000-40,000 ബൈക്കുകളായിരുന്നു പ്രതിവര്‍ഷ വില്‍പ്പന. യെസ്ഡിയുടെ റോഡ് കിങ് , സിഎല്‍ 2 മോഡലുകളാണ് ഏറ്റവും വില്‍പ്പന നേടിയത്. ഗീയര്‍ ഷിഫ്ടറും കിക്കറും ഒരേ ലിവറില്‍ പ്രവര്‍ത്തിക്കുന്നു എന്നത് യെസ്ഡിയെ മറ്റു ബൈക്കുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്ന കാര്യമായിരുന്നു. മുന്നിലേയ്ക്ക് ലിവര്‍ കിടക്കുമ്പോള്‍ ഗീയര്‍ഷിഫ്ടറും അത് പിന്നിലേയ്ക്ക് ആക്കിയാല്‍ കിക്കറും ആകും. ജാവയ്ക്ക് പേറ്റന്റുള്ള മറ്റൊരു സവിശേഷതയും യെസ്ഡിയ്ക്കുണ്ട്. മറച്ചുവച്ച കാര്‍ബുറേറ്റര്‍ ആണത്. ഒറ്റ നോട്ടത്തില്‍ കാര്‍ബുറേറ്റര്‍ കാണാനാവില്ല. എന്‍ജിന്‍ സിലിണ്ടറിനു പിന്നില്‍ പ്രത്യേക കവര്‍ ഉപയോഗിച്ച് മറച്ചാണ് അത് വച്ചിരിക്കുന്നത്.
Yezdi
പ്രവര്‍ത്തനക്ഷമതയിലും പ്രായോഗികതയിലും മുന്‍പന്തിയിലുള്ള ജാപ്പനീസ് ബൈക്കുകളുടെ വരവോടെ യെസ്ഡിയുടെ പ്രതാപത്തിനു മങ്ങലേറ്റു. കര്‍ശനമായി മലിനീകരണ നിയന്ത്രണ നിയമങ്ങളും ടൂ സ്ട്രോക്ക് എന്‍ജിനുള്ള യെസ്ഡി ബൈക്കുകള്‍ക്ക് വിനയായി. ഒടുവില്‍ 1996 ല്‍ ഐഡിയല്‍ ജാവ കമ്പനി പ്രവര്‍ത്തനം അവസാനിപ്പിച്ചു.Related StoriesTOP