Home  >  Special  >  Special Details
വിലക്കുറവുള്ള ഓട്ടോമാറ്റിക് ഡീസല്‍ സെഡാനുകള്‍
ഐപ്പ് കുര്യന്‍
Posted on: Monday, Oct 17, 2016   1:40 PMകുറഞ്ഞ വിലയുള്ള ഓട്ടോമാറ്റിക് ഡീസല്‍ സെഡാനുകള്‍ നോക്കുന്നവര്‍ക്കായി മൂന്ന് മോഡലുകള്‍ വിപണിയിലുണ്ട്. ടാറ്റ സെസ്റ്റാണ് ഈ വിഭാഗത്തിന് തുടക്കമിട്ടത്. പിന്നാലെ സ്വിഫ്ട് ഡിസയര്‍ എത്തി. ഏറ്റവും ഒടുവിലായി എത്തിയിരിക്കുന്നത് ഫോക്സ്‍വാഗന്‍ അമിയോയാണ്. ഈ മോഡലുകളുടെ മികവും കുറവും വിലയിരുത്തുകയാണിവിടെ.


ഫോക്സ്‍വാഗന്‍ അമിയോ 


എന്‍ട്രി ലെവല്‍ ഓട്ടോമാറ്റിക് സെഡാന്‍ വിഭാഗത്തിലെ ഏറ്റവും മികച്ച പെര്‍ഫോമന്‍സുള്ള മോഡലാണ് അമിയോ. തകര്‍പ്പന്‍ പെര്‍ഫോമന്‍സിനൊപ്പം മികച്ച മൈലേജും ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഗീയര്‍ബോക്സ് നല്‍കും. കോംപാക്ട് സെഡാന്‍ വിഭാഗത്തിലെ ഏറ്റവും കരുത്തേറിയ മോഡല്‍ എന്ന മേല്‍വിലാസവും അമിയോയ്ക്ക് സ്വന്തം.
Ameo
വെന്റോയിലുപയോഗിക്കുന്ന 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിന്റെ നവീകരിച്ച പതിപ്പാണ് അമിയോയില്‍. ടര്‍ബോചാര്‍ജറുള്ള നാല് സിലിണ്ടര്‍ എന്‍ജിന് 108.5 ബിഎച്ച്പിയാണ് കരുത്ത് .1500-3000 ആര്‍പിഎമ്മില്‍ 250 എന്‍എം എന്ന മികച്ച ടോര്‍ക്കുമുണ്ട്. ലീറ്ററിന് 21.73 കിമീ ആണ് ഓട്ടോമാറ്റിക്കിന് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്. ബൂട്ട്സ്പേസ് 330 ലീറ്റര്‍ . ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം , ക്രൂസ് കണ്‍ട്രോള്‍ , റെയിന്‍ സെന്‍സിങ് വൈപ്പര്‍ , ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എസി എന്നീ മുന്തിയ ഫീച്ചറുകള്‍ അമിയോയില്‍ ലഭിക്കും. പിന്‍സീറ്റ് അല്‍പ്പം ഇടുക്കമുള്ളതാണെന്നത് ന്യൂനത.


കംഫര്‍ട്ട്‍ലൈന്‍ , ഹൈലൈന്‍ എന്നീ വകഭേദങ്ങളില്‍ ഓട്ടോമാറ്റിക് ലഭിക്കും. എബിഎസും രണ്ട് എയര്‍ബാഗുകളും അടിസ്ഥാന വകഭേദത്തിനുമുണ്ട്. കയറ്റത്തില്‍ വണ്ടി പിന്നിലേയ്ക്കുരുളാതെ നിര്‍ത്തി എടുക്കാന്‍ സഹായിക്കുന്ന ഹില്‍ഹോള്‍ഡ് അസിസ്റ്റ് ഓട്ടോമാറ്റിക്കിനുണ്ട്. 


കൊച്ചിയിലെ എക്സ്‍ഷോറൂം വില : കംഫര്‍ട്ട്‍ലൈന്‍ - 8.50 ലക്ഷം രൂപ , ഹൈലൈന്‍ - 9.31 ലക്ഷം രൂപ.


ടാറ്റ സെസ്റ്റ് 


വിശാലമായ ഇന്റീരിയര്‍ സ്പേസ് , കുറഞ്ഞ വില എന്നീ ഘടകങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നവര്‍ക്കുള്ളതാണ് സെസ്റ്റ്. പഴയ ടാറ്റ മോഡലുകളുമായി സെസ്റ്റിനെ താരതമ്യം ചെയ്യാനാവില്ല. കാരണം ഗുണമേന്മയുള്ള നിര്‍മിതിയാണിന്റേത്. ഡീസല്‍ ഓട്ടോമാറ്റിക്കുകളില്‍ ഏറ്റവും വലിയതാണ് ബൂട്ട് സ്പേസ് , 390 ലീറ്റര്‍ . ഫീച്ചറുകളുടെ കാര്യത്തില്‍ രണ്ടാം സ്ഥാനം സെസ്റ്റിനുണ്ട്. പ്രൊജക്ടര്‍ ഹെഡ്‍ലാംപുകള്‍ , എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാംപുകള്‍ എന്നിവ കോംപാക്ട് സെഡാന്‍ വിഭാഗത്തില്‍ ആദ്യം അവതരിപ്പിച്ചത് ടാറ്റ ആയിരുന്നു.
Zest
ഇന്ത്യയുടെ ദേശീയ എന്‍ജിന്‍ എന്നു വിശേഷിപ്പിക്കാവുന്ന ഫിയറ്റ് 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനാണ് സെസ്റ്റിനു കരുത്തേകുന്നത്. 1,248 സിസി , നാല് സിലിണ്ടര്‍ എന്‍ജിന്‍ 4000 ആര്‍പിഎമ്മില്‍ 89 ബിഎച്ച്പി കരുത്തും 1750-3500 ആര്‍പിഎമ്മില്‍ 200 എന്‍എം ടോര്‍ക്കും നല്‍കും. 


മാരുതി മോഡലുകളിലേതിനു സമാനമായ ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍നാ ( എഎംടി ) ണ് സെസ്റ്റിനും. ഇന്ത്യയില്‍ എഎംടിയുമായി എത്തിയ ആദ്യ ഡീസല്‍ കാര്‍ എന്ന പ്രത്യേകത ഇതിനുണ്ട്. സാദാ ഓട്ടോമാറ്റിക്ക് കാറുകളെ അപേക്ഷിച്ച് കുറഞ്ഞ പരിപാലനച്ചെലവ് , ഉയര്‍ന്ന മൈലേജ്, കുറഞ്ഞ വില എന്നിവ എഎംടിയുടെ മെച്ചം. മൈലേജ് 21.58 കിമീ / ലീറ്റര്‍ . 


കൊച്ചിയിലെ എക്സ്‍ഷോറൂം വില : എക്സ്‍എംഎ - 7.99 ലക്ഷം രൂപ, എക്സ്‍ടിഎ -8.85 ലക്ഷം രൂപ.


മാരുതി ഡിസയര്‍


ഡീസല്‍ ഓട്ടോമാറ്റിക് കോംപാക്ട് സെഡാന്‍ വിഭാഗത്തിലെ ഏറ്റവും വില്‍പ്പനയുള്ള മോഡല്‍. മാരുതി സുസൂക്കി ബ്രാന്‍ഡിന്റെ വിശ്വാസ്യതയും വിപുലമായ സര്‍വീസ് ശൃംഖലയുമാണ് ഡിസയറിന്റെ ജനപ്രീതിയ്ക്ക് പിന്നില്‍ .
Dzire
ഈ വിഭാഗത്തിലെ മറ്റ മോഡലുകളെ അപേക്ഷിച്ച് എന്‍ജിന്‍ ശേഷി കുറവാണ് ഡിസയറിന്. ഫിയറ്റില്‍ നിന്ന് കടം കൊണ്ട 1,248 സിസി , നാല് സിലിണ്ടര്‍ എന്‍ജിന് ( ടാറ്റ സെസ്റ്റില്‍ ഇതിന്റെ കരുത്ത് കൂടിയ വകഭേദം) 74 ബിഎച്ച്പി -190 എന്‍എം ആണ് കരുത്ത്. മൈലേജിന്റെ കാര്യത്തില്‍ ഡിസയര്‍ മുന്നിട്ട് നില്‍ക്കുന്നു. ലീറ്ററിന് 26.59 കിലോമീറ്റര്‍ ആണ് മൈലേജ്. സെസ്റ്റിലേതിനു സമാനമായ എഎംടി ഗീയര്‍ബോക്സാണ് ഡിസയറിനും. ബൂട്ട് സ്പേസ് എതിരാളികളെക്കാള്‍ കുറവാണ് ,320 ലീറ്റര്‍ . ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം , ലെതര്‍ സീറ്റ് പോലുള്ള ഫീച്ചറുകള്‍ ഇതിനില്ല. സെസ്റ്റിന്റെ മുന്തിയ വകഭേദത്തെക്കാള്‍ വിലക്കുറവ് ഡിസയറിനുണ്ട്. 


കൊച്ചിയിലെ എക്സ്ഷോറൂം വില : സെഡ്‍ഡിഐ -8.80 ലക്ഷം രൂപ.Related StoriesTOP