Home  >  Special  >  Special Details
ഇന്ത്യയിലെ ഹോട്ട് ഹാച്ചുകള്‍
മധു മധുരത്തില്‍
Posted on: Thursday, Aug 11, 2016   9:00 AMഉയര്‍ന്ന പെര്‍ഫോമന്‍സുള്ള ഹാച്ച്ബാക്കുകളെ ഹോട്ട് ഹാച്ചുകള്‍ എന്നാണ് വിശേഷിപ്പിക്കുക. സ്പോര്‍ട്സ് കാറുകളുടെ പോലെ ഹൃദയമിടിപ്പ് കൂട്ടുന്ന പ്രകടനമാണ് അവ സമ്മാനിക്കുക. 100 ബിഎച്ച്പിയ്ക്ക് മേല്‍ കരുത്തുള്ള ഹാച്ച്ബാക്കുകളുടെ ക്ലബില്‍ അംഗത്വമുള്ള നാല് ഹോട്ട് ഹാച്ചുകള്‍ ( 10.50 ലക്ഷം രൂപയില്‍ താഴെ വിലയുള്ളത്) ഇന്ത്യന്‍ വിപണിയിലുണ്ട്. അവയെ പരിചയപ്പടാം. 


1. അബാര്‍ത്ത് പുന്റോ ഇവോ


ഫിയറ്റിന്റെ പെര്‍ഫോമന്‍സ് ബ്രാന്‍ഡായ അബാര്‍ത്തിന്റെ കയ്യൊപ്പുള്ള പുന്റോ ഇവോയാണ് ഏറ്റവും കരുത്തുള്ള ഹോട്ട് ഹാച്ച്. അബാര്‍ത്ത് പുന്റോയുടെ 1.4 ലീറ്റര്‍ ടി ജെറ്റ് ടര്‍ബോചാര്‍ജ്ഡ് എന്‍ജിന് 145 ബിഎച്ച്പിയാണ് കരുത്ത്. അഞ്ച് സ്പീഡ് മാന്വല്‍ ആണ് ഗീയര്‍ബോക്സ്.
Punto Abarth
അബാര്‍ത്ത് പുന്റോയ്ക്ക് 100 കിമീ വേഗമെടുക്കാന്‍ വേണ്ടത് 8.8 സെക്കന്‍ഡ്. മണിക്കൂറില്‍ 190 കിമീ ആണ് പരമാവധി വേഗം. പ്രകടനക്ഷമതയേറിയ കാറിന് മെച്ചപ്പെട്ട സ്ഥിരത ഉറപ്പാക്കാന്‍ സസ്പെന്‍ഷന്റെ കാഠിന്യം കൂട്ടിയിട്ടുണ്ട്. കൂടാതെ ഗ്രൗണ്ട് ക്ലിയറന്‍സ് 20 മിമീ കുറച്ചു. മൈലേജ് 16.30 കിമീ / ലീറ്റര്‍. കറുപ്പ് , വെളുപ്പ് ബോഡി നിറങ്ങളുണ്ട്. എക്സ്‍ഷോറൂം വില 10.30 ലക്ഷം രൂപ.


2. അബാര്‍ത്ത് അവെന്‍ച്ചുറ


എസ്‍യുവി ലുക്കുള്ള അബാര്‍ത്ത് അവെന്‍ച്ചുറയ്ക്കും അബാര്‍ത്ത് പുന്റോയുടെ തരം പെട്രോള്‍ എന്‍ജിനാണ്. എന്നാല്‍ കരുത്ത് അഞ്ച് ബിഎച്ച്പി കുറവാണ് , 140 ബിഎച്ച്പി. ഫ്രണ്ട് വീല്‍ ഡ്രൈവ് കാറിന് അഞ്ച് സ്പീഡ് മാന്വല്‍ ഗീയര്‍ബോക്സാണ്.
Avventura Abarth
അബാര്‍ത്ത് ലോഗോ - ഗ്രാഫിക്സ് , 16 ഇഞ്ച് സ്കോര്‍പ്പിയോണ്‍ അലോയ് വീലുകള്‍ , നാല് വീലുകള്‍ക്കും ഡിസ്ക് ബ്രേക്ക് , ചുവപ്പും മഞ്ഞയും തുന്നലുള്ള സീറ്റ് കവര്‍ , സ്റ്റീല്‍ പെഡലുകള്‍ എന്നിവ സാധാരണ മോഡലില്‍ നിന്നും അബാര്‍ത്ത് പുന്റോയെയും അവെന്‍ച്ചുറയെയും വ്യത്യസ്തമാക്കുന്നു. എബിഎസ് - ഇബിഡി , രണ്ട് എയര്‍ ബാഗുകള്‍ എന്നിവയുണ്ട്. 


അബാര്‍ത്ത് അവെന്‍ച്ചുറയ്ക്ക് 100 കിമീ വേഗമെടുക്കാന്‍ വേണ്ടത് 9.9 സെക്കന്‍ഡാണ്. മൈലേജ് 17.10 കിമീ / ലീറ്റര്‍ . ചുവപ്പ് , വെളുപ്പ് നിറങ്ങളില്‍ ലഭിക്കും. 10.30 ലക്ഷം രൂപയാണ് എക്സ്‍ഷോറൂം വില.


3. ഫോഡ് ഫിഗോ 1.5 പെട്രോള്‍


രൂപഭംഗി കൂട്ടിയെത്തിയ ഫോഡ് ഫിഗോയുടെ പുതിയ തലമുറ പെര്‍ഫോമന്‍സിന്റെ കാര്യത്തിലും ഒരു പടി മുന്നിലാണ്. ഫിഗോയുടെ 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിന് 110 ബിഎച്ച്പി - 136 എന്‍എം ആണ് ശേഷി. ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗീയര്‍ ബോക്സുള്ള കാറിന് മൈലേജ് 17 കിമീ/ ലീറ്റര്‍ .
Figo 1.5 Petrol
വിസ്താരമുള്ള ഇന്റീരിയര്‍ , മികച്ച സുരക്ഷ , ആകര്‍ഷകമായ ഫീച്ചറുകള്‍ എന്നിവയ്ക്ക് പുറമേ എതിരാളികളെക്കാള്‍ വിലക്കുറവും ഫിഗോയ്ക്കുണ്ട്. ടൈറ്റാനിയം എന്ന ഒറ്റ വകഭേദത്തിലാണ് ഈ മോഡല്‍ ലഭ്യമാക്കിയിരിക്കുന്നത്.  കൊച്ചി എക്സ്‍ഷോറൂം വില 7.58 ലക്ഷം രൂപ.


4. ഫോക്സ്‍വാഗന്‍ പോളോ ജിടി


പോളോയുടെ കരുത്തേറിയ വകഭേദമായ ജിടിയ്ക്ക് പെട്രോള്‍ , ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളുണ്ട്.  1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിന് 103 ബിഎച്ച്പിയാണ് കരുത്ത്. ഏഴ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗീയര്‍ബോക്സ് . എആര്‍എഐ സാക്ഷ്യപ്പെടുത്തിയ മൈലേജ് ലീറ്ററിന് 17.21 കിമീ.
Polo GT
103 ബിഎച്ച്പി - 250 എന്‍എം ശേഷിയുള്ള 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ് പോളോ ജിടി ടിഡിഐയ്ക്ക്. അഞ്ച് സ്പീഡ് മാന്വല്‍ ഗീയര്‍ബോക്സാണിതിന്. മൈലേജ് 19.91 കിമീ / ലീറ്റര്‍ . കൊച്ചിയിലെ എക്സ്‍ഷോറൂം വില : ജിടി പെട്രോള്‍ - 9.22 ലക്ഷം രൂപ, ജിടി ഡീസല്‍ -9.34 ലക്ഷം രൂപ.


ഇനി വരാനിരിക്കുന്നത്


5.ബലേനോ ആര്‍എസ് 


മികച്ച വില്‍പ്പന വിജയം നേടിയ ബലേനോയുടെ പ്രകടനക്ഷമതയേറിയ പതിപ്പാണ് ആര്‍എസ്. വലുപ്പക്കുറവുള്ളതും എന്നാല്‍ കരുത്തേറിയതുമായ സുസൂക്കി ബൂസ്റ്റര്‍ ജെറ്റ് എന്‍ജിനാണ് ബലേനോ ആര്‍എസിന്. ഇക്കോസ്പോര്‍ടില്‍ ഫോഡ് അവതരിപ്പിച്ച ഇക്കോബൂസ്റ്റ് എന്‍ജിന് സമാനമാണിത് ‍. ടര്‍ബോ ചാര്‍ജറുള്ള ഫോഡ് ഫിഗോയെക്കാള്‍ കരുത്തുമായാണ് ബലേനോ ആര്‍എസ് എത്തുന്നത്. ഒരു ലീറ്റര്‍ , മൂന്ന് സിലിണ്ടര്‍ , ടര്‍ബോ പെട്രോള്‍ എന്‍ജിന് 112 ബിഎച്ച്പി - 175 എന്‍എം ആണ് കരുത്ത്.
Baleno RS
ഹണികോംപ് ക്രോം ഗ്രില്‍ ,പ്രത്യേക തരം അലോയ് , പിന്നിലെ ലൈസന്‍സ് പ്ലേറ്റിനു കറുപ്പ് നിറത്തിലുള്ള ചുറ്റുഭാഗം , പുതിയ ബമ്പര്‍ എന്നിവ ആര്‍എസ് വകഭേദത്തിന് സാധാരണ ബലേനോയില്‍ നിന്ന് വ്യത്യസ്തത സമ്മാനിക്കുന്നു. ഇന്റീരിയര്‍ പൂര്‍ണ്ണമായും കറുപ്പ് നിറത്തിലാണ്. ഒക്ടോബറിലായിരിക്കും ബലേനോ ആര്‍എസ് വിപണിയിലെത്തുക. പ്രതീക്ഷിക്കുന്ന വില 8.30 ലക്ഷം രൂപ.Related StoriesTOP