Home  >  Reader's Corner  >  Reader's Corner Details
ഫിയറ്റ് ലിനിയയും ഞാനും തമ്മില്‍
സ്വന്തം ലേഖകന്‍
Posted on: Thursday, Jul 30, 2015   12:00 PMറയില്‍വേ ഉദ്യോഗസ്ഥനും സാഹിത്യകാരനും കാര്‍ട്ടൂണിസ്റ്റുമായ അജോയ് കുമാറിന്റെ വാഹനം ഫിയറ്റ് ലിനിയയാണ്. ലിനിയ വാങ്ങാനിടയായ സാഹചര്യവും അതിന്റെ വിശേഷങ്ങളും അദ്ദേഹം രസകരമായി വിവരിക്കുന്നു.


കഴിഞ്ഞ ഡിസംബറില്‍ ആണ് ഒരു പുതിയ കാര്‍ എടുത്താലോ എന്ന ആലോചന വന്നത്, ഏതായാലും ആകെ മൊത്തം ടോട്ടല്‍ ലോണ്‍ ആണ് ഇതും കൂടി ആയിക്കോട്ടെ എന്ന് ഒടുവില്‍ തീരുമാനിച്ചു,ഇത് വരെ ഉപയോഗിച്ചത് മിക്കതും ഹാച്ച്‌ ബാക്ക് ആണ് , പണ്ട് വീട്ടില് ഉണ്ടായിരുന്ന തടിയന്‍ അംബാസഡര്‍ ഒഴികെ. ഒരു മാരുതി, പിന്നെ വാഗണ്‍ ആര്‍, പാലിയോ, ഒടുവില്‍ അവിയോ യുവ.


അത് കൊണ്ട് ഇത്തവണ ഒരു സെഡാന്‍ തന്നെ വേണം എന്നായി ഭാര്യ ശ്യാമയും പിള്ളേരും.


ശരി, സെഡാന്‍ എങ്കില്‍ സെഡാന്‍ ,ഞാനും ഉറപ്പിച്ചു .നമുക്ക് സ്കോഡ വാങ്ങിച്ചാലോ,റാപ്പിഡ്, കിച്ചു ശ്യാമയെ പറഞ്ഞ് ഇളക്കിക്കൊണ്ടു വന്നു.


ഞാന്‍ ചോദിച്ചു അത് വേണോ? വില അല്‍പ്പം കൂടുതല്‍ അല്ലെ?


എന്നാല്‍ പിന്നെ, ഹ്യുണ്ടായി വേണോ ?


ഹ്യുണ്ടായി വേണം. പക്ഷെ ഏത് മോഡല്‍?


അയ്യോ,അച്ഛാ ഹ്യുണ്ടായിടെ വെര്‍ന എന്ന മോഡല്‍.


ഉം,നോക്കാം.


അങ്ങനെ ആലോചന നടക്കുന്നതിനിടയില്‍ ആണ് അച്ചു പറഞ്ഞത് അച്ഛാ ഫിയറ്റ് ഈ വര്‍ഷം ലിനിയയുടെ പുതിയ മോഡല്‍ ഇറക്കിയിട്ടുണ്ട്, നോക്കിയാലോ?


കേട്ടപ്പോഴേ ശ്യാമ പറഞ്ഞു, പണ്ട് ഫിയറ്റ് പാലിയോ എടുത്ത ഓര്‍മ്മ ഉണ്ടല്ലോ,മൈലേജ് എന്ന് പറഞ്ഞ സാധനം ഇല്ലായിരുന്നു.


പക്ഷെ അവരിപ്പൊ ഒരുപാടു മാറി ശ്യാമേ ,നമുക്ക് ഒന്ന് നോക്കാം,ഞാന്‍ പറഞ്ഞു.


അപ്പോള്‍ ആണ് ഓര്‍ത്തത്‌ പണ്ട് എന്റെ അനിമേഷന്‍ സ്റ്റുഡിയോയില്‍ ജോലി ചെയ്ത വരുണ്‍ ഇപ്പൊ അവിടെ സെയില്‍സില്‍ ആണ്,ഞാന്‍ ഉടനെ വരുണിനെ വിളിച്ചു.


ഹെലോ വരുണ്‍, ഞാന്‍ അജോയ് ആണ്.


നമസ്കാര്‍ സര്‍ .


നമസ്കാര്‍, എനിക്കേ ഒരു കാര്‍ എടുക്കാന്‍ ആലോചന ഉണ്ട്, ഈ ലിനിയ എങ്ങനെ ഉണ്ട്.


ഹെലോ ,ഹെലോ ,ഫോണ്‍ കട്ട് ആയി.


ഹെലോ സാര്‍ , പെട്ടെന്ന് പുറകില്‍ ഒരു ശബ്ദം, എന്റമ്മച്ചീ ഞാന്‍ ഒരു ചാട്ടം ചാടി, തൊട്ടു പിന്നില്‍ നില്ക്കുന്നു വരുണ്‍,വരൂ സര്‍, ലിനിയ കൊണ്ട് വന്നു ടെസ്റ്റ്‌ ഡ്രൈവ് ചെയ്യാം.


ഇതെങ്ങനെ ഇവന്‍ ഫോണില്‍ കൂടി ഇറങ്ങി വന്നോ,സമനില തെറ്റിയ ഞാന്‍ ആടിയാടി അവനോടൊപ്പം ടെസ്റ്റ്‌ ഡ്രൈവ് ചെയ്യാന്‍ പോയി. ഓടിച്ചപ്പോള്‍ കൊള്ളാം. നല്ല ഉഗ്രന്‍ പിക്കപ്പ് ,സ്റ്റൈല്‍, പിന്നെ വരുണിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ലോകത്ത് ഒരു വണ്ടിക്കും ഇല്ലാത്ത ഗുണഗണങ്ങള്‍ ഏറെ. സന്തുഷ്ട്ടനായ ഞാന്‍ വീട്ടില്‍ പോയി.


ശ്യാമ ചോദിച്ചു, എന്തായി, ഏതു വണ്ടി.തീരുമാനിച്ചോ ?


തിലകന്റെ ശബ്ദത്തില്‍ ഞാന്‍ പറഞ്ഞു, വിഷു, ക്രിസ്തുമസ്. റംസാന്‍,ആഘോഷങ്ങള്‍ ഏതുമാവട്ടെ,കാര്‍ ലിനിയ തന്നെ,


വാങ്ങിച്ചത് തന്നെ ,ശ്യാമ പറഞ്ഞു,


അതെന്താ?


കാരണം എനിക്കും വേണം ടെസ്റ്റ്‌ ഡ്രൈവ് ,ഒറ്റയ്ക്ക് അങ്ങനെ തീരുമാനിക്കണ്ട.


ശരി, ഇപ്പോള്‍ തന്നെ വിളിക്കാം വരുണിനെ.


അങ്ങനെ ശ്യാമയും ഞാനും ടെസ്റ്റ്‌ ഡ്രൈവിനു പോയി. എല്ലാം കഴിഞ്ഞു വന്നപ്പോള്‍ മുഖം വീര്‍പ്പിച്ചിരുന്ന ശ്യാമ പറഞ്ഞു.


ഈ കാറിനു തണുപ്പില്ല.തണുപ്പുണ്ടെങ്കില്‍ സുഖമില്ല.സുഖമുണ്ടെങ്കില്‍ നിറമില്ല.


ഏതു കാറിനുണ്ട് ഈ മൂന്നു ഗുണവും?


സ്കോഡ റാപ്പിഡ്.


ആ കാര്‍ വാങ്ങാന്‍ മനസില്ല. മനസുണ്ടെകില്‍ കാശില്ല. കാശുണ്ടെങ്കില്‍ സൗകര്യമില്ല എന്നും പറഞ്ഞു ഞാന്‍ ദേഷ്യത്തില്‍ പോയി.


അങ്ങനെ ഒടുവില്‍ കിച്ചു എന്ന ഭീകര കാര്‍ വിദഗ്ധനെ ലിനിയയുടെ മാഹാത്മ്യം മനസിലാക്കിച്ചാല്‍ അത് വാങ്ങാം എന്നായി ശ്യാമ. ആരെയും പാട്ടിലാക്കുന്ന അതി ഭയങ്കരനായ ഒരു മാര്‍ക്കറ്റിങ് മാനേജര്‍ അവിടെ ഉണ്ട്. പേര് രാഹുല്‍ . അയാള്‍ കിച്ചുവിനെ വീഴ്ത്തും എന്ന് വരുണ്‍ പറഞ്ഞു. അങ്ങനെ ഞാനും വീഴേണ്ട കിച്ചുവും കൂടി ഫിയറ്റ് ഔട്ട്‌ ലെറ്റില്‍ പോയി.


അതാ വരുണ്‍ രാഹുലിനെയും കൊണ്ട് വരുന്നു. വന്ന ഉടനെ രാഹുല്‍ പറഞ്ഞു, സാര്‍ ഗുഡ് ഡിസിഷന്‍ .


എന്ത്?


ലിനിയ വാങ്ങാന്‍ തീരുമാനിച്ചില്ലേ ?


ഇല്ല.


ഓക്കേ, എന്നാല്‍ ഞാന്‍ അതിനെ പറ്റി പറയാം.


ലിനിയ ഈസ്‌ എ വണ്ടര്‍ഫുള്‍ കാര്‍, രാഹുല്‍ ആംഗലേയത്തില്‍ പറഞ്ഞു.


ഇന്ത്യന്‍ ന്യൂസ്‌ റിവ്യൂവില്‍ ബീഹാറില്‍ വെള്ളപ്പൊക്കം എന്നൊക്കെ പറഞ്ഞിരുന്ന ബോംബെ നാണപ്പന്റെ ശബ്ദത്തില്‍ വരുണ്‍ അത് എനിക്ക് വേണ്ടി തര്‍ജമ ചെയ്തു.


ലിനിയ ഒരു വളരെ നല്ല കാര്‍ ആണെന്നാണ് സാര്‍ പറയുന്നത്.


ഐ വില്‍ ഗീവ് യൂ എ റ്റെസ് ഡ്രൈവ്.സാര്‍ അങ്ങനെ ആര്‍ക്കും ടെസ്റ്റ്‌ ഡ്രൈവ് കൊടുക്കാറില്ല,വരുണ്‍ പറഞ്ഞു.


ഹോ ഞങ്ങടെ ഭാഗ്യം, ഞാന്‍ കണ്ണ് തുടച്ചു.


നീ ഇവിടെ നിന്നാല്‍ മറ്റി, രാഹുല്‍ വരുണിനോട് പറഞ്ഞു.


അങ്ങനെ ഞാന്‍ മുന്നിലും കിച്ചു പിന്നിലും കേറി, ഡ്രൈവര്‍ ആയി രാഹുല്‍ .


ഞാന്‍ സീറ്റ് ബെല്‍റ്റ്‌ ഇടാന്‍ പോയ ഓര്‍മ്മയേ ഉള്ളു. പുള്ളി  130 കിലോ മീറ്റര്‍ സ്പീഡില്‍ ഒറ്റ എടുപ്പ്. ഞാന്‍ സമ്മര്‍ സാള്‍ട്ട് അടിച്ചു പുറകില്‍ കിച്ചുവിന്റെ മടിയില്‍ പോയി ഇരുന്നു.


സീറ്റ് ബെല്‍റ്റ്‌ ഇട്ടില്ല അല്ലെ? രാഹുല്‍ ചോദിച്ചു, ഞാന്‍ പതിയെ ഡോര്‍ തുറന്നു കുറ്റബോധത്തോടെ ഇറങ്ങി മുന്നില്‍ ഇരുന്നു സീറ്റ് ബെല്‍റ്റ്‌ ഇട്ടു.


വീണ്ടും അതെ പോക്ക്. എതിരെ വരുന്ന ലോറിയുടെയും കാറിന്റെയും ഇടയില്‍ കൂടി നൂല് പിടിച്ച പോലെ പുള്ളി ഒരു പോക്ക്. സൈഡിലെ റോഡ്‌ മരങ്ങള്‍ ഒന്നും കാണാനില്ല. അത്ര വേഗത ,സീ ദി സ്പീഡ്, നൗ യൂ സീ ദി ബ്രേക്ക്. പുള്ളി ഒരു ചവിട്ട്. ഞാന്‍ കണ്ണാടി വരെ പോയി തല ഇടിക്കാതെ തിരിച്ചു വന്നു. സീറ്റ് ബെല്‍റ്റ്‌ ഈസ്‌ വെരി എഫ്ഫെക്ടിവ് ,രാഹുല്‍ പറഞ്ഞു.


പുറകില്‍ നോക്കിയപ്പോള്‍ കിച്ചു വിളറി വെളുത്ത് ഇരിക്കുന്നു. അച്ഛാ ഇയാള്‍ നമ്മളെ എയര്‍ ബാഗ് ടെസ്റ്റ്‌ ചെയ്യാന്‍ ആണോ കൊണ്ട് പോകുന്നത്?


ഞാന്‍ പറഞ്ഞു മിണ്ടാതിരുന്നോണം. ചുമ്മാ ഓരോ ഐഡിയ കൊടുക്കല്ലേ. വീണ്ടും രാഹുല്‍ ഒരൊറ്റ എടുപ്പ്. എയര്‍ പോര്ട്ടിന്റെ വളവു വീശി എടുത്തു അതും നൂറു കിലോമോറ്റര്‍ സ്പീഡില്‍. ഞാന്‍ കറങ്ങി ബെല്‍റ്റൊട് കൂടി രാഹുലിന്റെ മടിയില്‍ പോയി ഇരുന്നു.


വാട്ട്‌ ഈസ്‌ ദിസ്‌ ജോക്ക് സാര്‍, ഐ അം ഡ്രൈവിംഗ് ,വാണ്ടഡ് റ്റു ഷോ ദി സ്റ്റെബിലിറ്റി, കേഴ്വ് മാനേജ്‌മന്റ്‌.


എനിക്ക് ഇത് രണ്ടും ഇല്ല , സോറി രാഹുല്‍ ഞാന്‍ പറഞ്ഞു.


എനിക്ക് വീട്ടി പോണം, അമ്മയെ കാണണം എന്ന് പറഞ്ഞു കരയാന്‍ ആണ് മനസ്സില്‍ തോന്നിയത്.


നൗ ഐ വില്‍ ഷോ യൂ....


വേണ്ട, കണ്ടടത്തോളം മതി, ഞാന്‍ ഈ വണ്ടി വാങ്ങുന്നു. ഞാന്‍ രാഹുലിന്റെ കൈ പിടിച്ചു കുലുക്കി.


ആര്‍ യൂ ഷുവര്‍ ,ഇനി കാണണ്ടേ ഒന്നും ?


വേണ്ട ഞാന്‍ പറഞ്ഞു, സ്കോഡ റാപിഡ് , ഹ്യുണ്ടായി വെര്‍ന , മാരുതി സിയാസ് എല്ലാം വേണ്ടാന്നു വെച്ച് ഞാന്‍ ഇത് വാങ്ങുന്നു.


സ്കോഡ ഈസ്‌  കോസ്റ്റ്‍ലി  ,സിയാസ്  ഈസ്‌ ഫ്ലിംസി.


ഉവ്വാ, ഞാന്‍ പറഞ്ഞു ഈ ലിനിയയുടെ മൈലേജ് ? അത് മാത്രമാണ് പ്രശ്നം , സ്പീഡ്, പിക്കപ്പ്, ബ്രേക്ക്, എബിഎസ് എല്ലാം അടിപൊളി. 


അത് റ്റ്വെന്റി ഗ്യാരന്റി , ഇരുപത്.


ഓക്കേ, ഓഹോഹോ,ആഹഹ ,അത് മതി.


അങ്ങനെ ഞാന്‍ ലിനിയ തന്നെ വാങ്ങി, ഇപ്പൊ മാസം ഏഴാവുന്നു. വണ്ടി ഉഗ്രന്‍ തന്നെ, സ്റ്റൈലിഷ്,  എവിടെ  കൊണ്ട് ഇട്ടാലും ആള്‍ക്കാര്‍ നോക്കും. കറുപ്പ് നിറം ആയതു കൊണ്ടും അതില്‍ എളുപ്പം അഴുക്കു പിടിക്കും എന്നുള്ളത് കൊണ്ടും ഞാന്‍ ഭൂലോക മടിയന്‍ ആയതു കൊണ്ടും ഉള്ള പ്രശ്നമേ ഉള്ളു. പിന്നെ ഓട്ടോമാറ്റിക്ക് ഹെഡ് ലാമ്പ്സ് , റെയിന്‍ സെന്‍സിംഗ് വൈപ്പെഴ്സ്, ബ്ലൂ ടൂത്ത് ബെയ്സ്ഡ് വിന്‍ഡോസ് റ്റെലിമാറ്റിക് സൊല്യൂഷന്‍, മെസേജ് റീഡര്‍ . അങ്ങനെ എല്ലാം ഉണ്ട് .


പക്ഷെ  ഒരു പ്രശ്നം, മൈലേജ് മാത്രം പത്ത്. കൂടിപ്പോയാല്‍ പതിനൊന്ന്. ആരെയും അറിയിക്കാതെ ഞാന്‍ ദുഃഖം കടിച്ചമര്‍ത്തി നടന്നു. ഒടുവില്‍ കടിച്ചു കടിച്ചു പല്ല് പോകും എന്നായപ്പോള്‍ ഞാന്‍ കിച്ചുവിനോട് പറഞ്ഞു, കിച്ചു വരുണും രാഹുലും നമ്മളെ പറ്റിച്ചു, മൈലേജ് പത്ത്.


നമ്മളെ അല്ല, അച്ഛനെ, ഹും,അച്ഛന് ഇത് അമ്മയോട് പറഞ്ഞു ഒന്ന് പൊട്ടിക്കരഞ്ഞു കൂടെ?


അതിനു മുന്നേ ഒന്ന് വരുണിനെ വിളിക്കട്ടെ.


ഞാന്‍ വരുണിനെ വിളിച്ചു. ഹെലോ വരുണ്‍, അന്ന് പറഞ്ഞ മൈലേജ് ഇല്ലല്ലോ , ചതി ആയിപ്പോയല്ലോ.


ആണോ സാര്‍, ഞാന്‍ ഇപ്പോള്‍ സെയില്‍സ് എല്ലാം വിട്ടു. അനിമേഷന്‍ തുടങ്ങി. സാര്‍ രാഹുല്‍ സാറിനെ വിളിച്ചാല്‍ മതി, എല്ലാം ശെരിയാകും.


ആണല്ലേ, ഓക്കേ വരുണ്‍ , ഞാന്‍ ഉടനെ രാഹുലിനെ വിളിച്ചു, രാഹുല്‍ .


എസ്.


ഞാന്‍ അജോയ് അന്നത്തെ, ആ ലിനിയ.


ഓ, പറയൂ സാര്‍, ആ ബുള്‍ ഷിറ്റ് കാര്‍ എങ്ങനെ ഉണ്ട് ?


ബുള്‍ ഷിറ്റ് കാര്‍ അല്ല , ഞാന്‍ ലിനിയ അല്ലെ എടുത്തത്‌.


അത് തന്നെ ബുള്‍ ഷിറ്റ് കാര്‍, ദി ബെസ്റ്റ് കാര്‍ ഈസ്‌ സ്കോഡ റാപിഡ്.


അയ്യോ അതെങ്ങനെ, അന്ന്, പക്ഷെ. നേരെ തിരിച്ചല്ലേ.


യാ, ഐ അം നൗ വര്‍കിംഗ് ഇന്‍ സ്കോഡ. സാര്‍  വന്നാല്‍  ഒരു റ്റെസ് ഡ്രൈവ് തഴാം, ലിനിയ ഒന്നും ഒന്നുമല്ല.


ഉവ്വ, ഞാന്‍ അടുത്ത ആഴ്ച ആത്മഹത്യ ചെയ്യാന്‍ പ്ലാന്‍ ഇടുന്നുണ്ട്, അപ്പൊ വരാം ഞാന്‍ മനസ്സില്‍ പറഞ്ഞു.


അതേയ് രാഹുല്‍ ,ഒരു സംശയം, അന്ന് മൈലേജ് ഇരുപത് എന്ന് ഉറപ്പു തന്നില്ലേ, അത് കിട്ടുന്നില്ലല്ലോ,അതെങ്കിലും ഒന്ന് പറയാമോ ?


അത് കിട്ടുമല്ലോ, ഫോര്‍ ടൂ ലിറ്റെഴ്സ് ഓഫ് ഡീസല്‍, യൂ വില്‍ ഗെറ്റ് ട്വന്റി, അത് ഞാന്‍ ഗ്യാരന്റി.  സെയില്‍സില്‍ ഉള്ളവരെ മാത്രം കണ്ടു കൊണ്ട് ഒരു വണ്ടിയും എടുക്കരുത് . അവര്‍ ഇന്ന് ഒന്ന് പറയും. നാളെ കമ്പനി മാറുമ്പോള്‍ വേറെയും. അത് കൂടെ  മനസിലാക്കിക്കാന്‍ ആണ് ഞാന്‍ ഇങ്ങനെ എഴുതിയത്.


ഉഗ്രന്‍ വണ്ടി തന്നെ ആണ് ലിനിയ.  ഈ മൈലേജ് മാത്രം ഒന്ന് കൂട്ടിക്കിട്ടിയാല്‍ മിഡില്‍ സെഗ്മന്റിലെ ഒരു വളരെ നല്ല ചോയ്സ്.


മനസ്സില്‍ എടുക്കാന്‍ ആഗ്രഹം ഉണ്ടായിരുന്ന വണ്ടി ക്രൂസ് ആണ്. പക്ഷെ ഇപ്പൊ അത് മാറി. ഇപ്പൊ എനിക്ക് ഒരു ഫോക്സ് വാഗന്‍ പസാറ്റ് ആണ് സ്വപ്നത്തില്‍ .Related StoriesTOP