Home  >  Reader's Corner  >  Reader's Corner Details
മഹിമയുള്ള ഒക്ടാവിയ
മധു മധുരത്തില്‍
Posted on: Wednesday, May 28, 2014   3:20 PM



ടാറ്റ നാനോ മുതല്‍ ഔഡി ക്യു സെവന്‍ വരെയുള്ള ഏഴ് വാഹനങ്ങളാണ് പത്തനാപുരം ഹോട്ടല്‍ അന്റണീസ് ടവര്‍ മാനേജിങ് ഡയറക്ടറായ ആര്‍ച്ച് ആന്റണിയ്ക്കുള്ളത്. ഏറ്റവും ഒടുവിലായി വാങ്ങിയത് സ്കോഡ ഒക്ടേവിയയാണ്. വാഹനങ്ങളെപ്പറ്റി അഗാധമായ അറിവുള്ള ആര്‍ച്ച് ആന്റണിയ്ക്ക്  ഈ സെഡാനെപ്പറ്റി നല്ലതു മാത്രമേ പറയാനുള്ളൂ.


എന്തുകൊണ്ട് സ്കോഡ ഒക്ടാവിയ ?


സുഹൃത്തിന്റെ ഒക്ടാവിയയില്‍ നടത്തിയ ഒരു ചെന്നൈ യാത്രയാണ്  സ്കോഡ എന്ന ചെക്ക് റിപ്പബ്ലിക്കന്‍ ബ്രാന്‍ഡുമായി അടുപ്പിച്ചത്. മി‍ത്‍സുബിഷി ലാന്‍സര്‍ ഉപയോഗിച്ചിരുന്ന ഞാന്‍ അധികം വൈകാതെ ഒക്ടാവിയ സ്വന്തമാക്കി. 2004 ല്‍ , കേരളത്തില്‍ ആദ്യമായി വില്‍പ്പന നടത്തിയ ഒക്ടാവിയ എല്‍ ആന്‍ഡ് കെയുടെ താക്കോല്‍ എനിക്കായിരുന്നു. സ്കോഡ ഇറക്കുമതി ചെയ്ത് വിപണിയിലിറക്കിയ മോഡലായിരുന്നു അത്. സ്കോഡയുടെ ഫാബിയ , സൂപ്പര്‍ബ് എന്നീ മോഡലുകളും ഉപയോഗിക്കുന്നുണ്ട്.


പുതിയൊരു ഡി സെഗ്മെന്റ് കാര്‍ വാങ്ങാന്‍ തീരുമാനിച്ചപ്പേള്‍ ഹ്യുണ്ടായി എലാന്‍ട്ര, സ്കോഡ ഒക്ടാവിയ എന്നീ മോഡലുകളെയാണ് ഷോര്‍ട്ട് ലിസ്റ്റ് ചെയ്തത്. എലാന്‍ട്രയുടെ രൂപം ഇഷ്ടമായിരുന്നു. എന്നാല്‍ അതിന്റെ എന്‍ജിന്‍ കരുത്ത് തൃപ്തി നല്‍കിയില്ല. മാത്രമല്ല ഇതേ എന്‍ജിന്‍ തന്നെയാണല്ലോ താഴ്ന്ന മോഡലായ വെര്‍നയ്ക്കും ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഇഷ്ട ബ്രാന്‍ഡായ സ്കോഡയുടെ ഒക്ടാവിയ തന്നെ വാങ്ങി. കൊച്ചിയിലെ മരിക്കാര്‍ സ്കോഡയില്‍ നിന്നാണ് വണ്ടി വാങ്ങിയത്.


ഒക്ടാവിയ എങ്ങനെയുണ്ട് ?


ഈ വര്‍ഷം മാര്‍ച്ചില്‍ വാങ്ങിയ ഒക്ടാവിയ 2.0 ഡീസല്‍ എലഗന്‍സ് ഇതിനകം 3,500 കിലോമീറ്ററാണ് ഓടിയത്. ഈ സെഗ്മെന്റിലെ ഏറ്റവും നല്ല മോഡലാണിതെന്നു കണ്ണും പൂട്ടി പറയാം. മറ്റു മോഡലുകളെ അപേക്ഷിച്ച് വില അല്‍പ്പം കൂടുതലാണെങ്കിലും അതിനൊത്ത മൂല്യം നല്‍കാന്‍ ഒക്ടാവിയയ്ക്ക് കഴിയുന്നുണ്ട്. ഈടുറ്റ നിര്‍മിതി , മികച്ച പെര്‍ഫോമന്‍സ് , പ്രീമിയം ഫീച്ചേഴ്സ് എന്നിവ സവിശേഷതകളാണ്. ഡ്രൈവറെ വച്ച് കാര്‍ ഉപയോഗിക്കുന്നവര്‍ക്കുള്ളതല്ല , ഡ്രൈവിങ്ങിന്റെ ത്രില്‍ ആസ്വദിക്കുന്നവര്‍ക്കുള്ളതാണ് ഈ കാര്‍ . ലീറ്ററിന് 16 കിമീ ശരാശരി മൈലേജുണ്ടെന്നതും വല്യ കാര്യം. ഒക്ടാവിയയുടെ ആദ്യ സര്‍വീസ് 15,000 കിലോമീറ്റര്‍ അല്ലെങ്കില്‍ ഒരു വര്‍ഷം കഴിയുമ്പോള്‍ മതി എന്നത് സമയലാഭം നേടിത്തരുന്നു.


സ്കോഡയുടെ സര്‍വീസിനെപ്പറ്റി ?


എന്റെ ഒക്ടാവിയയുടെ സര്‍വീസ് ചെയ്യാനുള്ള സമയം ആയിട്ടില്ല. സ്കോഡയുടെ മറ്റു വാഹനങ്ങള്‍ ഉപയോഗിച്ചപ്പോഴുള്ള അനുഭവം പറയാം.  സ്കോഡയുടെ സര്‍വീസ് മോശമാണെന്ന് പറഞ്ഞുകേട്ടിട്ടുണ്ടെങ്കിലും എനിക്ക് ഇന്നേ വരെ അങ്ങനെ തോന്നിയിട്ടില്ല. മികച്ച സര്‍വീസ് അവര്‍ ലഭ്യമാക്കുന്നുണ്ട്.


സ്വപ്നവാഹനം ?


ഒരു സ്പോര്‍ട്സ് കാര്‍ സ്വന്തമാക്കണമെന്നാണ് മോഹം. പോര്‍ഷെ , ലംബോര്‍ഗിനി എന്നിവയാണ് പരിഗണനയിലുള്ളത്.



Related Stories







TOP