Home  >  Reader's Corner  >  Reader's Corner Details
ചെറിയ വലിയ ഇക്കോസ്പോര്‍ട്
സ്വന്തം ലേഖകന്‍
Posted on: Sunday, Nov 24, 2013   2:00 PMപ്രമുഖ ഫാഷന്‍‍ - ഓട്ടോമൊബൈല്‍ ഫൊട്ടോഗ്രഫറായ ജമേഷ് കോട്ടയ്ക്കലിനു ഉയരമുള്ള വാഹനങ്ങളോടാണ് ഇഷ്ടം. ടോള്‍ബോയ് ഡിസൈനിലുള്ള മാരുതി സുസൂക്കി വാഗണ്‍ ആര്‍ , റിറ്റ്സ് എന്നിവയ്ക്കുശേഷം ജമേഷിന്റെ കാര്‍ പോര്‍ച്ചില്‍ പുതുതായി ഇടം നേടിയിരിക്കുന്നത് ഫോഡിന്റെ കോംപാക്ട് എസ്‍യുവിയായ ഇക്കോസ്പോര്‍ട്ടാണ്. സ്ഥലസൗകര്യം , രൂപഭംഗി , മൈലേജ് , പ്രായോഗികക്ഷമത എന്നിവയെല്ലാം ഒത്തിണങ്ങിയ സൂപ്പര്‍ ഡ്യൂപ്പര്‍ വാഹനമാണ് ഇക്കോസ്പോര്‍ട് എന്ന് അദ്ദേഹം പറയുന്നു.


എന്തുകൊണ്ട് ഇക്കോസ്പോര്‍ട് ?


വണ്ടി ഓടിച്ചുതുടങ്ങിയ കാലം മുതല്‍ തന്നെ എസ്‍യുവികളോടായിരുന്നു പ്രണയം. അക്കാലത്തെ ബജറ്റിലൊതുങ്ങാത്തതുകൊണ്ട് എസ്‍യുവികളെ ഒഴിവാക്കി. പകരം എസ്‍യുവിയുടെ പോലെ ഉയരമുള്ള ഡ്രൈവിങ് പൊസിഷന്‍ നല്‍കുന്ന വാഹനങ്ങള്‍ തിരഞ്ഞെടുത്തു. വാഗണ്‍ ആറും റിറ്റ്സും ഒക്കെ വാങ്ങാന്‍ കാരണം അതായിരുന്നു. ഇക്കോസ്പോര്‍ട് വരുന്നെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ കാത്തിരിയ്ക്കുകയായിരുന്നു. എസ്‍യുവി പ്രണയമുള്ള ഏതൊരാളെയും പോലെ ഇക്കോസ്പോര്‍ട് എന്നെയും ആകര്‍ഷിച്ചു. വണ്ടി നേരിട്ട് കാണും മുമ്പുതന്നെ ബുക്ക് ചെയ്തു. ജൂലൈയിലാണ് വാഹനം കൈയില്‍ കിട്ടിയത്. കൂടുതല്‍ യാത്രയുള്ളതിനാല്‍ ഡീസല്‍ വകഭേദം തന്നെ തിര‍ഞ്ഞെടുത്തു. ഇക്കോസ്പോര്‍ട് ടൈറ്റാനിയം ഇതിനോടകം 8,900 കിലോമീറ്ററുകള്‍ ഓടിയിട്ടുണ്ട്.


മേന്മകള്‍ ?


ഹ്രസ്വ - ദീര്‍ഘദൂരയാത്രകളില്‍ ഇക്കോസ്പോര്‍ട് ഒരേപോലെ സന്തോഷം തരുന്നു. ഒരു ചെറുകാര്‍ കൈകാര്യം ചെയ്യുന്ന ലാഘവത്തോടെ കൊണ്ടുപോകാവുന്ന എസ്‍യുവി. ഉയരത്തിലിരുന്നുള്ള ഡ്രൈവിങ് സുഖകരമായ ഒരു അനുഭവം തന്നെയാണ്. അഞ്ചുപേര്‍ക്ക് സുഖമായി ഇരിക്കാവുന്ന വിശാലമായ ഇന്റീരിയര്‍ തന്നെയാണ് ഏറ്റവും വലിയ മേന്മ. 346 ലീറ്റര്‍ ലഗേജ് സ്പേസും ഏറെ ഉപകാരപ്രദമാണ്. പിന്നെ പെര്‍ഫോമന്‍സ്, കരുത്തനുമാണ് ഇവന്‍ ‍. ഫീച്ചറുകളും ആകര്‍ഷകമാണ്. മൈലേജിലും സംതൃപ്തി നല്‍കി. ലീറ്ററിന് 20 കിമീ വരെ മൈലേജ് ലഭിക്കുന്നുണ്ട്.


പോരായ്മകള്‍ ?


അധികം പോരായ്മകളൊന്നും ചൂണ്ടിക്കാണിക്കാനില്ല. എങ്കിലും ലോക്ക് സംവിധാനത്തില്‍ അതൃപ്തിയുണ്ട്. സെന്‍ട്രല്‍ ലോക്ക് ചെയ്താലും വാഹനത്തിനുള്ളില്‍ നിന്ന് ഡോര്‍ തുറക്കാന്‍ കഴിയും. കുട്ടികള്‍ ലോക്കില്‍ പിടിച്ചു കളിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇത് അപകടം ക്ഷണിച്ചുവരുത്തും. യാത്രയ്ക്കിടെ ഒന്നുരണ്ട് തവണ എന്റെ മോന്‍ ഡോര്‍ തുറന്നു. ഭാഗ്യം കൊണ്ട് അപകടമൊന്നും ഉണ്ടായില്ല. കുട്ടികളെ കയറ്റുമ്പോള്‍ ചൈല്‍ഡ് ലോക്ക് ഇടുകയാണ് ഇതിനു പരിഹാരം. പക്ഷേ അപ്പോള്‍ പിന്നിലെ ഡോറുകള്‍ തുറക്കാന്‍ വണ്ടിയില്‍ നിന്ന് പുറത്തിറങ്ങേണ്ടിവരുമെന്ന പ്രായോഗിക ബുദ്ധിമുട്ടുണ്ട്. ഡ്രൈവ് ചെയ്യുന്നയാള്‍ക്ക് എല്ലാ ഡോറുകളും ലോക്ക് - അണ്‍ലോക്ക് ചെയ്യാനുള്ള സൗകര്യം നല്‍കേണ്ടിയിരുന്നു.


സര്‍വ്വീസിനെക്കുറിച്ച് ?


കോഴിക്കോട് പിവിഎസ് ഫോഡില്‍ നിന്നാണ് ഇക്കോസ്പോര്‍ട് സ്വന്തമാക്കിയത്. ജോലി സംബന്ധമായി അധികവും കൊച്ചിയിലായതിനാല്‍ ഇവിടെയാണ് ഇപ്പോള്‍ സര്‍വീസ് ചെയ്യുന്നത്. വില്‍പ്പനാനന്തരസേവനത്തില്‍ ഇതുവരെ പരിപൂര്‍ണ്ണ സംതൃപ്തനാണ്. സൗജന്യ സര്‍വീസ് കഴിഞ്ഞിട്ടില്ലാത്തതിനാല്‍ മെയ്ന്റനന്‍സ് കോസ്റ്റിനെപ്പറ്റി ഇപ്പോള്‍ പറയാനാവില്ല.


ഇനി വാങ്ങാനാഗ്രഹിക്കുന്നത് ?


സ്വപ്നവാഹനം ആണെങ്കില്‍ ആസ്റ്റന്‍ മാര്‍ട്ടിനെന്നോ റോള്‍സ് റോയ്സെന്നോ പറയേണ്ടിവരും. എന്തായാലും ഇനി വാങ്ങാന്‍ ആഗ്രഹിക്കുന്നത് ഒരു ആഡംബര എസ്‍യുവിയാണ്. ഏതു ബ്രാന്‍ഡ് തിരഞ്ഞെടുക്കണമെന്ന് തീരുമാനിച്ചിട്ടില്ല.Related StoriesTOP