Home  >  Xtreme Machine  >   Xtreme Machine Details
സ്വയം ഓടുന്ന ബെന്‍സ് ബസ്
അലന്‍ ഹാഷിം
Posted on: Wednesday, Jul 20, 2016   9:00 AM



ഡ്രൈവറില്ലാത്ത കാറുകളുടെ പരീക്ഷണ ഓട്ടം ഇപ്പോള്‍ പുതുമയല്ല. എന്നാല്‍ സ്വയം ഓടുന്ന ബസ് എന്നു കേട്ടാല്‍ അത്ഭുതം തോന്നാതിരിക്കില്ല. ജര്‍മന്‍ കമ്പനി ഡെയിംലര്‍ മെഴ്‍സിഡീസ് ബെന്‍സ് ഫ്യൂച്ചര്‍ ബസ് എന്ന സ്വയം ഓടുന്ന പടുകൂറ്റന്‍ ബസിനെ പൊതുനിരത്തിലൂടെ ഓടിച്ചിരിക്കുകയാണ്.
Benz Future Bus
നെതര്‍ലാന്റ്സിന്റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ 20 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റൂട്ടിലാണ് ഈ ബസ് സര്‍വീസ് നടത്തിയത്. യാത്രയില്‍ 70 കിമീ / മണിക്കൂര്‍ വരെ ബസ് വേഗമെടുത്തു. ബസ് സ്റ്റോപ്പുകളില്‍ സ്വയം നിര്‍ത്തി ആളെ കയറ്റിയും ഇറക്കിയുമാണ് ബസ് നീങ്ങിയത്. Benz Future Bus

ട്രാഫിക് സിഗ്നല്‍ ശ്രദ്ധിച്ച് നീങ്ങാനുള്ള കഴിവ് ബസിനുണ്ട്. ആരെങ്കിലും മുന്നില്‍ ചാടിയാല്‍ സ്വയം ബ്രേക്ക് ചെയ്ത് നിര്‍ത്താനും കഴിവുണ്ട്. നെടുനീളെയുളള റോഡിലൂടെ ആയിരുന്നില്ല , ഫ്യൂച്ചര്‍ ബസിന്റെ ഓട്ടം. തുരങ്കത്തിലൂടെയും കടന്നുപോകുന്ന വളവും തിരിവുമൊക്കെയുള്ള റോഡായിരുന്നു അത്. പൂര്‍ണ്ണമായും ഡ്രൈവര്‍ വേണ്ടാത്ത വാഹനം അല്ല , ബെന്‍സ് ഫ്യൂച്ചര്‍ ബസ്. എതിരെ ട്രാഫിക് ഉള്ളപ്പോഴും ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നതിനും ഡ്രൈവറുടെ ഇടപെടല്‍ ആവശ്യമാണ്. 
Benz Future Bus
ഹൈവേകളിലൂടെ സ്വയം ഓടുന്ന ട്രക്കുകള്‍ രണ്ട് വര്‍ഷം മുമ്പ് ഡെയിംലര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. കമ്പനി വികസിപ്പിച്ച ഹൈവേ പൈലറ്റ് എന്ന സാങ്കേതിക വിദ്യയാണ് ട്രക്കുകള്‍ക്ക് ഉപയോഗിച്ചത്. ഇതേ സാങ്കേതിക വിദ്യ നവീകരിച്ചാണ് ബസിന് ഉപയോഗിക്കുന്നത്. സിറ്റി പൈലറ്റ് എന്നാണ് ബസില്‍ ഉപയോഗിക്കുന്ന ടെക്നോളജിയ്ക്ക് കമ്പനി നല്‍കിയിരിക്കുന്ന പേര്.
Benz Future Bus
പൊതുഗതാഗതം കൂടുതല്‍ സുരക്ഷയുള്ളതും വേഗമുള്ളതുമായി തീര്‍ക്കാന്‍ ഫ്യൂച്ചര്‍ ബസിനു കഴിയുമെന്ന് ഡെയിംലര്‍ പറയുന്നു. ഇന്ധനച്ചലവ് കുറച്ച് പരമവധി പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും ഈ ബസിനു കഴിയും. റഡാര്‍ , ഒരു കൂട്ടം ക്യാമറകള്‍ , ജിപിഎസ് നാവിഗേഷന്‍ സിസ്റ്റം , സെന്‍സറുകള്‍ എന്നിവയുടെ സഹായത്തോടെയാണ് ബസ് സുരക്ഷിതമായി  സ്വയം ഓടുന്നത്. റോഡിന്റെ അവസ്ഥയെപ്പറ്റിയുള്ള വിവരങ്ങളും ബസ് സ്വയം ശേഖരിക്കും. റോഡിന്റെ അറ്റകുറ്റപ്പണി യഥാസമയം നടത്താന്‍ ഈ വിവരങ്ങള്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് ഉപയോഗിക്കാം.







Related Stories







TOP