Home  >  Xtreme Machine  >   Xtreme Machine Details
അബുദാബി പൊലീസിന്റെ ഹൈപ്പര്‍ കാര്‍
അലന്‍ ഹാഷിം
Posted on: Wednesday, Aug 05, 2015   2:00 PM



അറബ് രാജ്യങ്ങളിലെ പ്രകടനക്ഷമതയേറിയ പൊലീസ് വാഹനങ്ങള്‍ പലപ്പോഴും വാര്‍ത്തയാകാറുണ്ട്. അബുദാബി പൊലീസ് അടുത്തിടെ വാങ്ങിയ ഹൈപ്പര്‍കാര്‍ പക്ഷേ എന്‍ജിന്‍ പെര്‍ഫോമന്‍സും വിലയും കൊണ്ടു മാത്രമല്ല മുന്തിയ സാങ്കേതികവിദ്യ കൊണ്ടും ശ്രദ്ധേയമാണ്. 21.70 കോടി രൂപ മുടക്കിയാണ് ലൈക്കന്‍ ഹൈപ്പര്‍ സ്പോര്‍ട്സ് കാര്‍ അബുദാബി പൊലീസ് സ്വന്തമാക്കിയത്.
Abudhabi Police Car
അതിസാഹസികമായ കാര്‍ ചേസ് നടത്തി കുറ്റവാളികളെ പിടിക്കുന്നതിനൊപ്പം ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്താനും ഈ ഹൈപ്പര്‍ കാര്‍ ഉപയോഗിക്കാം. ടര്‍ക്കിഷ് കമ്പനി ഈക്കിന്‍ ടെക്നോളജി നിര്‍മിച്ച ഈക്കിന്‍ പട്രോള്‍ എന്ന ഉപകരണം ഈ കാറിലുണ്ട്. മുന്നില്‍ കാണുന്ന എല്ലാ വാഹനങ്ങളുടെയും വേഗവും നമ്പര്‍പ്ലേറ്റുമൊക്കെ രേഖപ്പെടുത്താന്‍ ഈക്കിന്‍ പട്രോളിനു കഴിയും. മണിക്കൂറില്‍ 394 കിമീ വേഗത്തില്‍ പോകുന്ന വാഹനത്തിന്റെ ഡ്രൈവറുടെ മുഖം പോലും ഇത് സ്കാന്‍ ചെയ്യും. ഈക്കിന്‍ പട്രോളിന്റെ 180 ഡിഗ്രി നിരീക്ഷണത്തില്‍ വഴിയരികില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളുടെ നമ്പര്‍പ്ലേറ്റും പെടും. മോഷ്ടിച്ച വാഹനങ്ങളെയും വേഗപരിധി മറികടക്കുന്ന വാഹനങ്ങളെയുമെല്ലാം അതു തിരിച്ചറിഞ്ഞ് വിവരം നല്‍കും. ശേഖരിക്കുന്ന വിവരങ്ങള്‍ അപ്പപ്പോള്‍ ഓണ്‍ലൈനായി കണ്‍ട്രോള്‍ റൂമിലേയ്ക്ക് അയയ്ക്കാനുള്ള സംവിധാനവും ഇതിനുണ്ട്.
Abudhabi Police Car
കാര്‍ പ്രേമികള്‍ക്ക് ലൈക്കന്‍ ഹൈപ്പര്‍ സ്പോര്‍ടിനെ മുന്‍പരിചയമുണ്ടാകും. ഹോളിവുഡ് ബ്ലോക്ക്ബസ്റ്ററായ ഫാസ്റ്റ് ആന്‍ഡ് ഫ്യുരിയസ് 7 ല്‍ വിന്‍ഡീസല്‍ ഒരു കെട്ടിടത്തിനു മുകളില്‍ നിന്ന് അടുത്തതിലേയ്ക്ക് ചാടി രക്ഷപെടുന്നത് ലൈക്കന്‍ ഹൈപ്പര്‍സ്പോര്‍ടിലാണ്. ഇപ്പോള്‍ യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന ലെബനന്‍ ആസ്ഥാനമായ ഡബ്ല്യു മോട്ടോഴ്‌സ് ആണ് ഈ ലിമിറ്റഡ് എഡിഷന്‍ കാറിന്റെ നിര്‍മാതാക്കള്‍. ഇത്തരത്തിലുള്ള ഏഴെണ്ണം മാത്രമേ നിര്‍മിക്കുന്നുള്ളൂ. ഈ മോഡലിനെ കാണാന്‍ കിട്ടുന്നതുപോലും ഭാഗ്യമെന്നു ചുരുക്കം. വിലയുടെ കാര്യത്തില്‍ ലോകത്തിലെ മൂന്നാം സ്ഥാനം ഈ കാറിനാണ്.
Abudhabi Police Car
ലൈക്കന്‍ ഹൈപ്പര്‍സ്പോര്‍ടിന്റെ 3.7 ലീറ്റര്‍ , ആറ് സിലിണ്ടര്‍ ,ഇരട്ട ടര്‍ബോ ചാര്‍ജര്‍ പെട്രോള്‍ എന്‍ജിന് 740 ബിഎച്ച്പി -960 എന്‍എം ആണ് കരുത്ത്. ആറ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗീയര്‍ബോക്സ്. മണിക്കൂറില്‍ 100 കിമീ വേഗമെടുക്കാന്‍ വേണ്ടത് വെറും 2.8 സെക്കന്‍ഡ്. 385 കിമീ / മണിക്കൂര്‍ ആണ് പരമാവധി വേഗം. നിസാന്‍ ജിടി ആര്‍ , ഷെവര്‍ലെ കമാരോ മോഡലുകളാണ് അബുദാബി പൊലീസ് വാഹനങ്ങളിലെ മറ്റു പ്രധാനികള്‍ .







Related Stories







TOP

Designed and developed by EGGS