Home  >  Xtreme Machine  >   Xtreme Machine Details
ഏറ്റവും വിലകൂടിയ ബൈക്ക്
അലന്‍ ഹാഷിം
Posted on: Monday, Feb 16, 2015   5:00 PM



പുറത്തിറങ്ങും മുമ്പുതന്നെ ബൈക്ക് പ്രേമികളുടെ ചൂടന്‍ സംസാരവിഷയം ആയിരിക്കുകയാണ് ഫിലൈന്‍ വണ്‍ . ഒന്നും വെറുതയെല്ല , ലോകത്തിലേയ്ക്കും വിലപിടിപ്പുള്ള ബൈക്ക് എന്ന മേല്‍വിലാസവുമായാണ് അടുത്തവര്‍ഷം ഈ സൂപ്പര്‍ ബൈക്ക് വിപണിയിലെത്തുക. ഫ്രഞ്ച് ഡിസൈനറായ യാക്യൂബ ഗാലയുടെ ഫിലൈന്‍‍ മോട്ടോര്‍സൈക്കിള്‍സാണ് ഈ തകര്‍പ്പന്‍ ബൈക്ക് ഒരുക്കുന്നത്.
Feline One
സ്വിറ്റ്സര്‍ലന്റിലെ നിര്‍മാണശാലയില്‍ നാല് വര്‍ഷമായി ഫിലൈന്‍‍ വണ്ണിന്റെ പണികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. നിര്‍മാണഘടകങ്ങളും ഡിസൈനുമൊക്കെ അത്യാധുനികമാണ്. ഡിസൈന്‍ ഉരുത്തിരിച്ചെടുത്തത് പുള്ളിപ്പുലിയുടെ രൂപത്തില്‍ നിന്നാണ്.


Feline One
ബോഡി ഭാരം പരമാവധി കുറയ്ക്കുന്നതിനായി ഷാസി , ഫ്രണ്ട് ഫോര്‍ക്ക് , പിന്നിലെ സ്വിങ് ആം , റിമ്മുകള്‍ , ഫെയറിങ് എന്നിവയുടെ നിര്‍മാണത്തില്‍ കാര്‍ബണ്‍ ഫൈബര്‍ കൂടുതലായി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വിമാനങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന ബലപ്പെടുത്തിയ അലുമിനിയം , ടൈറ്റാനിയം എന്നീ ലോഹങ്ങളും ഉപയോഗിക്കുന്നു. അതുകൊണ്ടുതന്നെ 155 കിലോഗ്രാം മാത്രമാണ് ഭാരം. പിന്‍ ചക്രത്തിന് മോണോ ഷോക്ക് സസ്പെന്‍ഷനാണ്. ഇത് ഒരു വശത്ത് മാത്രമുള്ള സ്വിങ് ആമുമായി ബന്ധിപ്പിച്ചിരിക്കുന്നു.
Feline one
എന്‍ജിന്‍ നിര്‍മാതാക്കളെപ്പറ്റിയുള്ള വിവരം കമ്പനി പുറത്തുവിട്ടിട്ടില്ല. 170 ബിഎച്ച്പി കരുത്തുള്ളതാണ് ഫിലൈന്‍ വണ്ണിന്റെ 801 സിസി , മൂന്ന് സിലിണ്ടര്‍ , ഫോര്‍ സ്ട്രോക്ക് എന്‍ജിന്‍ . ആറ് സ്പീഡാണ് ഗീയര്‍ബോക്സ് . പൂര്‍ണ്ണമായും ഡിജിറ്റലായ ആധുനിക ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ ഏറെ ആകര്‍ഷകമാണ്.


Feline One
2016 തുടക്കത്തില്‍ വിപണിയിലെത്തുന്ന ഫിലൈന്‍ വണ്ണിന്റെ ആകെ ഉത്പാദനം 50 എണ്ണം മാത്രമാണ്. ഇനി ലോകത്തിലെ ഏറ്റവും വിലകൂടിയ ബൈക്കിന്റെ വില കൂടി അറിഞ്ഞോളൂ , 2.80 ലക്ഷം ഡോളര്‍ ( ഏകദേശം 1.75 കോടി രൂപ ).

കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഫോട്ടോ ഗ്യാലറി


>



Related Stories







TOP