Home  >  Auto 2 Truck  >  Auto 2 Truck Details
റോഡ് നിര്‍മാണ ഉപകരണ രംഗത്തേക്ക് മഹീന്ദ്ര
സ്വന്തം ലേഖകന്‍
Posted on: Thursday, Oct 05, 2017   10:00 AM



പ്രമുഖ വാഹനനിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര റോഡ് നിര്‍മാണ ഉപകരണ രംഗത്തേക്ക്. മഹീന്ദ്ര റോഡ് മാസ്റ്റര്‍ 75 എന്ന മോട്ടോര്‍ ഗ്രേഡര്‍ അവതരിപ്പിച്ചാണ് കമ്പനി പുതിയ മേഖലയിലേയ്ക്ക് കടന്നത്. പുണെയിലെ ചകന്‍ പ്ലാന്റിലാണ് മോട്ടോര്‍ ഗ്രേഡറിന്റെ നിര്‍മാണം.


റോഡ് നിര്‍മാണ കരാറുകാരെ ഉദ്ദേശിച്ചു വിപണിയിലിറക്കിയ മോട്ടോര്‍ ഗ്രേഡര്‍ സ്‌പ്രെഡിങ്, ഗ്രേഡിങ് എന്നിവയ്ക്ക്  ഉപയോഗിക്കാനാവും വിധം ഇന്ത്യയില്‍ രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചതാണെന്ന് കമ്പനി ഓട്ടോമോട്ടീവ് വിഭാഗം പ്രസിഡന്റ് രാജന്‍ വധേര പറഞ്ഞു. ഈ രംഗത്ത് നിലവിലുള്ള സാങ്കേതികോപകരണങ്ങളുടെ പരിമിതികള്‍ മറികടക്കുകയും പരമാവധി പ്രയോജനം ലഭ്യമാക്കുകയുമാണ് തങ്ങളുടെ  ലലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.


സംസ്ഥാന, ദേശീയ പാതകളുടെ വീതികൂട്ടല്‍,  ചെറുകിട ഇടത്തരം റോഡുകളുടെ നിര്‍മാണം എന്നിവയക്ക് ഏറ്റവും അനുയോജ്യമായ രീതിയിലാണ് ഗ്രേഡര്‍ വികസിപ്പിച്ചിട്ടുള്ളതെന്ന് നിര്‍മാണോപകരണങ്ങളുടെയും ബസ് ട്രക് വിഭാഗത്തിന്റെയും സിഇഒ വിനോദ് സഹായ് പറഞ്ഞു.
Mahindra RoadMaster 75
മഹീന്ദ്ര തന്നെ വികസിപ്പിച്ച 82 ബിഎച്ച്പി, ഡി ഐ ടെക് 3532 സിസി, നാല് സിലിണ്ടര്‍ , ടര്‍ബോചാര്‍ജ്ഡ്, ഇന്റര്‍കൂള്‍ഡ് ഡീസല്‍‍ ) എന്‍ജിനാണ് ജി 75 ന് കരുത്ത് പകരുന്നത്. മൂന്നുമീറ്റര്‍ ( പത്ത് അടി) വീതി ഇതിന്റെ ബ്ലേഡിനുണ്ട്. പരമ്പരാഗത ഉപകരണങ്ങളെ അപേക്ഷിച്ച് പരമാവധി 33 ശതമാനമാണ് ഇതിന്റെ ഗ്രേഡിങ് ശേഷി. ഒരു മണിക്കൂര്‍ പ്രവര്‍ത്തനത്തിന് 4.5 ലീറ്റര്‍ ഡീസല്‍ മതിയാകുമെന്ന് നിര്‍മാതാക്കള്‍ പറയുന്നു.


മണിക്കൂര്‍ പരിധിയില്ലാതെ ഒരുവര്‍ഷ വാറന്റി കമ്പനി വാഗ്ദാനം ചെയ്യുന്നു. അറ്റകുറ്റപ്പണിയ്ക്കും പരിപാലനത്തിനും ചെലവ് ഏറുമെന്ന ആശങ്കക്ക് ഇത് പരിഹാരമാവുമെന്ന് കമ്പനി അറിയിച്ചു. പരുക്കന്‍ സാഹചര്യങ്ങളില്‍ ആറായിരം മണിക്കൂര്‍ പരീക്ഷണ ജോലികള്‍ക്ക് ശേഷമാണ് ഗ്രേഡറിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്.



Related Stories







TOP

Untitled Document