Home  >  Auto 2 Truck  >  Auto 2 Truck Details
മഹീന്ദ്ര ജീത്തോ മിനി വാന്‍
സ്വന്തം ലേഖകന്‍
Posted on: Tuesday, Jul 18, 2017   7:00 PM



ഇന്ത്യയിലെ പ്രമുഖ യൂട്ടിലിറ്റി- കൊമേഴ്സ്യല്‍ വാഹനനിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ പുതിയ മോഡലായ ജീത്തോ മിനി വാന്‍ കേരളത്തില്‍ വില്‍പ്പനയ്ക്കെത്തി. വില്‍പ്പന വിജയം നേടിയ മിനി ട്രക്കായ ജീത്തോയുടെ പ്ലാറ്റ്ഫോമില്‍ നിര്‍മിച്ച മിനി വാന്‍ നഗരങ്ങളിലെ അവസാനഘട്ട യാത്രകള്‍ക്കായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പെട്രോള്‍ , ഡീസല്‍ , സിഎന്‍ജി ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വകഭേദങ്ങള്‍ ജീത്തോ മിനി വാനിനുണ്ട്. സെമി ഹാര്‍ഡ് ടോപ്പ് , ഹാര്‍ഡ് ടോപ്പ് ബോഡി വകഭേദങ്ങളും ഇതിനുണ്ട്. എറണാകുളത്തെ എക്സ്‍ഷോറൂം വില 3.43 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു.
Jeeto Mini Van
ജീത്തോ മിനി വാനിന്റെ 625 സിസി, ഒരു സിലിണ്ടര്‍ , എം ഡ്യൂറാ, ഡയറക്ട് ഇന്‍ജക്ഷന്‍ , ബിഎസ് 4 ഡീസല്‍ എന്‍ജിന് 16 ബിഎച്ച്പി-38 എന്‍എം ആണ് ശേഷി. എല്ലാത്തരം റോഡ് സാഹചര്യങ്ങളിലും മികച്ച പ്രകടനം ഉറപ്പാക്കും വിധം നിര്‍മിച്ച എന്‍ജിന്‍ ഈ വിഭാഗത്തിലെ ഏറ്റവും നല്ല ഇന്ധനക്ഷമതയും നല്‍കുന്നു. ലിറ്ററിന് 26 കിലോമീറ്റര്‍ മൈലേജ് ലഭിക്കും. നാല് സ്പീഡ് മാന്വല്‍ ആണ് ഗീയര്‍ബോക്സ്.
Jeeto Mini Van
മുച്ചക്ര യാത്രാവാഹനങ്ങളുടെ ഉപഭോക്താക്കള്‍ക്ക് കൂടുതതല്‍ സൗകര്യങ്ങളും സുരക്ഷയും ഇന്ധനക്ഷമതയമുള്ള നാല് ചക്രവാഹനത്തിലേയ്ക്ക് മാറാനുള്ള നല്ലൊരു അവസരമാണ് ജീത്തോ വാന്‍ നല്‍കുന്നതെന്ന് കൊച്ചിയില്‍ മോഡല്‍ അവതരണച്ചടങ്ങില്‍ പങ്കെടുത്ത മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓട്ടോമോട്ടീവ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റ് വീജെയ് റാം നക്ര പറഞ്ഞു.


Jeeto Mini Van
നഗരങ്ങളിലെ ഇടുങ്ങിയ വഴികളിലൂടെയുള്ള ഓട്ടത്തിന് സഹായകമായ ഒതുക്കമുള്ള ബോഡി ഘടനയും മികവുള്ള സ്റ്റിയറിങ്ങും ജീത്തോ മിനി വാനിനുണ്ട്. 2,250 മിമീ എന്ന അളവിലുള്ള നീളമേറിയ വീല്‍ബേസ് വാഹനത്തിനു മെച്ചപ്പെട്ട സ്ഥിരത ഉറപ്പാക്കും. ആകര്‍ഷകമാണ് രൂപം. കാറുകളുടേതുപോലെയുള്ള ഡാഷ്ബോര്‍ഡ്. ഗീയര്‍മാറ്റം അനായാസമാക്കുന്നതിന് ഡാഷ്ബോര്‍ഡില്‍ ഗീയര്‍ ലിവര്‍ ഉറപ്പിച്ചിരിക്കുന്നു. ബക്കറ്റ് സീറ്റുകളാണ് ഡ്രൈവര്‍ക്കും മുന്നിലെ യാത്രക്കാരനും. പിന്നിലെ ബെഞ്ച് സീറ്റില്‍ മൂന്ന് പേര്‍ക്കിരിക്കാം. എല്ലാ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നല്‍കിയിട്ടുണ്ട്.
Jeeto Mini Van
രണ്ട് വര്‍ഷം അല്ലെങ്കില്‍ 40, 000 കിലോമീറ്റര്‍ ( ഏതാണോ ആദ്യം തികയുന്നത് വരെ) വാറന്റി ജീത്തോ മിനി വാനിനുണ്ട്. സണ്‍റൈസ് റെഡ് , അള്‍ട്രാ മറൈന്‍ ബ്ലൂ, ഡയമണ്ട് വൈറ്റ് എന്നീ ആകര്‍ഷകമായ നിറങ്ങളില്‍ മിനി വാന്‍ ലഭ്യമാണ്. ജീത്തോ മിനിവാനിന്റെ വിവിധ വകഭേദങ്ങള്‍ ഘട്ടം ഘട്ടമായാണ് വിപണിയില്‍ അവതരിപ്പിക്കുന്നത്. ആദ്യ ഘട്ടത്തില്‍ സെമി ഹാര്‍ഡ് ടോപ് ബോഡിയുള്ള ഡീസല്‍ വകഭേദമാണ് പുറത്തിറക്കുക. വരുന്ന ഏതാനും മാസങ്ങള്‍ക്കകം ഹാര്‍ഡ് ടോപ്പുള്ള സിഎന്‍ജി, ഡീസല്‍ വകഭേദങ്ങളും സെമി ഹാര്‍ഡ് ടോപ്പുള്ള സിഎന്‍ജി പെട്രോള്‍ വകഭേദങ്ങളും വിപണിയിലെത്തും.
Jeeto Mini Van
ടാറ്റ ഐറിസുമായാണ് ജീത്തോ മിനി വാന്‍ മത്സരിക്കുന്നത്. എതിരാളിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 20,000 രൂപ വിലക്കുറവ് മഹീന്ദ്ര മിനി വാനിനുണ്ട്. 



Related Stories







TOP


Car Bike








Designed and developed by EGGS
Untitled Document