Home  >  Auto 2 Truck  >  Auto 2 Truck Details
ടാറ്റ മോട്ടോഴ്സിന്റെ പുതിയ പിക്ക് അപ്പ് ട്രക്ക് - സീനോണ്‍ യോദ്ധ
മധു മധുരത്തില്‍
Posted on: Wednesday, Jan 04, 2017   10:00 AM



ടാറ്റ മോട്ടോഴ്സിന്റെ പുതിയ പിക്ക് അപ്പ് ട്രക്ക് - സീനോണ്‍ യോദ്ധ വിപണിയിലെത്തി. പുതുവര്‍ഷം ടാറ്റ അവതരിപ്പിച്ച ആദ്യ മോഡലാണിത്. സിംഗിള്‍ ,ഡബിള്‍ ക്യാബ് വകഭേദങ്ങളുള്ള കൊമേഴ്സ്യല്‍ വാഹനത്തിന് 6.05 ലക്ഷം രൂപ മുതലാണ് ഡല്‍ഹി എക്സ്‍ഷോറൂം വില. ടാറ്റ കൊമേഴ്സ്യല്‍ വാഹനങ്ങളുടെ ബ്രാന്‍ഡ് അംബാസഡറായി ചുമതലയേറ്റ ബോളിവുഡ് താരം അക്ഷയ് കുമാറാണ് സീനോണ്‍ യോദ്ധയെ വിപണിയില്‍ അവതരിപ്പിച്ചത്.


ടാറ്റ 207 ന്റെ പിന്‍ഗാമിയായി എത്തിയ സീനോണ്‍ ശ്രേണിയിലെ പുതിയ വാണിജ്യവാഹനമാണ് സീനോണ്‍ യോദ്ധ. ഇതിന് ബിഎസ് 3 , ബിഎസ് 4 വേരിയന്റുകളുണ്ട്. മൂന്ന് ലിറ്റര്‍ ഡീസല്‍ എന്‍ജിന് ബിഎസ് 3 മോഡലില്‍ 72 ബിഎച്ച്പി -223 എന്‍എം ആണ് ശേഷി. ബിഎസ് 4 മോഡലില്‍ ഇത് 85 ബിഎച്ച്പി -250 എന്‍എം. അഞ്ച് സ്പീഡ് മാന്വല്‍ ടൈപ്പാണ് ഗീയര്‍ബോക്സ്.
Tata Xenon Yodha
കൃഷി ആവശ്യങ്ങള്‍ക്കും പാല്‍, മീന്‍ , കോഴി തുടങ്ങിയവയെ കൊണ്ടുപോകുന്നതിനും കണ്‍സ്ട്രക്ഷന്‍ സൈറ്റുകളിലെ ഉപയോഗത്തിനും അനുയോജ്യമാണ് ടാറ്റയുടെ പുതിയ പിക്ക് അപ്പ് ട്രക്ക്. 210 മിമീ ഗ്രൗണ്ട് ക്ലിയറന്‍സ് മോശമായ റോഡുകളിലൂടെയുള്ള യാത്രയ്ക്കും സീനോണ്‍ യോദ്ധയെ അനുയോഗ്യമാക്കുന്നു.മുന്നില്‍ അഞ്ച് ലീഫുകളും പിന്നില്‍ ഒമ്പത് ലീഫുകളും അടങ്ങുന്നതാണ് സസ്പെന്‍ഷന്‍ . 


രണ്ട് വീല്‍ ഡ്രൈവ് , നാല് വീല്‍ ഡ്രൈവ് വകഭേദങ്ങള്‍ സീനോണ്‍ യോദ്ധയ്ക്കുണ്ട്. കൂടുതല്‍ ഭാരം വഹിക്കാനാവും വിധം വീതിയേറിയ 16 ഇഞ്ച് റേഡിയല്‍ ടയറുകളാണ് പിക്ക് അപ്പ് ട്രക്കിനുള്ളത്. 1,250 കിലോഗ്രാമാണ് പേലോഡ് കപ്പാസിറ്റി. ലോഡ് ബോഡിയ്ക്ക് 2.55 മീറ്റര്‍ നീളവും 1.75 മീറ്റര്‍ വീതിയുമുണ്ട്.
Tata Xenon Yodha
സര്‍വീസ് ഇടവേള 20,000 കിലോമീറ്ററാണ്. വാഹനത്തിന്റെ പരിപാലനച്ചെലവ് ഇത് കുറയ്ക്കുന്നു. മൂന്ന് ലക്ഷം കിലോമീറ്റര്‍ അല്ലെങ്കില്‍ മൂന്ന് വര്‍ഷം വാറന്റി ( ഏതാണോ ആദ്യം) സീനോണ്‍ യോദ്ധയ്ക്ക് കമ്പനി നല്‍കുന്നുണ്ട്.



Related Stories







TOP


Car Bike








Designed and developed by EGGS
Untitled Document