Home  >  Auto 2 Truck  >  Auto 2 Truck Details
ആദ്യത്തെ ഇന്ത്യന്‍ നിര്‍മിത ഇലക്ട്രിക് ബസ്
ഡാനി ഏബ്രഹാം
Posted on: Tuesday, Oct 18, 2016   10:00 AM



ഇന്ത്യയില്‍ നിര്‍മിച്ച ആദ്യത്തെ ഇലക്ട്രിക് ബസ് അശോക് ലൈലന്റ് പുറത്തിറക്കി. ഇന്ത്യന്‍ റോഡ് സാഹചര്യങ്ങള്‍ക്കിണങ്ങും വിധം രൂപകല്‍പ്പന ചെയ്ത ബസിന് സര്‍ക്യൂട്ട് എന്നാണ് പേരിട്ടിരിക്കുന്നത്.


അശോക് ലൈലന്റിന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് ബസ് നിര്‍മാണ വിഭാഗമായ ഒപ്റ്റെയര്‍ ആണ് സര്‍ക്യൂട്ട് നിര്‍മിച്ചത്. ഡ്രൈവര്‍ അടക്കം 35 പേര്‍ക്കിരിക്കാവുന്ന ബസിന് മണിക്കൂറില്‍ 75 കിമീ വരെ വേഗമെടുക്കാന്‍ കഴിയും. ലിതിയം അയോണ്‍ ബാറ്ററി ഉപയോഗിക്കുന്ന ബസ് ഒറ്റ ചാര്‍ജിങ്ങില്‍ 120 കിമീ വരെ ഓടും. ബസിന്റെ ഇലക്ട്രിക് മോട്ടോറിന്റെ കരുത്ത് പ്രൊപ്പല്ലര്‍ ഷാഫ്ട് വഴി ഡിഫറന്‍ഷ്യലിലേയ്ക്ക് പകരുന്നു. ഓട്ടോമാറ്റിക്കാണ് ഗീയര്‍ബോക്സ്.
Ashok Leyland electric bus
പൂര്‍ണ്ണമായും ഇലക്ട്രോണിക് നിയന്ത്രണത്തിലാണ് ബസ്. തീ പിടുത്തം തിരിച്ചറിഞ്ഞ് അത് ഒഴിവാക്കാനുള്ള സംവിധാനം ബസിലുണ്ട്. വാഹനത്തിന്റെ വിവിധ വിവരങ്ങള്‍ ഡിജിറ്റല്‍ ഡിസ്പ്ലേയില്‍ തെളിയും. യാത്രക്കാരുടെ സൗകര്യാര്‍ഥം യുഎസ്ബി ഫോണ്‍ ചാര്‍ജിങ് പോയിന്റുകളും വൈ ഫൈയും ബസില്‍ ഒരുക്കിയിട്ടുണ്ട്. ശബ്ദ - വായു മലീനീകരണം ഉണ്ടാക്കില്ലെന്നതാണ് ഇലക്ട്രിക് ബസിന്റെ ഏറ്റവും വലിയ മെച്ചം.


അശോക് ലൈലന്റിന്റെ ഇലക്ട്രിക് ബസിന്റെ 40 ശതമാനമാണ് തദ്ദേശീയമായി നിര്‍മിക്കുന്നത്. ബസിന്റെ പ്രധാന ഭാഗമായ ബാറ്ററി യുഎസ് ആസ്ഥാനമായ കമ്പനിയില്‍ നിന്ന് ഇറക്കുമതി ചെയ്തതാണ്. ബസിന് ഒന്നര കോടി രൂപ മുതലാണ് വില . ബസിന്റെ നിര്‍മാണചെലവിന്റെ 60 ശതമാനവും ബാറ്ററിയുടെ വിലയാണ്. ബാറ്ററിയ്ക്ക് അഞ്ച് മുതല്‍ ഏഴ് വര്‍ഷം വരെ ആയുസ് ലഭിക്കുമെന്ന് കമ്പനി പറയുന്നു. നിലവില്‍ രാജസ്ഥാനിലെ ആള്‍വാറിലെയും തമിഴ്‍നാട്ടിലെ വിരാലിമലൈയിലെയും അശോക് ലൈലന്റ് പ്ലാന്റില്‍ ബസ് നിര്‍മിക്കുന്നുണ്ട്.



Related Stories







TOP


Car Bike








Designed and developed by EGGS
Untitled Document