Home  >  Auto 2 Truck  >  Auto 2 Truck Details
ടാറ്റ 407 നോട് മത്സരിക്കാന്‍ എയ്ഷര്‍ പ്രോ 1049
സ്വന്തം ലേഖകന്‍
Posted on: Tuesday, Apr 26, 2016   2:00 PM



അ‍ഞ്ച് ടണ്ണില്‍ താഴെയുള്ള ലൈറ്റ് കൊമേഴ്സ്യല്‍ വാഹന വിപണിയില്‍ ടാറ്റ 407 ഇഎക്സ് പിക്ക് അപ്പ് , മഹീന്ദ്ര ഡിഐ 3200 മോഡലുകള്‍ക്ക് എതിരാളിയായി എയ്ഷര്‍  പ്രോ 1049 വിപണിയിലെത്തി. ഈ വിഭാഗത്തില്‍ എയ്‍ഷറിന്റെ ആദ്യ മോഡലാണിത്.


കോഴി, ഗ്യാസ് സിലിണ്ടര്‍ , പഴം, പച്ചക്കറി , കുപ്പി വെള്ളം എന്നിവയുടെ വിതരണത്തിന് അനുയോജ്യമായ വിധമാണ് എയ്ഷര്‍ പ്രോ 1049 ഒരുക്കിയിരിക്കുന്നത്. ഈ വിഭാഗത്തിലെ ഏറ്റവും നീളമേറിയ കാര്‍ഗോ ബോഡി എയ്ഷര്‍ മിനി ട്രക്കിന്റേതാണ്. പത്ത് അടിയാണ് കാര്‍ഗോ ബോഡിയുടെ നീളം. പേ ലോഡ് കപ്പാസിറ്റി 4.9 ടണ്‍ . ഇതും എതിരാളികളെക്കാള്‍ കൂടുതലാണ്.
Eicher Pro 1049
ബിഎസ് 3 , ബിഎസ് 4 വേരിയന്റുകളുള്ള എയ്ഷര്‍ പ്രോ 1049 ന് ഏഴ് ലക്ഷം രൂപ - എട്ട് ലക്ഷം രൂപയാണ് വില. ടാറ്റയുടെയും മഹീന്ദ്രയുടെയും മോഡലുകളെക്കാള്‍ അഞ്ച് ശതമാനത്തോളം അധികമാണ് എയ്ഷര്‍ മിനി ട്രക്കിന്റെ വില. എന്നാല്‍ ട്രക്കിന്റെ മികച്ച ഇന്ധനക്ഷമത, കൂടിയ പേ ലോഡ് കപ്പാസിറ്റി എന്നിവ അധികം മുടക്കുന്ന കാശിന് ലാഭം നേടിത്തരുമെന്ന് കമ്പനി അവകാശപ്പെടുന്നു.


എയ്ഷറിന്റെ ഇ 483 എന്‍ജിനാണ് പ്രോ 1049 ന് ഉപയോഗിക്കുന്നത്. 95 ബിഎച്ച്പി -285 എന്‍എം ആണ് എന്‍ജിന്‍ ശേഷി. ഗീയര്‍ ബോക്സ് അഞ്ച് സ്പീഡ് മാന്വല്‍ ആണ്. പവര്‍ സ്റ്റിയറിങ്ങിന്റെ ചെരിവും ഉയരവും ക്രമീകരിക്കാനാവും. ഒരു വര്‍ഷം കിലോമീറ്റര്‍ കണക്കിലെടുക്കാതെയുള്ള വാറന്റി ട്രക്കിനുണ്ട്. എന്‍ജിനും ഗീയര്‍ ബോക്സിനും കിലോമീറ്റര്‍ കണക്കിലെടുക്കാതെ മൂന്നു വര്‍ഷം വാറന്റി ലഭിക്കും.






Related Stories







TOP


Car Bike








Designed and developed by EGGS
Untitled Document